Latest News

ഷീന ബോറ വധക്കേസ്;ഇന്ദ്രാണി മുഖര്‍ജിക്ക് ഉപാധികളോടെ ജാമ്യം

2012ല്‍ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി എന്ന കേസാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ചുമത്തിയിരിക്കുന്നത്

ഷീന ബോറ വധക്കേസ്;ഇന്ദ്രാണി മുഖര്‍ജിക്ക് ഉപാധികളോടെ ജാമ്യം
X
ന്യൂഡല്‍ഹി:ഷീന ബോറ വധക്കേസില്‍ ഐഎന്‍എക്‌സ് മീഡിയ കമ്പനി മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ആറര വര്‍ഷത്തെ തടവിന് ശേഷമാണ് ഇന്ദ്രാണിക്ക് ജാമ്യം ലഭിച്ചത്.ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു.ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം നല്‍കിയത്.

സിബിഐ പ്രത്യേക കോടതി പലതവണ ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം നിഷേധിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ദ്രാണി മുഖര്‍ജി സുപ്രിംകോടതിയെ സമീപിച്ചത്. ആറര വര്‍ഷം ഇന്ദ്രാണി കസ്റ്റഡിയില്‍ കഴിഞ്ഞെന്നും വിചാരണ ഉടന്‍ അവസാനിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജാമ്യം നല്‍കിയത്.കേസിലെ മറ്റൊരു പ്രതിയായ പീറ്റര്‍ മുഖര്‍ജിക്ക് 2020 ഫെബ്രുവരിയില്‍ ജാമ്യം ലഭിച്ചിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം അനുവദിച്ച എല്ലാ ഉപാധികള്‍ക്കും വിധേയമായി ഇന്ദ്രാണിയെ ജാമ്യത്തില് വിടാനാണ് കോടതി അനുവദിച്ചത്.

2012ല്‍ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി എന്ന കേസാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ചുമത്തിയിരിക്കുന്നത്.രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെയും അദ്ദേഹത്തിന്റെ മുന്‍ ഭാര്യയുടെയും മകനായ രാഹുല്‍ മുഖര്‍ജിയുമായുള്ള മകളുടെ ലിവ്ഇന്‍ ബന്ധത്തെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരെയുളള ആരോപണമെന്ന് സുപ്രിംകോടതി പറഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുളള കേസാണിതെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് ഇന്ദ്രാണി മുഖര്‍ജി മകളെ കൊലപ്പെടുത്തിയത്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷത്തിന് ശേഷം ഡ്രൈവര്‍ ശ്യാംവര്‍ റായ് മറ്റൊരു കേസില്‍ പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് മുംബൈക്ക് സമീപമുള്ള വനത്തില്‍ നിന്നും ഷീന ബോറയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൂന്ന് വര്‍ഷത്തോളം ഷീന ബോറയെ കാണാതായി എന്നായിരുന്നു വിവരം. ഈ കാലയളവില്‍ ഷീന തന്റെ സഹോദരിയാണെന്നും അമേരിക്കയിലേക്ക് മാറിയെന്നുമാണ് ഇന്ദ്രാണി മറ്റുളളവരോട് പറഞ്ഞത്. പിന്നീടാണ് ഷീന ഇന്ദ്രാണിയുടെ മകളാണെന്ന വിവരം പുറത്തായത്. ഇന്ദ്രാണിയെ സഹായിച്ചെന്നാരോപിച്ച് മാസങ്ങള്‍ക്ക് ശേഷം സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയും രണ്ടാം ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജി അറസ്റ്റിലായിരുന്നു. എന്നാല്‍ 2020ല്‍ ബോംബെ ഹൈക്കോടതി പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം അനുവദിച്ചിരുന്നു. ജയിലില്‍ ആയിരിക്കുമ്പോള്‍, ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും വിവാഹമോചനം നേടുകയും ചെയ്തു.

മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് സിബിഐ ഡയറക്ടര്‍ക്കു ജയിലില്‍വച്ച് ഇന്ദ്രാണി മുഖര്‍ജി കത്തയച്ചിരുന്നു. കശ്മീരില്‍ ഷീനയെ കണ്ടതായി സഹതടവുകാരി പറഞ്ഞതായാണു കത്തില്‍. ഇന്ദ്രാണി മുഖര്‍ജിയുടെ അവകാശവാദം സിബിഐ തള്ളിയിരുന്നു. ഷീന യഥാര്‍ഥത്തില്‍ മരിച്ചു എന്നു സ്ഥിരീകരിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നു സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. അസ്ഥികൂടത്തിന്റെ ഡിഎന്‍എ ഇന്ദ്രാണിയുടെയും ഷീനയുടെയും സാംപിളുമായി പൊരുത്തപ്പെടുന്നതാണു മുഖ്യതെളിവെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it