Kerala

ശബരിമലയിലെ വഴിപാടുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയിലെ വഴിപാടുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
X

കൊച്ചി: ശബരിമലയിലെ വഴിപാടുകളില്‍ നടക്കുന്ന ക്രമക്കേടുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍, മേല്‍നോട്ടം, സ്റ്റോക്ക് അക്കൗണ്ടിംഗ്, സാമ്പത്തിക നിയന്ത്രണം എന്നിവയില്‍ ആഴത്തില്‍ വേരൂന്നിയ വ്യവസ്ഥാപരമായ കുറവുകളുണ്ടെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. ബോര്‍ഡിന്റെ വരുമാനം സുരക്ഷിതമാക്കാനും അത് ചോര്‍ച്ചയോ മോഷണമോ ദുരുപയോഗമോ വഴി നഷ്ടപ്പെടാതിരിക്കാനും സമഗ്രവും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനം കൊണ്ടുവരാന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.

ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിലെ അടിയശിഷ്ടം നെയ്യിന്റെ വില്‍പനയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപോര്‍ട്ട് പരിശോധിച്ച ശേഷമാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍ വി, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

അഴിമതി നിരോധന നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം 33 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എസ്ഐടി ബെഞ്ചിനെ അറിയിച്ചു. ക്ഷേത്ര സ്പെഷ്യല്‍ ഓഫീസര്‍മാരും 30 ഓളം കൗണ്ടര്‍ സ്റ്റാഫും ഇതില്‍ ഉള്‍പ്പെടുന്നു. അന്വേഷണം തുടരാനും 45 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും ബെഞ്ച് എസ്.ഐ.ടിയോട് നിര്‍ദ്ദേശിച്ചു.

എസ്.ഐ.ടിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം, വ്യവസ്ഥാപരമായ കുറവുകളുടെ ലക്ഷണങ്ങളായ നിരവധി അപാകതകളാണ് കാണാന്‍ കഴിഞ്ഞതെന്നും ബോര്‍ഡ് അടിയന്തരമായി ഇത് പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.അപ്പം, അരവണ, നെയ്യ്, വിഭൂതി, കുങ്കുമം തുടങ്ങിയ പ്രസാദങ്ങളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന എല്ലാ വരുമാനവും പൂര്‍ണ്ണമായും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഒരു സാമ്പത്തിക, ഭരണ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭക്തരുടെ വഴിപാടുകള്‍ക്ക് പവിത്രത ഉറപ്പാക്കാനും ബോര്‍ഡിന്റെ വരുമാനം സംരക്ഷിക്കാനും സമഗ്രമായ ഒരു സംവിധാനം കൊണ്ടുവരണമെന്നും, വഴിപാടുകളുടെ സ്റ്റോക്ക് മുതല്‍ വില്‍പ്പന വരെയുള്ള കാര്യങ്ങളില്‍ വ്യക്തമായ നടപടിക്രമങ്ങള്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it