Latest News

സുപ്രിംകോടതി വിധി: മുന്നോക്ക സമുദായ സംവരണ ഉത്തരവ് റദ്ദാക്കണമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി

സുപ്രിംകോടതി വിധി: മുന്നോക്ക സമുദായ സംവരണ ഉത്തരവ് റദ്ദാക്കണമെന്ന് ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി
X

തിരുവനന്തപുരം: പുതിയ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച് കേരള സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇത് സംബന്ധിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭരണ ഘടന ഭേദഗതി സംബന്ധിച്ചു സുപ്രിംകോടതി മുമ്പാകെ കേസ് നിലവിലുള്ളപ്പോള്‍ അമിതാവേശം കാണിക്കുകയായിരുന്നു കേരള സര്‍ക്കാര്‍. സംവരണ സമുദായങ്ങളുടെ സംവരണ ക്വാട്ട വെട്ടിച്ചുരുക്കി സംവരണേതര വിഭാഗങ്ങളെ സംവരണ പട്ടികയില്‍ മുമ്പിലെത്തിക്കുന്ന വിദ്യയാണ് അവര്‍ എടുത്തത്. ഈ ചതിക്കുഴി മനസ്സിലാക്കി പ്രതികരിക്കാന്‍ സംവരണ സമുദായങ്ങള്‍ക്ക് കഴിയാതെ പോയതും ഭരണഘടനാ ഭേദഗതിയില്‍ നിര്‍ദേശിച്ചതിനെക്കാള്‍ വലിയ ആനുകൂല്യങ്ങള്‍ മുന്നോക്ക വിഭാഗത്തിന് നല്‍കി അവരുടെ പ്രീതി സമ്പാദിച്ചതും സര്‍ക്കാറിന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗുണമായി തീരുകയും ചെയ്തു. ഇപ്പോള്‍ വന്ന സുപ്രിംകോടതി വിധിയിലൂടെ സര്‍ക്കാരിന്റെ ദുഷ്ടലാക്കിന് തിരിച്ചടിയായി.

കോടതി എടുത്ത നിലപാട് ഇന്ദിരാ സാഹ്നി കേസില്‍ പുനപ്പരിശോധന ആവശ്യമില്ല എന്നതാണ്. ഇന്ദിരാ സാഹ്നി കേസില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്ത കാര്യമാണ് സംവരണത്തില്‍ സാമ്പത്തികം മാനദണ്ഡം ആകാമോ എന്നത്. സാമ്പത്തിക മാനദണ്ഡ വാദം നിരര്‍ത്ഥകമാണെന്നും പാടില്ലെന്നും ഈ കേസ് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ കോടതി വിധിയുടെ വെളിച്ചത്തില്‍ പുതിയ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്നും അതിന് സര്‍ക്കാരില്‍ പ്രേരണ ചെലുത്തുമെന്നുമെല്ലാമുള്ള ചില വാര്‍ത്തകള്‍ കാണാനിടയായി. ഇത് മറ്റൊരപായ സൂചനയാണ്.

മുസ്ലിം ലീഗ് ഏത് കാലത്തും സംവരണ സംരക്ഷണത്തിന് മുമ്പില്‍ നിന്നിട്ടുണ്ട്. ഭേദഗതിയുടെ കാര്യത്തിലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ലീഗ് ഒറ്റക്ക് പൊരുതി. രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിയുടെ വിജയ സാക്ഷാത്കാരത്തിന് കൂട്ടുനിന്നപ്പോഴും ലീഗ് ഈ പോരാട്ടത്തിന്റെ മുമ്പില്‍ നിന്നിട്ടുണ്ട്. ഇനി കേരളത്തിലായിരുന്നാലും കേന്ദ്രത്തിലായിരുന്നാലും ഈ ശക്തമായ നിലപാടില്‍ മാറ്റമില്ലെന്നും ഇ. ടി പറഞ്ഞു.

Next Story

RELATED STORIES

Share it