Latest News

സബ്‌സിഡി സാധനങ്ങള്‍ സ്‌റ്റോക്ക് ഉറപ്പാക്കുന്നതില്‍ വീഴ്ച്ച; മൂന്ന് ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സബ്‌സിഡി സാധനങ്ങള്‍ സ്‌റ്റോക്ക് ഉറപ്പാക്കുന്നതില്‍ വീഴ്ച്ച; മൂന്ന് ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: സബ്‌സിഡി സാധനങ്ങളുടെ സ്‌റ്റോക്ക് ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സപ്ലൈകൊ പറക്കോട്, മാവേലിക്കര, നെയ്യാറ്റിന്‍കര ഡിപ്പോകളിലെ മാവേലി കസ്‌റ്റോഡിയന്‍ തസ്തികയിലെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഫെബ്രുവരി മാസത്തിലെ വില്‍പ്പനയ്ക്കായി ആവശ്യമായ സബ്‌സിഡി സാധനങ്ങളുടെ കണക്കുകള്‍ ജനുവരി മാസത്തില്‍ തന്നെ കേന്ദ്ര കാര്യാലയം ഡിപ്പോകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഡിപ്പോകളിലെ മാവേലി കസ്‌റ്റോഡിയന്‍ തസ്തികയിലെ ജീവനക്കാര്‍ വിവിധ സബ്‌സിഡി സാധനങ്ങള്‍ക്ക് ആവശ്യകത ഇല്ലെന്ന റിപോര്‍ട്ടാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഫെബ്രുവരി മാസത്തില്‍ ഡിപ്പോകളില്‍ ആവശ്യമായ സാധനങ്ങള്‍ സ്‌റ്റോക്കില്ലാതെ വന്നതോടെ പൊതുജനങ്ങള്‍ക്ക് വിതരണം തടസപ്പെടുകയായിരുന്നു.

പറക്കോട്, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ ചെറുപയര്‍, മല്ലി, മുളക് ഉള്‍പ്പെടെ അഞ്ചു സബ്‌സിഡി സാധനങ്ങള്‍ വീതം സ്‌റ്റോക്കില്ലാതെ വന്നതായി കണ്ടെത്തി. മാവേലിക്കര ഡിപ്പോയില്‍ എട്ടു സാധനങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായി. മാവേലിക്കര ഡിപ്പോയിലെ സീനിയര്‍ അസിസ്റ്റന്റ് ആര്‍ പ്രേംനാഥ്, നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജൂനിയര്‍ അസിസ്റ്റന്റ് വിഷ്ണു വി ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയര്‍ അസിസ്റ്റന്റ് എ സനിതകുമാരി എന്നിവരെയാണ് കൃത്യനിര്‍വഹണത്തില്‍ നിരുത്തരവാദപരമായ വീഴ്ച വരുത്തിയെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്. സപ്ലൈകൊ അഡീഷണല്‍ ജനറല്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Next Story

RELATED STORIES

Share it