Latest News

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന: 30 വാഹനങ്ങള്‍ പോലിസ് പിടിച്ചെടുത്തു

പരപ്പനങ്ങാടിയില്‍ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന: 30 വാഹനങ്ങള്‍ പോലിസ് പിടിച്ചെടുത്തു
X

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പോലിസ് നടത്തിയ വാഹന പരിശോധനയില്‍ 29 ബൈക്കുകളും ഒരു കാറും പിടിച്ചെടുത്തു. പല സ്‌കൂളുകളിലും കുട്ടികള്‍ മോഡിഫൈ ചെയ്ത വാഹനങ്ങളില്‍ ലൈസന്‍സില്ലാതെയും ട്രപ്പിള്‍ കയറിയും വരുന്നതായും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരത്ത് എത്തി വഴക്കുകള്‍ ഉണ്ടാക്കുന്നതായും സ്‌കൂള്‍ പരിസരങ്ങളില്‍ പൂവാല ശല്യം വര്‍ധിച്ച് വരുന്നതായും ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പരപ്പനങ്ങാടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കുകളും, കാറും പോലിസ് പിടിച്ചെടുത്തുത്.

പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കോ-ഓപ്പറേറ്റീവ് കോളജ്, സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ സ്‌കൂള്‍, ചന്ദന്‍ ബ്രദേഴ്‌സ് സ്‌കൂള്‍, മാധവവിലാസം സ്‌കൂള്‍, എല്‍ ബി എസ് സെന്റര്‍, ബി ഇ എം സ്‌കൂള്‍ , കോവിലകം ഗവ: സ്‌കൂള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പോലിസ് പരിശോധന. പിടിച്ചെടുത്ത വാഹനങ്ങളില്‍ 14 എണ്ണം ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനും 7 വാഹനങ്ങള്‍ മൂന്നുപേര്‍ കയറിയതിനും ബാക്കിയുള്ളവ മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമാണ് പിടിച്ചെടുത്തിരിക്കുന്നത്. നിലവില്‍ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ഓടിച്ചയാള്‍ക്ക് 5000 രൂപയും ആര്‍സി ഓണര്‍ക്ക് 5000 രൂപയും മൂന്നുപേര്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാല്‍ 2500 രൂപയും ഫൈന്‍ ഉണ്ടാകും. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം മഫ്തിയില്‍ ആയിരുന്നു പരിശോധന. പിടിച്ചെടുത്ത വാഹനങ്ങള്‍ ഓടിച്ചിരുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കളെ വിളിച്ചു വരുത്തി ഫൈന്‍ അടപ്പിച്ച ശേഷം വാഹനം വിട്ടു കൊടുത്തു. മൂന്നുപേര്‍ കയറി ഓടിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയും ലൈസന്‍സില്ലാതെ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമസ്ഥര്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പിന് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള റിപ്പോര്‍ട്ട് കൊടുക്കുമെന്നും, സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും മഫ്തിയിലുള്ള പരിശോധന തുടരുമെന്നും പരപ്പനങ്ങാടി സിഐ ഹണി കെ.ദാസ് അറിയിച്ചു.

Next Story

RELATED STORIES

Share it