Latest News

ചെലവു കുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി പൂനെ സ്റ്റാര്‍ട്ട് അപ്പ്

50000ത്തില്‍ കുറവ് വിലയ്ക്ക് വെന്റിലേറ്ററുകള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്

ചെലവു കുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി പൂനെ സ്റ്റാര്‍ട്ട് അപ്പ്
X

പൂനെ: രാജ്യം കൊറോണ വൈറസ് ബാധയില്‍ തരിച്ചുനില്‍ക്കുമ്പോള്‍ വെന്റിലേറ്ററുകളുടെ അഭാവമാണ് അധികാരികളെ ഭയപ്പെടുത്തുന്നത്. അതിനൊരു പരിഹാരവുമായാണ് ചെലവുകുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്‍ഒസിസിഎ റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പൂനയിലെ ഒരു സ്റ്റാര്‍ട്ട് അപ്പ് ആണ് ഇത്തരം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഗവേഷണം നടത്തുന്നത്. 50000ത്തില്‍ കുറവ് വിലയ്ക്ക് വെന്റിലേറ്ററുകള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് അതിന് സഹായിക്കുന്ന ഉപകരണമാണ് വെന്റിലേറ്റര്‍.

ഐഐടി കാന്‍പൂരിലെ ഏതാനും പൂര്‍വവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 2017ല്‍ രൂപം കൊടുത്ത ഒരു സ്റ്റാര്‍ട്ട്അപ്പ് ആണ് നോക്ക. സോളാര്‍ പ്ലാന്റുകള്‍ വൃത്തിയാക്കുന്നതിനുള്ള റോബോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഗവേഷണത്തിലായിരുന്നു ഇവിടത്തെ എഞ്ചിനീയര്‍മാര്‍.

''ഒരു പോര്‍ട്ടബില്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കുകയാണ് ഞങ്ങളുടെ പദ്ധതി. 50000 രൂപയ്ക്ക് താഴെ അത് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതൊരു പൂര്‍ണരൂപത്തിലുള്ള വെന്റിലേറ്ററല്ല. കൊവിഡ് 19 രോഗികള്‍ക്ക് പ്രത്യേകം ഉപയോഗിക്കാന്‍ സാധിക്കുന്ന രൂപത്തിലാണ് വെന്റിലേറ്റര്‍ തയ്യാറാക്കുന്നത്. '' കമ്പനി സ്ഥാപകരിലൊരാളായ നിഖില്‍ കുരെലെ പറഞ്ഞു.

''ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഏതാനും ഡോക്ടര്‍മാരെ കണ്ടിരുന്നു. രോഗികള്‍ക്ക് എന്താണ് ആവശ്യമെന്ന് അവര്‍ ഞങ്ങള്‍ക്ക് വിവരിച്ചുതന്നു. ശ്വാസകോശം തകര്‍ന്നുപോകുന്ന തരത്തിലുള്ള അവസ്ഥയാണ് രോഗികളില്‍ ഉണ്ടാവുക. രോഗം മൂര്‍ച്ഛിച്ചാല്‍ ശ്വാസകോശം ദുര്‍ബലമാവും. രോഗിയുടെ മസിലുകള്‍ക്ക് ശ്വസനപ്രക്രിയ തുടര്‍ന്നുകൊണ്ടുപോകാനുള്ള ശേഷിയുണ്ടാവില്ല. രോഗി വായു കിട്ടാതെ മരണത്തിലേക്ക് നീങ്ങും. ഈ സമയത്താണ് വെന്റിലേഷന്‍ വേണ്ടി വരുന്നത്''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 30-40 വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ കമ്പനി വക ഫാക്ടറിയില്‍ തുടങ്ങിക്കഴിഞ്ഞു. അത് പുറത്തുവിടും മുമ്പ് പല തരം പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതുസംബന്ധിച്ച നിയമനടപടികളും പൂര്‍ത്തിയാക്കണം. വെന്റിലേറ്ററുകള്‍ കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും പല രാജ്യങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സമയത്ത് ഇത്തരമൊരു ഉപകരണമാണ് രാജ്യത്തിന് ഉപകാരപ്പെടുകയെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെയും മറ്റു പല ഗവേഷണ ഏജന്‍സികളുടെയും കണക്കുപ്രകാരം ഇന്ത്യയില്‍ 30000-50000 വെന്റിലേറ്ററുകളാണ് നിലവിലുള്ളത്. ഈ വര്‍ഷം ജൂലൈയോടെ പത്ത് ലക്ഷം വെന്റിലേറ്ററുകളെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1834 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 1649 എണ്ണം ഇപ്പോള്‍ രോഗമുള്ളവരാണ്. 144 പേര്‍ രോഗം ഭേദമാവുകയോ രാജ്യം വിടുകയോ ചെയ്തു. 41 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it