Latest News

ആള്‍ക്കൂട്ടക്കൊലപാതകം; 21 കാരനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ആള്‍ക്കൂട്ടക്കൊലപാതകം; 21 കാരനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ടക്കൊലപാതകം. 21 കാരനായ സുലൈമാന്‍ റഹീം ഖാനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി കൊല ചെയ്യുകയായിരുന്നു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലിസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ജാംനര്‍ താലൂക്കിലെ ഛോട്ടി ബെറ്റാവാഡിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, 9 മുതല്‍ 15 പുരുഷന്മാരടങ്ങിയ ആള്‍ക്കൂട്ടം സുലൈമാനെ ആക്രമിക്കാന്‍ എത്തുകയായിരുന്നു. സുലൈമാന്‍ മറ്റൊരു സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടിയോടൊപ്പം കഫേയില്‍ ഇരിക്കവെയാണ് ആക്രമണം. ശേഷം ആക്രമികള്‍ ഇയാളെ ഒരു വാഹനത്തിലേക്ക് കയറ്റികൊണ്ടു പോവുകയും വിവിധ ഇടങ്ങളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ശേഷം ഇവര്‍ മൃതദേഹം തിരിച്ച് സുലൈമാന്റെ വീടിനു മുമ്പില്‍തന്നെ ഉപേക്ഷിക്കുകയും കൂടാതെ അയാളുടെ മാതാവിനെയും പിതാവിനെയും ഉപദ്രവിക്കുകയും ചെയ്തു.

അടുത്തിടെ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ സുലൈമാന്‍ പോലിസ് റിക്രൂട്ട്മെന്റിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. ആക്രമണം നടന്ന ദിവസം, അപേക്ഷ സമര്‍പ്പിക്കാന്‍ സുലൈമാന്‍ ജാംനറിലേക്ക് പോയിരുന്നു എന്നും അയാളുടെ ബന്ധുക്കള്‍ പറഞ്ഞു.

'എന്റെ മകന്റെ ശരീരത്തില്‍ മുറിവുകളില്ലാതെ ഒരു ഇഞ്ച് പോലും ഉണ്ടായിരുന്നില്ല. അവര്‍ അവനെ മര്‍ദ്ദിച്ചു കൊന്നു. ഞങ്ങള്‍ അവനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, അവര്‍ എനിക്കും എന്റെ ഭാര്യക്കും മകള്‍ക്കും നേരെ അക്രമം നടത്തി. സുലൈമാന്‍ എന്റെ ഏക മകനായിരുന്നു. കുറ്റവാളികള്‍ക്ക് നിയമം നല്‍കാന്‍ കഴിയുന്ന ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നതുവരെ ഞാന്‍ വിശ്രമിക്കില്ല, ' സുലൈമാന്റെ പിതാവ് റഹിം ഖാന്‍ പറഞ്ഞു.അതേസമയം, ഈ കൊലപാതകം ജാംനറില്‍ ഉടനീളം സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം കേസെടുക്കണമെന്ന് ബന്ധുക്കളും സമുദായ നേതാക്കളും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it