Latest News

ദുരിതമനുഭവിക്കുന്നവര്‍ക്ക് 15 കോടി രൂപയുടെ ധനസഹായവുമായി ആര്‍ പി ഫൗണ്ടേഷന്‍

അഞ്ചു കോടി രൂപ നോര്‍ക്ക റൂട്‌സിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് വേണ്ടി വിതരണം ചെയ്യും.

ദുരിതമനുഭവിക്കുന്നവര്‍ക്ക് 15 കോടി രൂപയുടെ ധനസഹായവുമായി ആര്‍ പി ഫൗണ്ടേഷന്‍
X

കൊല്ലം: കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്ക് സഹായ ഹസ്തവുമായി ആര്‍ പി ഫൗണ്ടേഷന്‍. ആഗോളതലത്തില്‍ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ്സ് മേഖലയുടെ തകര്‍ച്ചക്ക് കാരണമാവുകയും ചെയ്ത കൊവിഡ് , പ്രവാസികള്‍ ഉള്‍പ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴില്‍ നഷ്ടത്തിനും ഇടയാക്കിയത് വേദനാജനകമാണെന്നു പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ് ചെയര്‍മാനുമായ ഡോ. ബി രവി പിള്ള പറഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മാതാപിതാക്കള്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ നിലനില്‍പ്പിനായുള്ള അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ടും, ആര്‍ പി ഫൗണ്ടേഷന്‍ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരുടെ വേദന പങ്കിട്ട് അവര്‍ക്ക് താങ്ങും തണലുമാകാന്‍ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കര്‍ത്തവ്യമായി കരുതുന്നുവെന്ന് രവി പിള്ള പറഞ്ഞു. ഈ സാഹചര്യത്തില്‍, കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന അര്‍ഹരായ പരമാവധി ആളുകള്‍ക്ക് എത്രയും പെട്ടന്ന് ആര്‍ പി ഫൗണ്ടേഷന്‍ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതില്‍ അഞ്ചു കോടി രൂപ നോര്‍ക്ക റൂട്‌സിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിന് വേണ്ടി വിതരണം ചെയ്യും.

പത്തു കോടി രൂപ ആര്‍ പി ഫൗണ്ടേഷനിലൂടെ കൊവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, പെണ്‍കുട്ടികളുടെ വിവാഹത്തിനും, ചികിത്സ ആവശ്യങ്ങള്‍ക്കും, വിധവകളായ സ്ത്രീകള്‍ക്കുള്ള സഹായമായും വിതരണം ചെയ്യും. കൊവിഡ് നിമിത്തം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആര്‍ പി ഫൗണ്ടേഷന്‍ ലക്ഷ്യം വക്കുന്നതെന്നും രവി പിള്ള പറഞ്ഞു.

നിലവില്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫൗണ്ടേഷന്‍ നടത്തിവരികയുമാണ്. ഇതുവരെ 85 കോടി രൂപയിലേറെയാണ് ഇതിനായി ചിലവഴിച്ചത്. ഈ സഹായം ലഭിക്കുന്നതിനായി അര്‍ഹരായ ആളുകള്‍ സ്ഥലം എം പി/മന്ത്രി/എം എല്‍ എ/ജില്ലാ കലക്ടര്‍ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആര്‍ പി ഫൗണ്ടേഷന്റെ താഴെ പറയുന്ന അഡ്രസ്സില്‍ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് ഡോ. ബി. രവിപിള്ള നിര്‍ദ്ദേശിച്ചു.

RP Foundation, P.B. No. 23, Head Post Office, Kollam - 01

Kerala, India

OR Email to: rpfoundation@drravipillai.com

Next Story

RELATED STORIES

Share it