Latest News

സിറിയയല്ല യുക്രെയ്ന്‍

സിറിയയല്ല യുക്രെയ്ന്‍
X

ഡോ. സി കെ അബ്ദുല്ല

അയല്‍രാജ്യമായ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയതോടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമേലുള്ള 'നടപടികള്‍' പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ബ്ലാക്‌ബെല്‍റ്റ് പുടിനെ ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്റെ ഓണററി പ്രസിഡണ്ട് സ്ഥാനത്തു നിന്ന് പുറത്താക്കി. അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ ചാനലുകളിലെ പുടിന്‍ അക്കൗണ്ടുകള്‍ പൂട്ടി. യുദ്ധഭ്രാന്തനെതിരെ ഭ്രഷ്ടുകള്‍ തുടരട്ടെ.

ഏതാണ്ട് പത്തു വര്‍ഷമായി പുടിന്‍ പട്ടാളം സിറിയ എന്ന മുസ് ലിം ഭൂരിപക്ഷ അറബ് സോഷ്യലിസ്റ്റ് നാട്ടില്‍ അധിനിവേശം തുടരുന്നത് പടിഞ്ഞാറിന് ഓകെയാണ്. ദശലക്ഷങ്ങളെയാണ് പുടിന്റെ പട്ടാളം മാത്രം കൊന്നും ആട്ടിപ്പായിച്ചും സിറിയയില്‍ ഇല്ലാതാക്കിയത്. മനുഷ്യ ജീവിതത്തിന് പറ്റാത്ത വിധം ചെങ്കരടികള്‍ തകര്‍ത്ത് കളഞ്ഞ പട്ടണങ്ങള്‍ എത്രയാണവിടെ? എന്തിന്? ബ്രിട്ടനില്‍ വളര്‍ന്ന്, അച്ഛന്റെ താവഴി ചെങ്കോലേന്തിയ 'സോഷ്യലിസ്റ്റ്' സര്‍വ്വാധിപതിയില്‍ നിന്ന് സ്വാതന്ത്ര്യം തേടിയ നാട്ടുകാരെ ഒതുക്കുവാന്‍. ഇപ്പോള്‍ പുടിനു വിലക്കുകളേര്‍പ്പെടുത്തുന്ന ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സിറിയന്‍ അധിനിവേശത്തില്‍ പങ്കാളിയായിരുന്നു. സമാധാനത്തിന്റെ പര്യായം സ്വീഡന്‍ ഒരുദാഹരണം.

1970കളില്‍ അഫ്ഗാനിസ്താനില്‍ സോവിയറ്റ് ചെങ്കൊടി കുത്തിയതിന്റെ തുടക്കത്തില്‍ അധിനിവേശത്തിനെതിരെ മുസ് ലിം ലോകത്തുയര്‍ന്ന സമരാഹ്വാനങ്ങള്‍ നിയന്ത്രിക്കാത്തതിന് അറബ് മുസ് ലിം നാടുകള്‍ പടിഞ്ഞാറിന്റെ പഴികേട്ടു. അധികം വൈകാതെ, ശീതയുദ്ധ മത്സരത്തില്‍ റഷ്യയെ തോല്‍പിക്കാന്‍ അമേരിക്ക അറബ് ലോകത്തെ ഉപയോഗിച്ച് 'ജിഹാദ് കാംപയിന്‍' നടത്തിയപ്പോള്‍ അഫ്ഗാനികളും അവരെ പിന്തുണച്ച അറബ് പോരാളികളും വൈറ്റ്ഹൗസില്‍ ആദരിക്കപ്പെട്ട മുജാഹിദുകളായി. അന്നത്തെ യുഎസ് പ്രസിഡണ്ട് റൈഗണ്‍ പണിപ്പെട്ട് 'മൊജാഹിദ്ദീന്‍' എന്ന് ആദരവോടെ ഡയലോഗടിക്കുന്നത് കേട്ടാല്‍ ചിരിവരും. സോവിയറ്റ് അധിനിവേശം തുരത്തപ്പെട്ട ശേഷം അതേ മുജാഹിദീന്‍ അമേരിക്കന്‍ അധിനിവേശത്തിനെതിരെ തിരിഞ്ഞപ്പോള്‍ അവര്‍ ഭീകരരും തീവ്രവാദികളുമായി വേട്ടയാടപ്പെട്ടു. ചില അമേരിക്കന്‍ ആജ്ഞാനുവര്‍ത്തി തമ്പുരാന്മാര്‍ അഫ്ഗാന്‍ റിട്ടേണികളായ 'ഭീകരര്‍ക്ക്' മാത്രമായി പ്രത്യേക കോടതികളും ജയിലുകളൊമൊരുക്കി. പിന്നെയത് വാര്‍ ഓണ്‍ ടെററായി വാഴ്ത്തപ്പെട്ടു.

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോഡ്മിര്‍ സെലനസ്‌കി ഇപ്പോള്‍ അമേരിക്കന്‍ ആശീര്‍വാദത്തോടെ വാര്‍ വളണ്ടിയറിങ് കാംപയിന്‍ നടത്തുന്നു. മുസ് ലിംകള്‍ക്കും ജൂതന്മാര്‍ക്കുമൊക്കെ അവരവരുടെ വിശ്വാസികളെ രക്ഷിക്കാന്‍ വെവ്വേറെ ക്ഷണമുണ്ട്. അമേരിക്കന്‍-ബ്രിട്ടന്‍ ഇവാഞ്ചലിസ്റ്റുകള്‍ക്കും യൂറോപ്പില്‍ ഭൂരിപക്ഷമുള്ള കത്തോലിക്കര്‍ക്കും ഇല്ല കേട്ടോ, അവര്‍ക്ക് ലോകം മുഴുവന്‍ സമാധാനം കാക്കണ്ടേ. മുസ് ലിംകള്‍ക്ക് പ്രഖ്യാപിച്ച പ്രത്യേക ക്ഷണത്തില്‍ ചില ചെച്‌നിയന്‍ പോരാട്ട ഗ്രൂപ്പുകള്‍ വീണുപോയ ചിത്രങ്ങള്‍ കാണുന്നു. പുടിന്റെ വാലാട്ടി ചെച്‌നിയന്‍ പാവപ്രസിഡണ്ട് റമദാന്‍ കദീറോവിന്റെ കിങ്കരന്മാര്‍ റഷ്യക്ക് വേണ്ടി കൂലിത്തല്ലിനിറങ്ങിയത് യുക്രെയ്ന്‍ ചെച്‌നിയക്കാരെ തന്നെ ഇറക്കി തടുക്കുകയാണെന്ന് തോന്നുന്നു.

സിറിയന്‍ ജനകീയ വിപ്ലവത്തില്‍ റഷ്യന്‍ പട്ടാളത്തെയും റഷ്യന്‍ അമേരിക്കന്‍ ചേരികളുടെയും അനവധി കൂലിപ്പട്ടാളങ്ങളെയും ഒരേ സമയം നേരിടേണ്ടി വന്ന സന്നദ്ധ സമരക്കാര്‍ കൊടും ഭീകരരും കൊല്ലപ്പെടേണ്ടവരുമായിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റിന്റെ പുതിയ ആഹ്വാനം കേട്ട് എങ്ങാനും ഏതെങ്കിലും മുസ് ലിം പോരാട്ടസംഘങ്ങള്‍ ഇറങ്ങിയാല്‍ അവരൊരിക്കലും ഈ ഭീകരപഴിയില്‍ നിന്ന് മോചിതരാവുമെന്നു കരുതേണ്ടതില്ല. അതേതായാലും അധിനിവേശം എന്താണെന്നും എങ്ങിനെയാണതിനെ തുരത്തേണ്ടതെന്നും നല്ലപോല്‍ വശമുള്ള അഫ്ഗാന്‍ താലിബാന്‍ നേതൃത്വം യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഈ മുസ് ലിം രക്ഷാ പാക്കേജ് തള്ളിക്കളഞ്ഞുവെന്നാണ് വാര്‍ത്ത.

യുക്രെയ്‌നില്‍ റഷ്യന്‍ പട്ടാളത്തിന്റെ നീക്കം തടയാന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത് പാലം തകര്‍ത്ത സൈനികന്‍ മഹാവീരന്‍. ആയിക്കോട്ടെ. സിറിയയിലും ഇതുപോലെ റഷ്യന്‍ പട്ടാളത്തിന്റെ നീക്കം തടയാന്‍ ജീവന്‍ കൊടുത്തു റോഡുകളും പാലങ്ങളും ബ്ലോക്ക് ചെയ്ത പോരാളികളുണ്ട്. ഫലസ്തീനികളുടെ കിടപ്പാടങ്ങള്‍ തകര്‍ത്ത് അധിനിവേശം നടത്തുന്ന സയണിസ്റ്റ് പട്ടാളത്തെ തോല്‍പിക്കാന്‍ ജീവന്‍ ബലികൊടുക്കുന്നവരുണ്ട്. അവരൊക്കെ വെറും ഭീകര ചാവേറുകള്‍.

യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ അറബ് മുസ് ലിം ലോകത്ത് എല്ലാവരും എതിര്‍ക്കുന്നു. പക്ഷേ, ഇതേ ദിവസങ്ങളില്‍ സയണിസം ഫലസ്തീനില്‍ അധിനിവേശത്തിനു വേഗം കൂട്ടിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറുകാര്‍ കാണുന്നില്ല.

കഴിഞ്ഞ ദിവസം യുക്രെയ്‌നില്‍ നിന്ന് കണ്ടൊരു ക്ലിപ്പില്‍, ട്രെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍ വംശജരായ സ്ത്രീകളെയും പുരുഷന്മാരെയും വണ്ടിയില്‍ നിന്ന് ആട്ടിയിറക്കി വാതിലടക്കുമ്പോള്‍ നീലക്കണ്ണും നീലക്കോട്ടും നീലത്തൊപ്പിയുമിട്ട ഉദ്യോഗസ്ഥന്‍ നിര്‍ലജ്ജം വിളിച്ചു പറയുന്നുണ്ടായിരുന്നു, 'ഈ ട്രെയിന്‍ വെള്ളക്കാര്‍ക്ക് മാത്രമുള്ളതാണ്'.

ഞങ്ങളുടെ ലോകം, ഞങ്ങള്‍ നടത്തുന്ന യുദ്ധം, ഞങ്ങള്‍ നടപ്പാക്കും സമാധാനം ചുരുക്കത്തില്‍ ഇതാണ് പടിഞ്ഞാറന്‍ മനസ്സ്. യഥാര്‍ത്ഥത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ നടന്ന ഒന്നും രണ്ടും ലോകയുദ്ധങ്ങളെന്ന് വിളിക്കപ്പെടുന്ന യൂറോപ്യന്‍ യുദ്ധങ്ങളും ഇപ്പോഴത്തെ യുദ്ധവുമെല്ലാം പടിഞ്ഞാറുകാരുടെ കുടുംബപ്പോര് മാത്രമല്ലേ?

കോളനിവാഴ്ചക്കാലത്ത് നടന്ന യുദ്ധങ്ങളായതിനാല്‍ വെള്ളക്കാരന് വേണ്ടി യുദ്ധത്തിനിറങ്ങി എന്നതില്‍ കവിഞ്ഞു ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് എന്ത് റോളാണ് അവയില്‍ ഉണ്ടായിരുന്നത്? പറഞ്ഞിട്ടെന്ത്, ഇപ്പോള്‍ നടക്കുന്ന യുക്രെയ്ന്‍ അധിനിവേശത്തെ മൂന്നാം ലോകയുദ്ധം എന്ന് വിളിക്കാന്‍ വെള്ളക്കാരേക്കാള്‍ വെമ്പലാണ് ഏഷ്യനാഫ്രിക്കന്‍ ശിപോയികള്‍ക്ക്.

പിന്‍കുറി: യുക്രെയ്ന്‍ യുദ്ധവിരുദ്ധ കാഴ്ചകളില്‍ ഏറ്റവും വിരോധാഭാസം നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസം ടെല്‍അവീവില്‍ സയണിസ്റ്റ് പോലിസ് അകമ്പടിയോടെ ഇസ്രയേലികള്‍ നടത്തിയ അധിനിവേശ വിരുദ്ധ പ്രകടനം. ജൂതനായ സെലനസ്‌കി ലോകജൂത പിന്തുണ തേടുന്നുണ്ടെങ്കിലും ജൂതരുടെ സ്വന്തം രാജ്യമെന്ന കള്ളവിലാസമൊട്ടിച്ച ഇസ്രയേല്‍ ഭരണകൂടം യുദ്ധത്തില്‍ റഷ്യക്കൊപ്പമാണ്. യുക്രെയ്‌നില്‍ നിന്ന് വരാന്‍ സാധ്യതയുള്ള ജൂതഅഭയാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ബുള്‍ഡോസറുകള്‍ ഫലസ്തീനിലേക്ക് തിരിച്ചു നിര്‍ത്തിയിരിക്കയാണ് സയണിസം. ദുരന്തനാടകമേ ഉലകം!(എഫ്ബിയില്‍ എഴുതിയ കുറിപ്പ്)

Next Story

RELATED STORIES

Share it