Latest News

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള സംഭാഷണം തന്റെ സമ്മതമില്ലാതെ സുഹൃത്ത് സംപ്രേഷണം ചെയ്‌തെന്ന് അതിജീവിത

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള സംഭാഷണം തന്റെ സമ്മതമില്ലാതെ സുഹൃത്ത് സംപ്രേഷണം ചെയ്‌തെന്ന് അതിജീവിത
X

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തന്റെ സംഭാഷണം സുഹൃത്തുക്കള്‍ സമ്മതമില്ലാതെ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്‌തെന്ന് ആദ്യ കേസിലെ അതിജീവിത. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഡിസംബര്‍ നാലിന് തിരുവനന്തപുരം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിയിലാണ് അതിജീവിതയുടെ മൊഴിയെ കുറിച്ചുള്ള പരാമര്‍ശം. വിധി ഇങ്ങനെ പറയുന്നു.

''പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ഹരജിക്കാരന്‍(രാഹുല്‍ മാങ്കൂട്ടത്തില്‍) വാദിക്കുന്നു. താന്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതയായെന്ന് എങ്ങിനെയെന്ന് അതിജീവിതയുടെ മൊഴി വിശദീകരിക്കുന്നു, വിഷയം പൊതുവിഷയം ആക്കാതിരിക്കാന്‍ പല അവസരങ്ങളിലും പരാതിക്കാരി ശ്രമിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നു. തന്റെ സുഹൃത്തുമായി പങ്കിട്ട വോയ്‌സ് ക്ലിപ്പുകള്‍ പരാതിക്കാരിയുടെ സമ്മതമില്ലാതെ സംപ്രേഷണം ചെയ്തപ്പോള്‍ പലകോണുകളില്‍ നിന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടായെന്നും മാതാപിതാക്കള്‍ ഏതാണ്ട് ആത്മഹത്യയുടെ വക്കിലെത്തിയെന്നും അപ്പോഴാണ് പരാതി നല്‍കിയതെന്നും പരാതിക്കാരിയുടെ മൊഴി പറയുന്നു.''

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വാദിച്ചിരുന്നത്. സിപിഎം-ബിജെപി സഖ്യമാണ് കേസിന് പിന്നിലെന്നും രാഹുല്‍ വാദിച്ചു. ബിജെപി ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരിയെന്നും അവരുടെ ഭര്‍ത്താവ് ബിജെപിയുടെ ജില്ലാ നേതാവാണെന്നും രാഹുല്‍ തുടര്‍ന്ന് വാദിച്ചു. രാഹുലിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ പരിശോധിച്ച ശേഷം മറ്റു ചില നിരീക്ഷണങ്ങളും കോടതി നടത്തുന്നുണ്ട്. ''തിരഞ്ഞെടുപ്പ് വരുന്നതിനാല്‍, ഹരജിക്കാരന്‍ പ്രമുഖ രാഷ്ട്രീയക്കാരനായതിനാല്‍ വിവാദമുണ്ടാക്കാന്‍ പരാതി നല്‍കിയെന്ന വാദം തള്ളിക്കളയാനാവില്ല. ഗണ്യമായ കാലതാമസത്തിനുശേഷം പരാതി നല്‍കുന്നതിനുള്ള സാഹചര്യമോ പശ്ചാത്തലമോ ഈ കോടതിക്ക് അവഗണിക്കാനാവില്ല. എന്നിരുന്നാലും പ്രോസിക്യൂഷന്‍ കൊണ്ടുവന്ന രേഖകള്‍ സംഭവത്തില്‍ ഹരജിക്കാരന്റെ പങ്കാളിത്തം പ്രഥമദൃഷ്ട്യാ കാണിക്കുന്നു. അതിനാല്‍ അറസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള ജാമ്യം നല്‍കാനുള്ള അസാധാരണമായ അധികാരപരിധി ഈ കേസില്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു.''-കോടതി പറഞ്ഞു. തുടര്‍ന്നാണ് ജാമ്യഹരജി കോടതി തള്ളിയത്.

ഈ കേസില്‍ ഭാരതീയ ന്യായ സംഹിതയിലെ ബലാല്‍സംഗം, അധികാര പരിധിയില്‍ ഇരുന്നുള്ള തുടര്‍ച്ചയായ ബലാല്‍സംഗം, ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാല്‍സംഗം, നിരന്തരമായി ബലാല്‍സംഗം ചെയ്യല്‍, ഗര്‍ഭചിദ്രം, കരുതിക്കൂട്ടി മുറിവേല്‍പ്പിക്കല്‍, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ഉള്ളത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ അറസ്റ്റ് ഹൈക്കോടതി തടയുകയും ചെയ്തു. രാഹുലിന്റെ വാദങ്ങള്‍ ഗൗരവമേറിയതാണെന്നും അത് പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതി നിലപാട്.

Next Story

RELATED STORIES

Share it