Latest News

റാഗിങ് എന്ന് പറയുന്നത് ശരിയല്ല, ഉത്തമ ബോധ്യമില്ലാത്തത് പറയരുത്; കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി

പ്രധാന അധ്യാപകനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കും. കുറ്റക്കാരെ സംരക്ഷിക്കില്ല

റാഗിങ് എന്ന് പറയുന്നത് ശരിയല്ല, ഉത്തമ ബോധ്യമില്ലാത്തത് പറയരുത്; കോട്ടണ്‍ ഹില്‍ സ്‌കൂള്‍ വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ യുപി വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടണ്‍ ഹില്‍ സ്‌കൂള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ സ്‌കൂളാണ്. റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് മന്ത്രി പറഞ്ഞത്.

ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങള്‍ പറയരുത്. ഹെഡ്മാസ്റ്റര്‍ക്ക് എതിരായ പരാതികള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പ്രധാന അധ്യാപകനെതിരെ ഉയര്‍ന്ന പരാതികള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നടപടി എടുക്കും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ല എന്നും മന്ത്രി പറഞ്ഞു.

നിയമസഭാ കയ്യാങ്കളിക്കേസില്‍ ഹാജരാവണമെങ്കില്‍ കോടതിയില്‍ ഹാജരാവാം. കോടതി പറഞ്ഞാല്‍ അനുസരിച്ചേ പറ്റൂ. വിടുതല്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരാതിക്കാസ്പദമായ സംഭവം നടന്നത്. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മാസ്‌ക്ക് ഇട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിച്ചിരുന്നില്ല. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യുപി സ്‌കൂള്‍ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികളുണ്ടായിരുന്നു. എന്നാല്‍ പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കള്‍ സംശയിക്കുന്നു. സ്‌കൂള്‍ ഗെയിറ്റിനും ചുറ്റുമതിലിലും സിസിടിവി ക്യാമറകള്‍ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it