Latest News

സമാധാനാന്തരീക്ഷം തകര്‍ക്കും: ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക്കിന് കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍ സന്ദര്‍ശനവിലക്ക്

സമാധാനാന്തരീക്ഷം തകര്‍ക്കും: ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക്കിന് കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍ സന്ദര്‍ശനവിലക്ക്
X

ഗഡാഗ്: കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍ ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക്കിന് ജില്ലാ ഭരണകൂടം സന്ദര്‍ശനവിലക്കേര്‍പ്പെടുത്തി. മുത്തലിക്കിന്റെ സന്ദര്‍ശനം പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നാരോപിച്ചാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുഹറം ആഘോഷത്തിനിടെ മുസ് ലിം യുവാക്കളെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതികളിലൊരാളായ സോമേഷ് ഗുഡിയെ സന്ദര്‍ശിക്കാനായിരുന്നു മുത്തലിക്കിന്റെ പദ്ധതി.

ജില്ലാ കമ്മീഷണര്‍ എം.എല്‍ വൈശാലിയാണ് മുത്തലിക്കിന് ജില്ലയിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ആഗസ്ത് 14 അര്‍ധരാത്രിവരെയാണ് വിലക്കിന് പ്രാബല്യമുള്ളത്. ഐപിസി സെക്ഷന്‍ 133, 143, 144 എന്നിവ പ്രകാരമാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അക്രമസംഭവമുണ്ടായാല്‍ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം പോലിസിന് നിര്‍ദേശം നല്‍കി.

ചൊവ്വാഴ്ച മുഹറം ഘോഷയാത്രയ്ക്കിടെ ഗദഗിനടുത്തുള്ള മല്ലസമുദ്ര ഗ്രാമത്തില്‍ തൗഫീഖ് ഹൊസമണി (23), മുസ്താഖ് ഹൊസമണി (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ വയറിലും നെഞ്ചിലും കാലിലും പരിക്കുണ്ട്.

ഗദാഗിലെ ജിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൗഫീഖ് ഹൊസാമണിയുടെ നില ഗുരുതരമാണ്. സോമേഷ് ഗുഡി, യല്ലപ്പ ഗുഡി എന്നിവരും കൂട്ടാളികളും പോലിസ് കസ്റ്റഡിയിലാണ്.

കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ട്. നൂറുകണക്കിന് പേര്‍ പ്രതി സോമേഷ് ഗുഡിയുടെ വീടാക്രമിച്ചു. അക്രമാസക്തരായ ജനക്കൂട്ടം വീടിന്റെ വാതിലുകളും ജനലുകളും അടിച്ചുതകര്‍ക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it