Latest News

പ്രവാചകന്റെ ഖബറിന്റെയും മിമ്പറിന്റെയും സൂക്ഷിപ്പുകാരന്‍ അന്തരിച്ചു

എല്ലാ വെള്ളിയാഴ്ച രാത്രിയും പ്രവാചകന്റെ ഖബറും മറ്റു ഖബറുകളും വൃത്തിയാക്കല്‍ ഇവരാണ് ചെയ്തിരുന്നത്. മുന്‍ കാലങ്ങളില്‍ നബിയുടെ ഖബറിന്റെ ചാരത്താണ് രാത്രികാലങ്ങളില്‍ ഇവര്‍ കിടന്നിരുന്നത്.

പ്രവാചകന്റെ ഖബറിന്റെയും മിമ്പറിന്റെയും സൂക്ഷിപ്പുകാരന്‍ അന്തരിച്ചു
X

റിയാദ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെഖബറിന്റെയും മിമ്പര്‍ ഉള്‍പ്പടെയുള്ള ഭവനത്തിന്റെയും സൂക്ഷിപ്പുകാരന്‍ അന്തരിച്ചു. റൗദ ശരീഫ് അടക്കമുള്ള പാവനഭവനത്തിന്റെ സൂക്ഷിപ്പുകാരനായ ആഗാ അഹമ്മദ് അലി യാസീന്‍ (95) തിങ്കളാഴ്ച്ചയാണ് അന്തരിച്ചത്. മസ്ജിദുന്നബവിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ജനാസ ജന്നതുല്‍ ബഖീഇല്‍ ഖബറടക്കി.

അഗ്വാത്തുകള്‍ (ആഗമാര്‍) എന്നറിയപ്പെടുന്ന കുടുംബത്തിനാണ് റൗദ ശരീഫ് അടക്കമുള്ള പാവനഭവനത്തിന്റെ സുക്ഷിപ്പു ചുമതല. രാഷ്ട്ര പ്രധാനികളോ വിദേശപ്രമുഖരോ മസ്ജിദുന്നബവിയിലേക്ക് വരുമ്പോള്‍ ഊദ് പുകച്ചും സംസം നല്‍കിയും അവരെ സ്വീകരിക്കാനുള്ള പരമ്പരാഗത ചുമതല ഇവരില്‍ നിക്ഷിപ്തമാണ്. ജുമുഅക്ക് മസ്ജിദുന്നബവിയുടെ മിമ്പര്‍ ഖത്തീബിന് തുറന്ന് കൊടുക്കല്‍, ഖത്തീബിന് പിടിക്കാനുള്ള വടി നല്‍കല്‍, ജുമുഅക്ക് മുമ്പ് പള്ളിയില്‍ ഊദ് പുകക്കല്‍, ജിബ്രീല്‍ വാതിലിന് സമീപം ഊദ് കത്തിച്ച് വെക്കല്‍, എല്ലാ വെള്ളിയാഴ്ച രാത്രിയും പ്രവാചകന്റെ ഖബറും മറ്റു ഖബറുകളും വൃത്തിയാക്കല്‍ എന്നിവ ഇവരാണ് ചെയ്തിരുന്നത്. മുന്‍ കാലങ്ങളില്‍ നബിയുടെ ഖബറിന്റെ ചാരത്താണ് രാത്രികാലങ്ങളില്‍ ഇവര്‍ കിടന്നിരുന്നത്.

അയ്യൂബി ഭരണാധികാരിയായിരുന്ന നാസര്‍ ബിന്‍ സലാഹുദ്ദീന്‍ ആണ് ആദ്യമായി ഹറമില്‍ വന്ധ്യത പേറുന്ന അഗ്വാത്തുകളെ നിയമിച്ചതെന്ന് ചരിത്രത്തിലുണ്ട്. ആ കാലഘട്ടത്തില്‍ ഇത്തരം ആരോഗ്യപ്രശ്നം നേരിടുന്നവരെയായിരുന്നു പാറാവിന് നിയമിച്ചിരുന്നത്. ഇവരുടെ വംശത്തില്‍ ഇനി മുന്നു പേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവരെല്ലാം ആരോഗ്യപരമായി അവശുമാണ്.

എത്യോപ്യന്‍ സ്വദേശികളാണ് അഗ്വാത്തുകള്‍. വന്ധ്യത നേരിടുന്നവരായിരിക്കണം, ഹറമില്‍ ഏഴ് വര്‍ഷം സേവനം ചെയ്യണം, നേതാക്കളെ അനുസരിക്കണം, ആരോഗ്യമുണ്ടായിരിക്കണം എന്നിവയാണ് ഈ സ്ഥാനത്തെത്താനുള്ള യോഗ്യത. ഇത്തരം യോഗ്യതയുള്ളവര്‍ അവരുടെ ശൈഖിനെ വിവരമറിയിക്കണം. ശൈഖിന്റെ അനുമതി ലഭിച്ചാല്‍ സൗദി രാജാവിന്റ നിര്‍ദേശപ്രകാരം ഹജ്, ഔഖാഫ് മന്ത്രി ഇവര്‍ക്ക് സൗദി പൗരത്വം നല്‍കുമായിരുന്നു. 43 വര്‍ഷം മുന്‍പാണ് അവസാന നിയമനം നടന്നത്.

Next Story

RELATED STORIES

Share it