Cricket

മുഹമ്മദ് ഷമിക്കെതിരായ 10 ലക്ഷത്തിന്റെ ജീവനാംശക്കേസ്; മുന്‍ഭാര്യ സുപ്രിം കോടതിയില്‍

മുഹമ്മദ് ഷമിക്കെതിരായ 10 ലക്ഷത്തിന്റെ ജീവനാംശക്കേസ്; മുന്‍ഭാര്യ സുപ്രിം കോടതിയില്‍
X

കൊച്ചി: ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകള്‍ പശ്ചിമ ബംഗാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ഭാര്യ ഹസിന്‍ ജഹാന്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹരജികളില്‍ മറുപടി നല്‍കാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് സുപ്രിം കോടതി ബുധനാഴ്ച ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനത്തിനും ജീവനാംശത്തിനുമുള്ള ഹരജികള്‍ കൊല്‍ക്കത്തയ്ക്ക് പകരം ഡല്‍ഹി കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രിം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയയ്ക്കുകയും മുഹമ്മദ് ഷമിയോടും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തനിക്കും മകള്‍ക്കും പ്രതിമാസം നല്‍കുന്ന ജീവനാംശം 4 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

2014 ഏപ്രില്‍ 7ന് ഇസ്ലാമിക പാരമ്പര്യമനുസരിച്ച് മുഹമ്മദ് ഷമിയെ വിവാഹം കഴിച്ചതായി ഹസിന്‍ ജഹാന്‍ പറയുന്നു. 2015 ജൂലൈ 17 നാണ് അവരുടെ മകള്‍ ജനിച്ചത്. 2018 ല്‍, ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം അവര്‍ നിയമനടപടി ആരംഭിച്ചു. വിവാഹശേഷം, ഷമിയും കുടുംബവും തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് അവര്‍ ആരോപിച്ചു.

അതേസമയം അവര്‍ രേഖാമൂലം നല്‍കയ പരാതി അത് പിന്നീട് എഫ്ഐആറായി സ്വീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ, 328, 307, 376, 325, 34 എന്നീ വകുപ്പുകള്‍ പ്രകാരം ജാദവ്പൂര്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 125 പ്രകാരം ജീവനാംശത്തിന് അപേക്ഷയും നല്‍കി.




Next Story

RELATED STORIES

Share it