Latest News

'വയനാട് മെഡിക്കല്‍ കോളേജിലെ ശോച്യാവസ്ഥ പരിഹരിക്കുക': മാനന്തവാടിയില്‍ എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി

വയനാട് മെഡിക്കല്‍ കോളേജിലെ ശോച്യാവസ്ഥ പരിഹരിക്കുക: മാനന്തവാടിയില്‍ എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
X

മാനന്തവാടി: ശോച്യാവസ്ഥയിലുള്ള വയനാട്, മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിനെ രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വയനാട് ജില്ലാ കമ്മറ്റി മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ആശുപത്രി കവാടത്തില്‍ പോലിസ് തടഞ്ഞു.

ആദിവാസി ഗോത്രവിഭാഗങ്ങളുടേയും സാധാരണക്കാരുടേയും ഏക ആശ്രയമാണ് പേരുമാറ്റത്തിലൂടെ മെഡിക്കല്‍ കോളേജാക്കി മാറ്റിയ മാനന്തവാടിയിലെ ആശുപത്രി. തുടക്കം മുതല്‍ ജീവനക്കാരുടെ കുറവുമൂലം ദുരിതമനുഭവിക്കുന്ന ആതുരാലയത്തില്‍ കൊവിഡ് ബ്രിഗേഡിനെ പിന്‍വലിച്ചതോടെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്.

ദിനേന മൂന്നൂറോളം പരിശോധനകള്‍ നടന്നിരുന്ന എക്‌സറേ യൂണിറ്റ് പൂര്‍ണമായും നിലച്ചു. സര്‍ക്കാര്‍ കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ കമ്പനി ഫിലിം വിതരണം നിര്‍ത്തിയതാണ് കാരണം. കഴിഞ്ഞ ദിവസം ബ്രഡ് വിതരണവും നിലച്ചതോടെ രോഗികള്‍ക്കുള്ള ഭക്ഷണവും ലഭിക്കുന്നില്ല.

കൊവിഡ് ഐസൊലേഷന്‍ വാര്‍ഡുകളടക്കം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചതിലെ അഴിമതിയും അവശ്യമരുന്നുകളുടെ ദൗര്‍ലഭ്യവും അധികൃതര്‍ അവഗണിക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ റസാഖ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഇക്കാലമത്രയും ഭരണ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ വാഗ്ദാന ലംഘനത്തിന്റെ നേര്‍ക്കാഴ്ചയാണ് വയനാട് മെഡിക്കല്‍ കോളേജെന്നും വയനാടിന്റെ ചിരകാല സ്വപ്നം പൂവണിയാന്‍ പൊതുസമൂഹം സമര പോരാട്ടത്തിനിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറിമാരായ ബബിത ശ്രീനു, സല്‍മ അഷ്‌റഫ്, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മുഹമ്മദലി വി കെ, നിഷ ജിനീഷ് മാര്‍ച്ച് നയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി നാസര്‍, മണ്ഡലം സെക്രട്ടറി നൗഫല്‍ പഞ്ചാരക്കൊല്ലി, സമദ് പിലാക്കാവ് സംസാരിച്ചു.

Next Story

RELATED STORIES

Share it