Latest News

പൗരത്വ ഭേദഗതി നിയമം: പ്രവാസലോകത്തും പ്രതിഷേധം ശക്തം, വേണ്ടത് ഒരുമിച്ചുള്ള പോരാട്ടമെന്ന് പൗരസഭ

പൗരത്വ ഭേദഗതി നിയമം: പ്രവാസലോകത്തും പ്രതിഷേധം ശക്തം, വേണ്ടത് ഒരുമിച്ചുള്ള പോരാട്ടമെന്ന് പൗരസഭ
X

അബഹ: ഭിന്നതകള്‍ മാറ്റിവച്ച് ഒരുമിച്ചുള്ള പ്രതിഷേധങ്ങള്‍ക്കേ പൗരത്വ ഭേദഗതി ബില്‍ പോലുള്ള നിയമങ്ങളെ മറികടക്കാന്‍ കഴിയൂവെന്ന് പൗരസഭ അഭിപ്രായപ്പെട്ടു. 'മതേതര രാജ്യത്ത് മതം നോക്കി പൗരത്വം' എന്ന തലക്കെട്ടില്‍ ഐ.സി.എഫ് അബഹ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൗരസഭയിലാണ് വിവിധ തുറകളിലുള്ള സാമൂഹിക രാഷ്ട്രീയ നിരീക്ഷകര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അബഹ ദാറുസ്സലാം ഓഫീസില്‍ നടന്ന പരിപാടി ഐ.സി.എഫ് സൗത്ത് പ്രവിന്‍സ് പബ്ലിക്കേഷന്‍ സെക്രട്ടറി സൈനുദ്ദീന്‍ അമാനി കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

ഐസിഎഫ് അബഹ സെന്‍ട്രല്‍ പ്രസിഡന്റ് ബശീര്‍ അന്‍വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ജനസാനിധ്യം കൊണ്ട് ശ്രദ്ദേയമായിരുന്നു. വാസ്‌കോഡ ഗാമ മുതല്‍ സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള മുഴുവന്‍ വൈദേശിക ആധിപത്യത്തിനെതിരേയും സന്ധിയില്ലാ സമരം ചെയ്ത മുസ്്‌ലിം സമുദായത്തോട് പൗരത്വരേഖകള്‍ ഹാജരാക്കാന്‍ പറയുന്നതിലെ ന്യായം മനസ്സിലാകുന്നില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ ഷാഹുല്‍ ഹമീദ് കോട്ടക്കല്‍ അഭിപ്രായപ്പെട്ടു. ബഹുസ്വരതക്കെതിരേയുള്ള കടന്നുകയറ്റമാണ് പൗരത്വ ഭേദഗതി നിയമമെന്നും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവനും ജീവിതവും നല്‍കിയ കുഞ്ഞാലി മരക്കാര്‍മാരുടെയും വാരിയന്‍ കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെയും വാഗണ്‍ദുരന്തം ഏറ്റുവാങ്ങിയവരുടെയും തലമുറ ഇതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നിലുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുത്തലാഖ്, യുഎപിഎ, ബാബരി മസ്ജിദ്, കശ്മീര്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ജനാധിപത്യ സമൂഹം സ്വീകരിച്ച അശ്രദ്ധയും പ്രതികരണശേഷിയില്ലായ്മയുമാണ് ഫാഷിസ്റ്റുകള്‍ക്ക് ഇത്തരത്തിലുള്ള ബില്ലുകള്‍ കൊണ്ടുവരാനും ഇരുസഭകളിലും പാസ്സാക്കി നിയമമാക്കാനും സാധിക്കുന്നതെന്ന് കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. ലുഖ്മാന്‍ സൂചിപ്പിച്ചു. ആര്‍എസ്എസ്സുകാര്‍ ചുട്ടെടുക്കുന്ന ഏതു ബില്ലും വളരെ പെട്ടന്നാണ് ഇരു സഭകളും പാസ്സാക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മാത്രം 28 ല്‍ പരം ബില്ലുകളാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. അതില്‍ കൂടുതലും മുസ്്‌ലിംകളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു. സുപ്രിം കോടതിയടക്കമുള്ള നീതിപീഠങ്ങള്‍ തെളിവുകള്‍ക്കധീതമായി വിശ്വാസങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന പ്രവണത കൂടി വരികയാണെന്നും ബാബരിവിധി അതിനുദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതം നോക്കി പൗരത്വം നല്‍കാനുള്ള അമിത് ഷായുടെ കുബുദ്ധി രാജ്യം നാളിതുവരെ തുടരുന്ന നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിനും ഭരണഘടനക്കുമെതിരാണ്. കൂടാതെ രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുന്നതിലൂടെ രാജ്യത്ത് സമാധാനം നഷ്ടപ്പെടുമെന്നും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സമുദായ നേതൃത്വം കൂടിയിരുന്ന് ഉചിതമായ തീരുമാനമെടുക്കണമെന്നും ഭരണഘടനയും മതേതരത്വവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളും ഇത്തരം ഭീഷണികള്‍ക്കെതിരേ പടക്കളത്തിലുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രേഖകള്‍ തപ്പി നോക്കി സമയം കളയാതെ പൗരത്വഭേദഗതി ബില്ല് ബഹിഷ്‌ക്കരിക്കണമെന്നും ഒരുമിച്ചുള്ള പോരാട്ടങ്ങള്‍ക്കു തുടക്കം കുറിക്കേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ സംബന്ധിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ സ്‌റ്റേറ്റ് പ്രസിഡന്റ് ഷറഫുദ്ദീന്‍ പഴേരി അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ സംബന്ധി ച്ച ഡോ. തഫസ്സുല്‍ ഇഹ്ജാസ് തലശ്ശേരി, അബ്ദുസ്സലാം കുറ്റിയാടി (ഐസിഎഫ്)

പ്രകാശന്‍ നാദാപുരം(ഒ.ഐ.സി.സി), ഹബീബ് മൗലവി(എസ്.ഐ.സി), പ്രഫസര്‍ ജാബിര്‍ കൊടിയത്തൂര്‍, സിദ്ദീഖ് മൗലവി കിളിരാണി(ഐ.സി.എഫ്), സലീം (കൈരളി) എന്നിവരും പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധമറിയിക്കുകയും ഭിന്നതകള്‍ മറന്ന് ഒരുമിക്കേണ്ട സമയം അതിക്രമിച്ചതായും ഭരണഘടനക്കെതിരേയുള്ള കടന്നു കയറ്റം അനുവദിച്ചു കൂടായെന്നും സൂചിപ്പിച്ചു. ഇബ്രാഹിം സഖാഫി ചര്‍ച്ച മോഡറേറ്റ് ചെയ്തു. സെന്‍ട്രല്‍ ജനറല്‍ സിക്രട്ടറി അബ്ദുള്ള ദാരിമി വളപുരം സ്വാഗതവും മുഹമ്മദ് കുട്ടി മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.




Next Story

RELATED STORIES

Share it