Big stories

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ കുടുംബത്തോടൊപ്പം മാലദ്വീപില്‍; ഇന്ന് രാജി പ്രഖ്യാപിക്കും

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ കുടുംബത്തോടൊപ്പം മാലദ്വീപില്‍; ഇന്ന് രാജി പ്രഖ്യാപിക്കും
X

കൊളംബൊ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജ്യം വിട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

രാജപക്‌സെ തിങ്കളാഴ്ച രാജിക്കത്ത് ഒപ്പിട്ടിട്ടുണ്ട്. സ്പീക്കര്‍ ഇന്ന് പാര്‍ലമെന്റില്‍ അത് പരസ്യപ്പെടുത്തുന്നതോടെ രാജി ഔദ്യോഗികമാവും.

ജൂലൈ 20ന് പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയായിരിക്കും പ്രസിഡന്റ്. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് ഇന്ന് നടക്കും.

ജൂലൈ 19ന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശപത്രിക ക്ഷണിക്കും.

പ്രസിഡന്റ് ഗോതബയ രാജപക്‌സെ തന്റെ ഭാര്യയ്ക്കും അംഗരക്ഷകനുമൊപ്പം അന്റോനോവ് 32 സൈനിക വിമാനത്തിലാണ് മാലദ്വീപിലേക്ക് പോയതെന്ന് ഇമിഗ്രേഷന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ജൂലൈ 9ന് ജനക്കൂട്ടം പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തെ നാവികസേന സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പിന്നീട് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ഒരു നാവിക കപ്പലിലായിരുന്നു അദ്ദേഹം.

എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് താന്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറായതെന്ന് കഴിഞ്ഞ ദിവസം റനില്‍ വിക്രമസിംഗ പറഞ്ഞിരുന്നു.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. കൊവിഡ് മഹാമാരി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. എണ്ണക്ഷാമം മൂലം പല സ്ഥാപനങ്ങളും സ്‌കൂളുകളും സര്‍ക്കാര്‍ ഓഫിസുകളും അടച്ചിട്ടു.

വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഏറ്റവും പുതിയ ഭക്ഷ്യഅരക്ഷിതാവസ്ഥ വിലയിരുത്തല്‍ അനുസരിച്ച്, ഏകദേശം 6.26 ദശലക്ഷം ശ്രീലങ്കക്കാര്‍ക്ക് അല്ലെങ്കില്‍ 10 വീടുകളില്‍ മൂന്ന് എന്ന കണക്കില്‍ അവരുടെ അടുത്ത ഭക്ഷണം എവിടെ നിന്നാണ് വരുന്നതെന്ന് ഉറപ്പില്ല. അനിശ്ചിതത്വവും ഭക്ഷ്യ-മരുന്ന് ക്ഷാമവും അതി രൂക്ഷമാണ്. ചരക്കുനീക്കവും പലയിടങ്ങളിലും നിലച്ചു.

Next Story

RELATED STORIES

Share it