Latest News

രാജ്യം ചെറുപ്പത്തിന്റെ ശബ്ദം പ്രതീക്ഷിക്കുന്നു; തൊഴിലില്ലായ്മ ചര്‍ച്ചയാക്കുമെന്നും എഎ റഹീം

രാജ്യത്തെ പുതിയ സാഹചര്യത്തില്‍ പാര്‍ലമെന്റ് തന്നെ ഒരു സമരകേന്ദ്രമാണ്

രാജ്യം ചെറുപ്പത്തിന്റെ ശബ്ദം പ്രതീക്ഷിക്കുന്നു; തൊഴിലില്ലായ്മ  ചര്‍ച്ചയാക്കുമെന്നും എഎ റഹീം
X

തിരുവനന്തപുരം: തനിക്ക് ലഭിച്ച രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ഡിവൈഎഫ്‌ഐക്ക് കിട്ടിയ അംഗീകാരം കൂടിയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എഎ റഹീം. ലഭിച്ച അവസരം രാഷ്ട്രീയ പ്രാധാന്യം മനസിലാക്കി വിനിയോഗിക്കുമെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ ചെറുപ്പത്തിന്റെ ശബ്ദം വരട്ടെ എന്നതാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നില്‍. രാജ്യം ചെറുപ്പത്തിന്റെ ശബ്ദം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ലമെന്റ് ഒരു പ്രധാനസമര കേന്ദ്രമാണ്്. ഇവിടെ രാജ്യത്തെ ജനങ്ങളുടെ ശബ്ദമായി മാറാന്‍ പ്രവര്‍ത്തിക്കുമെന്നും എഎ റഹീം വ്യക്തമാക്കി. രാജ്യത്തെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, തൊഴില്‍സ്ഥിരത ഇല്ലായ്മ എന്നിവ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുമെന്നും എഎ റഹീം പ്രതികരിച്ചു.

എഎ റഹീം

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള മാണിക്കല്‍ പഞ്ചായത്തിലെ തൈക്കാട് ജനിച്ചു. വിമുക്ത ഭടനായ എം അബ്ദുല്‍ സമദും എ നബീസാ ബീവിയുമാണ് മാതാപിതാക്കള്‍. പിരപ്പന്‍കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. പിരപ്പന്‍കോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. കൊല്ലം ജില്ലയിലെ നിലമേല്‍ എന്‍എസ്എസ് കോളജില്‍ പ്രീഡിഗ്രി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോജില്‍ നിന്ന് ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജില്‍ നിന്ന് നിയമബിരുദം നേടി. അഭിഭാഷകനായി എന്റോള്‍ ചെയ്തു.

കേരള സര്‍വ്വകലാശാലയില്‍ ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ ഗവേഷണം തുടരുന്നു. 'അച്ചടിമാധ്യമങ്ങളും കേരളത്തിലെ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളും' എന്നതാണ് ഗവേഷണ വിഷയം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമ. ചെറിയൊരു കാലം മാധ്യമപ്രവര്‍ത്തകനായി കൈരളി ടിവിയില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍വ്വകലാശാല യൂനിയന്‍ ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല നിയമസഭാ നിയോജക മണ്ഡലത്തില്‍നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. യുവധാര മാസികയുടെ എഡിറ്ററായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കുടുംബം: അമൃത സതീശന്‍ (ജീവിത പങ്കാളി), .മക്കള്‍:ഗുല്‍മോഹര്‍, ഗുല്‍നാര്‍.

Next Story

RELATED STORIES

Share it