Latest News

പിതാവിനെ വെട്ടിക്കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു; മകന്‍ അറസ്റ്റില്‍

പിതാവിനെ വെട്ടിക്കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു; മകന്‍ അറസ്റ്റില്‍
X

റായ്പൂര്‍: മദ്യലഹരിയില്‍ യുവാവ് പിതാവിനെ വെട്ടിക്കൊന്ന് വാട്ടര്‍ ടാങ്കില്‍ മൃതദേഹം ഉപേക്ഷിച്ച നിലയില്‍. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ ബഹേരപാര സ്വദേശിയായ പരസ് കെര്‍ക്കെട്ട(50)യാണ് കൊല്ലപ്പെട്ടത്. കേസില്‍ മകനായ പ്രഭാത് കെര്‍ക്കെട്ട(25)നെ പോലിസ് അറസ്റ്റ് ചെയ്തു.

പരസ് ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. സ്ഥിരമായി മദ്യപിക്കുന്ന പ്രഭാത് സമീപത്തെ വീട്ടില്‍ വാടകയ്ക്കായിരുന്നു താമസം. തിങ്കളാഴ്ച രാത്രി 11 മണിയോടെ മദ്യലഹരിയില്‍ പ്രഭാത് പിതാവിന്റെ വീട്ടിലെത്തി. മകന്റെ മദ്യപാന ശീലത്തെ പിതാവ് എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് പ്രകോപിതനായ പ്രഭാത് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് പരസിന്റെ തലയില്‍ പലതവണ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരസ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ശേഷം മൃതദേഹം വീട്ടിനടുത്തുള്ള വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച പ്രതി സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ച് സ്വന്തം വാടകവീട്ടിലേക്ക് മടങ്ങിയതായും പോലിസ് പറഞ്ഞു.

അടുത്ത ദിവസം രാവിലെ പരസിനെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് വാട്ടര്‍ ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it