Latest News

ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; ഈ മാസം മുതല്‍ 2000 രൂപ

ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; ഈ മാസം മുതല്‍ 2000 രൂപ
X

തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചു. ഈ മാസം ഗുണഭോക്താക്കള്‍ക്ക് മൊത്തം 3,600 രൂപയാണ് നല്‍കുന്നത്. പുതുക്കിയ പെന്‍ഷന്‍ തുകയായ 2,000 രൂപയും കുടിശ്ശികയുടെ ഒരു ഗഡുവായ 1,600 രൂപയും ഉള്‍പ്പെടുത്തിയാണ് വിതരണം. ക്ഷേമപെന്‍ഷന്‍ വിതരണം സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ 1,864 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 1,042 കോടി രൂപ വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിനും 824 കോടി രൂപ കുടിശ്ശിക തീര്‍പ്പാക്കുന്നതിനുമാണ് നീക്കിവെച്ചത്. ഇതോടെ കുടിശ്ശിക മുഴുവന്‍ നല്‍കിയതായാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയപരമായ നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്തിന് നേരിടേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ക്ഷേമപെന്‍ഷനില്‍ അഞ്ചു മാസത്തെ കുടിശികയ്ക്ക് കാരണമായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കുടിശിക വിതരണത്തിനായുള്ള സമയക്രമം മുഖ്യമന്ത്രി 2024 ജൂലയില്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടുഗഡുകളും, ഈ വര്‍ഷം രണ്ടെണ്ണവും നല്‍കിയതിനെ തുടര്‍ന്ന് അവസാന ഗഡുവും ഇപ്പോള്‍ ലഭ്യമാക്കി.

സംസ്ഥാനത്തെ സാര്‍വത്രിക ക്ഷേമപെന്‍ഷന്‍ വ്യവസ്ഥ ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. 62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് മാസാന്തം മുടക്കമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഗുണഭോക്താക്കളില്‍ പകുതി പേര്‍ക്ക് ബാങ്ക് വഴി തുകയും ശേഷിക്കുന്നവര്‍ക്കു സഹകരണ ബാങ്കുകള്‍ മുഖേന വീട്ടിലെത്തിയും പെന്‍ഷന്‍ വിതരണം നടത്തുന്നു. വര്‍ധിപ്പിച്ച പെന്‍ഷനോടെ പ്രതിമാസ ചെലവ് 1,050 കോടി രൂപയോളം ആയി ഉയര്‍ന്നിരിക്കുകയാണ്. വര്‍ഷം തോറും ഏകദേശം 13,000 കോടി രൂപ ആവശ്യമായി വരും.

സര്‍ക്കാര്‍ ഇതുവരെ ക്ഷേമപെന്‍ഷനായി ചെലവഴിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ 35,154 കോടി രൂപ വിതരണം ചെയ്തിരുന്നു. ഒമ്പതര വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ചെലവഴിച്ചതായി കണക്കാക്കുന്നത് 80,671 കോടി രൂപയാണ്. ക്ഷേമപെന്‍ഷനിലെ കേന്ദ്ര വിഹിതം 8.46 ലക്ഷം ഗുണഭോക്താക്കള്‍ക്കുമാത്രമാണ് ലഭിക്കുന്നത്. ഓരോരുത്തര്‍ക്കും ശരാശരി 300 രൂപയോളം ലഭിക്കുന്നു.

Next Story

RELATED STORIES

Share it