Latest News

അമിത് ഷായുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച; ആന്ധ്ര സ്വദേശി അറസ്റ്റില്‍

അമിത് ഷായുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച; ആന്ധ്ര സ്വദേശി അറസ്റ്റില്‍
X

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച. ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന കേന്ദ്രമന്ത്രിയുടെ സമീപത്ത് വരുകയും നിരോധിത മേഖലയില്‍ ചുറ്റിക്കറങ്ങുകയും ചെയ്തയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആന്ധ്രാപ്രദേശ് സ്വദേശിയായ ഹേമന്ത് പവാര്‍ (32) ആണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നുള്ള ഒരു എംപിയുടെ പേഴ്‌സനല്‍ സെക്രട്ടറിയെന്നുള്ള തിരിച്ചറിയല്‍ കാര്‍ഡും പോലിസ് കണ്ടെടുത്തിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ മണിക്കൂറുകളോളം അമിതാഷായ്ക്ക് ചുറ്റും കറങ്ങിനടന്നു.

മഹാരാഷ്ട്രയില്‍ അമിത്ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെയുടെയും ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും വസതിയായ 'സാഗര്‍' ബംഗ്ലാവിന് വെളിയിലും ഇയാളെ കണ്ടവരുണ്ട്. ഇയാളെ കണ്ട് സംശയം തോന്നിയ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ മുംബൈ പോലിസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സാഗര്‍ ബംഗ്ലാവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പവാര്‍ അറസ്റ്റിലായത്. പവാര്‍ ധരിക്കാന്‍ പാടില്ലാത്ത എംഎച്ച്എ ബാന്‍ഡും ധരിച്ചിരുന്നു. ആന്ധ്രയില്‍ നിന്നുള്ള എംപിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന പവാറിന് പാര്‍ലമെന്റില്‍ പ്രവേശിക്കാനുള്ള പാസ് ഉണ്ടായിരുന്നു.

എന്നാല്‍, എംഎച്ച്എ സ്ട്രാപ്പ് അനുവദനീയമല്ലെന്നും ആള്‍മാറാട്ടത്തിന് തുല്യമാണെന്നും പോലിസ് പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റില്‍ ഇയാളുടെ പേരില്ലെന്നും പോലിസിന് വിവരം ലഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 170 പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തു. നിലവില്‍ അറസ്റ്റ് ചെയ്ത ഇയാളെ അഞ്ച് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അമിത്ഷാ മഹാരാഷ്ട്ര സന്ദര്‍ശിക്കുന്നത്. ഫഡ്‌നാവിസിന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന്റെ കാരണം പോലിസ് അന്വേഷിക്കുകയാണെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കേസാര്‍ക്കര്‍ വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it