Latest News

രാജ്യത്തെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പിന്നിലെന്താണ്?

രാജ്യത്തെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പിന്നിലെന്താണ്?
X

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ രോഗചികില്‍സയില്‍ പ്രധാന ഇനമായ ഓക്‌സിജന്റെ ക്ഷാമവും രൂക്ഷമായി. ഇക്കാര്യത്തില്‍ ഏറ്റവും പ്രശ്‌നം അനുഭവിച്ച സംസ്ഥാനം ഡല്‍ഹിയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഇതുപോലെ ഓക്‌സിജന്‍ ക്ഷാമം നേരിട്ടിരുന്നെങ്കിലും ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമമാണ് ഏറെ രൂക്ഷമായതും ജനശ്രദ്ധ പിടിച്ചുപറ്റിയതും. വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് രാജ്യം താമസിയാതെ 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉടന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാവശ്യമായ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു.

ഓക്‌സിജന്‍ ആവശ്യമായ ആശുപത്രിക്കിടക്കകളില്‍ ഓക്‌സിജന്‍ സമയത്ത് ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഉദ്പാദനം നടക്കുന്ന ഫാക്ടറികള്‍ ഒരിടത്തും ആവശ്യം മറ്റൊരിടത്തും- ഓക്‌സിജന്‍ വിതരണത്തിലെ ആസൂത്രണമില്ലായ്മയാണ് ഇതില്‍ മുഖ്യം. രാജ്യതലസ്ഥാനത്തെ നിരവധി ആശുപത്രികള്‍ ഇതിനകം ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ട് പൂട്ടിക്കഴിഞ്ഞു. രാജ്യത്ത് പലയിടങ്ങളിലും ഓക്‌സിജന്‍ സിലിണ്ടര്‍ കള്ളക്കടത്തുപോലും തുടങ്ങിയെന്ന വാര്‍ത്തയും പുറത്തുവന്നുകഴിഞ്ഞു.

രാജ്യത്ത് ആകെ 5000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിനാണ് ആവശ്യമായിട്ടുള്ളത്. ഏപ്രില്‍ 12 ന് ഇന്ത്യയുടെ ഓക്‌സിജന്‍ ആവശ്യകത വെറും 3,842 മെട്രിക് ടണ്ണാണ്. കൊവിഡ് വ്യാപനവും കണക്കിലെടുത്തുകൊണ്ടുള്ള അളവാണ് ഇത്. എന്നാല്‍ രാജ്യത്തെ നിലവിലുള്ള ഓക്‌സിജന്‍ ഉദ്പാദനം 7,000 മെട്രിക് ടണ്ണാണ്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നാണ് ഇതിന്റെ അര്‍ത്ഥം. ഓക്‌സിജന്റെ വിതരണത്തിലുള്ള ആസൂത്രണമില്ലായ്മയാണ് ക്ഷാമത്തിന്റെ പ്രധാനകാരണം.

ഡല്‍ഹിയുടെ കാര്യമെടുത്താന്‍ സംസ്ഥാനത്ത് ഒരൊറ്റ ഓക്‌സിജന്‍ പ്ലാന്റുപോലുമില്ല. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഡല്‍ഹിക്കാവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നത്. അതില്‍ പലതും 1,000 കിലോമീറ്റര്‍ അകലെ നിന്നു വരണം. പ്രാദേശിക ആവശ്യകത കൂടിയതോടെ അവിടേക്ക് അയക്കുന്ന ഓക്‌സിജന്‍ സംസ്ഥാനങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങി. 378 ടണ്‍ ലഭിക്കേണ്ട ഡല്‍ഹിയിലേക്ക് ലഭിച്ച ഓക്‌സിജന്റെ അളവ് 177 ടണ്ണായിരുന്നു. നേരത്തെക്കണ്ട് ആസൂത്രണം ചെയ്തില്ലെന്നതും ഒരു പ്രശ്‌നമായിരുന്നു.

ഡല്‍ഹിക്കു പുറമെ മഹാരാഷ്ട്രയാണ് ക്ഷാമം അനുഭവിക്കുന്ന മറ്റൊരു സംസ്ഥാനം. മഹാരാഷ്ട്രയുടെ ഓക്‌സിജന്‍ ആവശ്യകത പ്രാദേശിക തലത്തിലുള്ള ഉദ്പാദനവും കടന്ന് ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. 1,250 ടണ്‍ ഓക്‌സിജനാണ് മഹാരാഷ്ട്ര ഉദ്പാദിപ്പിക്കുന്നത്. സംസ്ഥാനത്ത് സജീവ രോഗികളുടെ എണ്ണം 6.38 ലക്ഷമായതോടെ ഓക്‌സിജന്‍ ആവശ്യമായവരുടെ എണ്ണം 60,000-65,000ത്തോളമായി. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര 50 ടണ്‍ ഓക്‌സിജന്‍ ഛത്തിസ്ഗഢില്‍ നിന്നും 50 ടണ്‍ ഗുജറാത്തില്‍ നിന്നും പ്രതിദിനം ഇറക്കുമതി ചെയ്യുന്നുണ്ട്. 100 ടണ്‍ ജാംനഗറിലെ റിലയന്‍സ് പ്ലാന്റില്‍ നിന്നും ലഭിക്കും.

മധ്യപ്രദേശില്‍ ഏപ്രില്‍ 16ാം തിയ്യതിയിലെ കണക്കനുസരിച്ച് 59,193 സജീവ രോഗികളുണ്ട്. അന്ന് ആവശ്യമായ ഓക്‌സിജന്റെ അളവ് 250 ടണ്ണായിരുന്നു. മധ്യപ്രദേശിന് സ്വന്തമായ പ്ലാന്റില്ല. ഗുജറാത്ത്, ഛത്തിസ്ഗഢ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്് ഇറക്കുമതി ചെയ്യുകയാണ് പതിവ്. പക്ഷേ, അവിടങ്ങളില്‍ ഓക്‌സിജന്റെ പ്രാദേശിക ഡിമാന്റ് വര്‍ധിച്ചതോടെ അത് ലഭ്യമല്ലാതായി. ഇപ്പോള്‍ ഗുജറാത്തില്‍ 500 ടണ്ണാണ് പ്രതിദിനം വേണ്ടത്.

കൊവിഡിന്റെ സാഹചര്യത്തില്‍ ഓക്‌സിജന്‍ ആവശ്യമായേക്കാവുന്ന സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രം ഒരു എംപവര്‍ കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഓക്‌സിന്‍ ക്ഷാമം അനുഭവിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക, യുപി, ഡല്‍ഹി, ഛത്തിസ്ഗഢ്, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. ഓക്‌സിജന്‍ ആവശ്യത്തിലധികമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് ബാച്ചുകളിലായി 17,000 ടണ്‍ ഓക്‌സിജന്‍ ഈ 12 സംസ്ഥാനങ്ങളിലേക്ക് ഇതോടകം അയക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ ഗ്രാമീണ മേഖലയില്‍ ഇപ്പോഴും ഓക്‌സിജന്‍ പ്രശ്‌നം രൂക്ഷമാണ്. ചെറിയ നഴ്‌സിങ് ഹോമുകള്‍ പോലുള്ളവര്‍ക്ക് ഓക്‌സിജന്‍ ടാങ്കുകളില്ലാത്തതും പ്രശ്‌നം രൂക്ഷമാകുന്നു. അവരില്‍ പലരും ഓക്‌സിജന്‍ സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്.

സ്റ്റീല്‍, ഉരുക്കു, ആശുപത്രി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലാണ് പ്രധാനമായും ഓക്‌സിജന്‍ ഉപയോഗിക്കുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് ആരോഗ്യരംഗത്തേക്ക് ഓക്‌സിജന്‍ കൂടുതലായി വകയിരുത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് 7000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉദ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഇന്നോക്‌സ് എയര്‍ പ്രൊഡക്റ്റ്‌സ്, ലിന്‍ഡെ ഇന്ത്യ, ഗോയല്‍ എം ജി ഗ്യാസസ് പ്രൈവറ്റ് ലിമിറ്റഡ്, നാഷണല്‍ ഓക്‌സിജന്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് രാജ്യത്തെ പ്രധാന ഓക്‌സിജന്‍ ഉദ്പാദകര്‍. രാജ്യത്തെ 60 ശതമാനം ഓക്‌സിജന്‍ ആവശ്യകതയും ഇതേ കമ്പനികളാണ് നിര്‍വഹിക്കുന്നത്. പല കമ്പനികളും ഓക്‌സിജനു പുറമെ ഇതേ പ്ലാന്റുകളില്‍ തന്നെയാണ് ആര്‍ഗൊണ്‍, നൈട്രജന്‍ ഗ്യാസുകളും ഉദ്പാദിപ്പിക്കുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് അത്തരം പ്ലാന്റുകളില്‍ മറ്റ് വാതകങ്ങളുടെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കയാണ്. ഒന്നാം കൊവിഡ് തരംഗത്തിന്റെ കാലത്ത് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ ഉദ്പാദിപ്പിച്ചിരുന്ന പല പ്ലാന്റുകള്‍ക്കും മെഡിക്കല്‍ ഓക്‌സിജന്‍ ഉദ്പാദിപ്പിക്കാനുള്ളള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതും രാജ്യത്തെ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത വര്‍ധിപ്പിച്ചു.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ 99.5 ശതമാനം ശുദ്ധമായിരിക്കണമെന്നാണ് കണക്ക്. അത് വലിയ ടാങ്കുകളില്‍ ശേഖരിച്ച് ക്രയോജനിക് ടാങ്കറുകളില്‍ മറ്റ് പ്ലാന്റുകളിലെത്തിക്കും. അവരത് ചെറിയ സിലിണ്ടറുകളില്‍ നിറച്ച് ആശുപത്രികള്‍ക്ക് വിതരണം ചെയ്യും.

ഓക്‌സിജന്‍ ആവശ്യകത അധികവും സിലിണ്ടറുകളും ടാങ്കറുകളും കുറവും എന്നതാണ് ഇപ്പോഴത്തെ ഒരു പ്രതിസന്ധി. ഓക്‌സിജന്‍ ശേഖരിക്കുന്ന വലിയ ടാങ്കുകള്‍ക്കും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയക്കുന്ന വാഹനങ്ങള്‍ക്കും ക്ഷാമമുണ്ട്. നിലവിലുളള ഓക്‌സിജന്‍ ഉദ്പാദനം വര്‍ധിപ്പിക്കുക എളുപ്പമല്ല, കാരണം ഒരു പ്ലാന്റ് നിര്‍മിക്കാന്‍ 24 മാസം സമയമെടുക്കും.

ഓക്‌സിജന്‍ കൊണ്ടുപോകുന്നതിന് പ്രത്യേകം തയ്യാറാക്കിയ ക്രയോജനിക് ടാങ്കറുകള്‍ ആവശ്യമാണ്. പക്ഷേ, ഇന്ത്യയില്‍ അത്തരം ടാങ്കറുകള്‍ അധികമില്ല. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തെ ആശുപത്രിക്കിടയ്ക്കക്കരികില്‍ ഓക്‌സിജന്‍ എത്താന്‍ നേരത്തെ 3-5 ദിവസം വേണ്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ 6-8 ദിവസം വേണം. ഗ്രാമീണ മേഖലയിലെ ആശുപത്രികളിലെത്താന്‍ ഇതില്‍ കൂടുതല്‍ സമയമെടുക്കും.

സാധാരണ വിതരണക്കാര്‍ക്ക് ഓക്‌സിജന്‍ ശേഖരിച്ചുവയ്ക്കുന്നതിനുള്ള വലിയ ജംബൊ ടാങ്കുകളും സിലിണ്ടറുകളുമില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു.

ഓക്‌സിജന്‍ കൊണ്ടുവരുന്നതിനുള്ള സമയം വര്‍ധിച്ചതോടെ സിലിണ്ടര്‍ വിലയും വര്‍ധിച്ചിട്ടുണ്ട്. നേരത്തെ 100-150 രൂപയ്ക്ക് ലഭിച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 500-2000 രൂപയാണ്.

ആശുപത്രികള്‍ സ്വന്തമായി ഓക്‌സിജന്‍ ഉദ്പാദിപ്പിക്കുകയാണ് ഇത് മറികടക്കാനുള്ള വഴി. അങ്ങനെ പല ആശുപത്രികളും ചെയ്യുന്നുണ്ട്. മറ്റൊന്ന് ആശുപത്രികളില്‍ വലിയ ടാങ്കുകള്‍ നിര്‍മിച്ച് പത്ത് ദിവസത്തേക്കുള്ള ഓക്‌സിജന്‍ ശേഖരിക്കുകയാണ്.

ഉരുക്ക്, ഇരുമ്പ് നിര്‍മാണക്കമ്പനികളോട് തങ്ങള്‍ ഉദ്പാദിപ്പിക്കുന്ന ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് തിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ഗോണ്‍, നൈട്രജന്‍ ടാങ്കറുകള്‍ ഓക്‌സിജന്‍ ടാങ്കറുകളാക്കി മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓക്‌സിജന്‍ വിതരണത്തിന് സജ്ജീകരണങ്ങളൊരുക്കാന്‍ റയില്‍വേയോടും വ്യോമസേനയോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജര്‍മനിയില്‍ നിന്ന് മൊബൈല്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കുകയും ആവശ്യമായ സമയത്ത് ഉദ്പാദിപ്പിച്ച ഓക്‌സിജന്‍ ആവശ്യമായിടത്ത് എത്തിക്കുകയുമാണ് ഇപ്പോള്‍ വേണ്ടത്. എന്നാല്‍ സംസ്ഥാനങ്ങളെ പരസ്പരം എതിര്‍നിര്‍ത്തുന്നതും സ്പര്‍ധവര്‍ധിപ്പിക്കുന്നതും മോദി ഭരണകൂടത്തിന്റെ പ്രവര്‍ത്തന ശൈലിയായതുകൊണ്ട് അത് സാധ്യമല്ലാതായി. ഫാഷിസം തന്നെയാണ് ഇവിടെയും വില്ലന്‍.

Next Story

RELATED STORIES

Share it