Latest News

മെഡിക്കല്‍ കോളജില്‍ ജലവിതരണം പൂര്‍ണമായി പുനസ്ഥാപിച്ചില്ല; ഹോസ്റ്റലുകളില്‍ കടുത്ത പ്രതിസന്ധി

മെഡിക്കല്‍ കോളജില്‍ ജലവിതരണം പൂര്‍ണമായി പുനസ്ഥാപിച്ചില്ല; ഹോസ്റ്റലുകളില്‍ കടുത്ത പ്രതിസന്ധി
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയത്തില്‍ ജലവിതരണം പൂര്‍ണമായി പുനസ്ഥാപിക്കാനായിട്ടില്ല. ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രി, അത്യാഹിത വിഭാഗം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള പമ്പിങ് ഭാഗികമായി പുനരാരംഭിച്ചു. അത്യാവശ്യത്തിനുമാത്രം വെള്ളം ഉപയോഗിക്കണമെന്ന നിര്‍ദേശം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അധികൃതര്‍ നല്‍കി.

കുറ്റിക്കാട്ടൂരില്‍ കലുങ്ക് നിര്‍മാണത്തിനിടെ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് ജലവിതരണം തടസപ്പെടാന്‍ കാരണമായത്. ഇന്നലെ ഉച്ചയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ഓടെ കുറ്റിക്കാട്ടൂരിലെ രണ്ടാമത്തെ പൈപ്പ് ലൈനിലെ ചോര്‍ച്ചയും പരിഹരിച്ച് പമ്പിങ് പുനരാരംഭിച്ചു. വെള്ളിപറമ്പ് ബൂസ്റ്റര്‍ സ്‌റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളജ് ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുകയും ചെയ്തു.

എന്നാല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളും ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജലവിതരണം ഇതുവരെ പൂര്‍വസ്ഥിതിയിലായിട്ടില്ല. വെള്ളം ലഭ്യമല്ലാത്തതിനാല്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഒഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയതായാണ് റിപോര്‍ട്ട്. പിജി വിദ്യാര്‍ഥികള്‍ക്ക് ഉള്ള രണ്ടു ഹോസ്റ്റലുകളില്‍ ഒന്നില്‍ മാത്രമാണ് വെള്ളം എത്തുന്നത്. ജീവനക്കാര്‍ പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇന്ന് ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it