Latest News

പേവിഷ ബാധ: സര്‍ക്കാര്‍ നിസ്സംഗത അപകടം വര്‍ധിപ്പിക്കും- കൃഷ്ണന്‍ എരഞ്ഞിക്കല്‍

പേവിഷ ബാധ: സര്‍ക്കാര്‍ നിസ്സംഗത അപകടം വര്‍ധിപ്പിക്കും- കൃഷ്ണന്‍ എരഞ്ഞിക്കല്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും വിഷയത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നത് അപകടം വര്‍ധിപ്പിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. പേവിഷ ബാധയേറ്റ് പാലക്കാട് ഒരു കോളജ് വിദ്യാര്‍ഥിനി മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരണപ്പെട്ടത് 13 പേരാണ്. ഇതില്‍ ഒമ്പതു മരണവും രണ്ടുമാസത്തിനിടയ്ക്കാണെന്നും മരണപ്പെട്ടവരില്‍ വാക്‌സിന്‍ സ്വീകരിക്കപ്പെട്ടവരുമുണ്ടെന്ന റിപോര്‍ട്ട് ഗൗരവതരമാണ്.

ആന്റി റാബിസ് വാക്‌സിന്റെ ഗുണനിലവാരം അടിയന്തരമായി പരിശോധിക്കപ്പെടണം. കൂടാതെ ചര്‍മത്തിനുള്ളിലെ കുത്തിവയ്പ്പ് ഞരമ്പിലോ മസിലിലോ ആയാല്‍ ഫലപ്രദമാവില്ലെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ച് ഇത് കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സാങ്കേതിക പരിശീലനം യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കണം. ഇതിലെല്ലാമുപരിയായി സംസ്ഥാനത്തിന്റെ തെരുവുകളും പൊതുനിരത്തുകളും കീഴടക്കിയിരിക്കുന്ന തെരുവുനായകളെ നിയന്ത്രിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ തയ്യാറാവണം.

ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി വഴി കോടികള്‍ ചെലവഴിച്ചെങ്കിലും ഇവയുടെ പെരുപ്പം നിയന്ത്രിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രാത്രിയായാല്‍ പുറത്തിറങ്ങി നടക്കാനാവാത്തവണ്ണം നഗരങ്ങളുടെയും തെരുവുകളുടെയും നിയന്ത്രണം തെരുവുനായ്ക്കളുടെ കൈകളിലാണ്. പകല്‍ സമയങ്ങളില്‍ സ്‌കൂള്‍ വിട്ടു വരുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും തെരുവുനായ്ക്കളാണ്. നായ്ക്കളുടെ വളര്‍ത്തുമായി ബന്ധപ്പെട്ട് ലൈസന്‍സ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കുകയും തെരുവുനായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിനുള്ള സത്വര നടപടി ഉണ്ടാവണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it