Latest News

ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ

ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷ
X

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ ജീവന് ഭീഷണി വര്‍ധിച്ചുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷയുടെ ഭാഗമായി ഷാരൂഖിനൊപ്പം മഹാരാഷ്ട്ര പോലിസിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ടീമിലുള്ള ആറ് സായുധ പൊലീസ് കമാന്റോകള്‍ ഉണ്ടാകും.

രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും കമാന്റോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഷാരൂഖിന്റെ യാത്ര. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സേവനത്തിന് അനുബന്ധ ചെലവുകള്‍ വഹിക്കാനുള്ള ഉത്തരവാദിത്തം നടനായിരിക്കും. വിഐപി സെക്യൂരിറ്റി വിഭാഗത്തിലെ സ്‌പെഷ്യല്‍ ഐജിപി ദിലീപ് സാവന്താണ് ഷാരൂഖ് ഖാന് സുരക്ഷാ ഭീഷണിയുള്ളതായി അറിയിച്ചത്.

ഉയര്‍ന്ന ഭീഷണിയെ അഭിമുഖീകരിക്കുന്ന ആളുകള്‍ക്കാണ് വൈ പ്ലസ് സുരക്ഷ അനുവദിക്കുക. ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് നടന്‍ സല്‍മാന്‍ ഖാനും വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബോളിവുഡില്‍ മാത്രം രണ്ട് വമ്പന്‍ ഹിറ്റുകളാണ് ഈ വര്‍ഷം ഷാരൂഖ് സമ്മാനിച്ചത്. സസ്‌പെന്‍സ് ത്രില്ലറായ 'ജവാന്‍' ആഗോളതലത്തില്‍1103.27 കോടി രൂപ ബോക്‌സോഫീസ് കലക്ഷന്‍ നേടിയതായി പ്രൊഡക്ഷന്‍ ഹൗസ് റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'പഠാന്‍' ഇന്ത്യയില്‍ 543.05 കോടിയും ആഗോളതലത്തില്‍ 1,050.3 കോടി രൂപയും കലക്ഷന്‍ നേടിയിരുന്നു.




Next Story

RELATED STORIES

Share it