Latest News

പഴയപടക്കുതിരയുടെ നീക്കങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്നു; പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി പി ശശിയുടെ പോലിസ് ഭരണം

മുഖ്യമന്ത്രിയും സര്‍ക്കാരും വിവാദങ്ങളില്‍പെട്ട് നട്ടം തിരിയുമ്പോഴാണ് പി ശശി 90കളിലെ തിരക്കഥ 2022ല്‍ ഓടിക്കാന്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്

പഴയപടക്കുതിരയുടെ നീക്കങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്നു; പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി പി ശശിയുടെ പോലിസ് ഭരണം
X

തിരുവനന്തപുരം: കേരളീയ സമൂഹത്തില്‍ ഒരു പൊതുശല്യക്കാരനായി മാറിയ പിസി ജോര്‍ജിനെതിരായ രാഷ്ട്രീയനീക്കങ്ങള്‍ പാളിപ്പോയതിന്റെ അമ്പരപ്പിലാണ് സിപിഎമ്മും സര്‍ക്കാരും. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായ ശേഷമുള്ള പോലിസ് നടപടികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടതില്‍ ഉന്നതനേതാക്കളടക്കം നീരസത്തിലാണ്. സ്വര്‍ണക്കടത്തിലടക്കം മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരേ ആരോപണപ്പെരുമഴ പെയ്ത് നടക്കുമ്പോള്‍ എടുത്ത് ചാടിയുള്ള അനാവശ്യനടപടികള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനേയും കൂടുതല്‍ വെട്ടിലാക്കുന്നുവെന്നാണ് പ്രധാനവിമര്‍ശനം. 90കളിലെ തിരക്കഥ 2022ല്‍ ഓടില്ലെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു. പഴയ തട്ടുപൊളിപ്പന്‍ സിനിമകളിലെ പോലെ അത്യന്തം നാടകീയത നിറഞ്ഞ പി ശശിയുടെ നീക്കങ്ങള്‍ പാതിവഴിയില്‍ അസ്തമിക്കുന്നതാണ് കാണുന്നത്.

എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഏറ്റവും വലിയ തീരുമാനമായിരുന്നു പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുക എന്നത്. രക്തസാക്ഷി കുടുംബങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഏറെ ആക്ഷേപങ്ങള്‍ ക്ഷണിച്ച് വരുത്തിയ നേതാവാണ് പി ശശി. ഇൗ പരാതികളുടെ പശ്ചാത്തലത്തില്‍ ഒരുഘട്ടത്തില്‍ മുഴുവന്‍ സമയരാഷ്ട്രീയം പ്രവര്‍ത്തനം പോലും ശശിയ്ക്ക് അവസാനിപ്പിക്കേണ്ടിവന്നിരുന്നു. പി ശശി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കാലത്തെ പോലിസല്ല ഇപ്പോഴുള്ളതെന്ന് മനസ്സിലാക്കുന്നതില്‍ ശശിയും ഒപ്പം പാര്‍ട്ടിയും ഒരുപടി പിന്നിലാണ്.

സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയല്ലാതിരുന്നിട്ടും പി ശശിയെ സംസ്ഥാന സമിതിയംഗമാക്കി. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സര്‍വ്വാധികാരത്തോടെ ശശി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. പതുക്കെ പോലിസ് ഭരണത്തിന്റെ നിയന്ത്രണം ശശി ഏറ്റെടുത്തു.

പക്ഷേ സുപ്രധാന നീക്കങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. സ്വര്‍ണക്കടത്ത് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്വപ്നയുടെ ഫ്‌ലാറ്റില്‍ കയറി സരിത്തിനെ പിടികൂടിയത് ആദ്യം പൊളിഞ്ഞു. ഗൂഢാലോചന ആരോപിച്ച് ഒന്നിന് പിറകേ ഒന്നായി കേസുകളെടുത്തതും പോലിസിന്റെ വിശ്വാസ്യതയെ ബാധിച്ചു. കെടി ജലീലിന്റെ ഗൂഢാലോചന പരാതിയില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌നയ്‌ക്കെതിരേ കലാപമുണ്ടാക്കാന്‍ ഉള്‍പ്പെടെ കേസെടുത്തത് പോലിസിന് തന്നെ നാണക്കേടായി.

അനന്തപുരി ഹിന്ദുസമ്മേളനത്തിലെ വിദ്വേഷ പ്രസംഗക്കേസില്‍ പൂഞ്ഞാറില്‍ നിന്ന് പിസി ജോര്‍ജിനെ പിടിച്ച് കൊണ്ട് വന്നെങ്കിലും വൈകിട്ട് ജാമ്യം കിട്ടി പിസി ഇറങ്ങിപ്പോയപ്പോള്‍ നാണം കെട്ടത് പോലിസ് മാത്രമല്ല സര്‍ക്കാരും മുന്നണിയുമാണ്. ഈ അറസ്റ്റില്‍ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച പോലിസിനെതിരേ ഒരു നടപടിയും ഇന്നേവരെ ഉണ്ടായിട്ടില്ല.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു ദിവസം ജോര്‍ജിനെ ജയിലില്‍ കിടത്താനായതാണ് ഏക ആശ്വാസം. ഇന്നലത്തെ സംഭവങ്ങള്‍ ഏത് തരത്തില്‍ വ്യാഖ്യാനിച്ചാലും വന്‍തിരിച്ചടിയാണ്. ഉച്ചക്ക് 12.40ന് പരാതി വരുന്നു. 1.29ന് അറസ്റ്റുണ്ടാകുമെന്ന് പിസി ജോര്‍ജിനെ അറിയിക്കുന്നു. 2.50ന് പോലിസ് കസ്റ്റഡിയിലെടുക്കുന്നു. 3.50ന് അറസ്റ്റ് രേഖപ്പെടുത്തുന്നു. പക്ഷേ ശശിയുടെ തന്ത്രങ്ങള്‍ക്ക് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള വഞ്ചിയൂര്‍ കോടതി വരെയേ ആയുസുണ്ടായുള്ളു.

ലൈംഗിക പീഡനക്കേസായിട്ട് പോലും ഒരു പ്രതിയെ ജയിലലടയ്ക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമായ വാദങ്ങളായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ നിരത്തിയത്. പോലിസിന് മുന്നിലെ കുറ്റസമ്മത മൊഴിമാത്രമേ കോടതിയില്‍ പറയാനുണ്ടായിരുന്നുള്ളൂ. അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ച് പുഷ്പം പോലെ പിസി ജോര്‍ജ് പൂഞ്ഞാറിലേക്ക് പോയി. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അറസ്റ്റും തുടര്‍നടപടികളും നേരിടേണ്ടി വരുമെന്ന പി ശശി തിയറി കോടതി വലിച്ചെറിഞ്ഞു. എന്ത് സംഭവിച്ചുവെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലും മുന്നണിയിലും കടുത്ത വിമര്‍ശനമായി വളരുകയാണ്.

പ്രതിയ്ക്ക് കൂടുതല്‍ പൊതുസമ്മതി ലഭിക്കുന്നതിനുള്ള അധരവ്യായാമമായി തീരുകയാണ് പി ശശിയുടെ നീക്കങ്ങള്‍. പി ശശിയുടെ തിരക്കഥയാണെങ്കിലും പോലിസില്‍ നിന്ന് തന്നെ പ്രതിഭാഗത്തിന് കൃത്യമായ വിവരം ചോര്‍ന്ന് ലഭിക്കുന്നത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. പോലിസിലെ സംഘപരിവാര്‍ ഇടപെടല്‍ പി ശശിയുടെ നീക്കങ്ങളെ എട്ടു നിലയില്‍ പൊട്ടിക്കാന്‍ പര്യാപ്തമാണ്.

ഇതിന് പുറമെ, നഗരമധ്യത്തിലെ എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ ഒരാളെ പോലും പോലിസിന് പിടിക്കാനായില്ല. മുഖ്യമന്ത്രിയ്‌ക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ വധശ്രമമുള്‍പ്പെടെ ചാര്‍ത്തി ജയിലിടച്ചിട്ടും മൂന്ന് ദിവസത്തിനുള്ളില്‍ ജാമ്യം നേടി പുറത്ത് വന്നതും പോലിസിന്റെ പരാജയം തന്നെയാണ്.

അതേസമയം, ആലപ്പുഴയിലുള്‍പ്പെടെ നിരപരാധികളെ കള്ളക്കേസെടുത്ത് ആഴ്ചകളായി തടവിലാക്കി ജാമ്യം നിഷേധിക്കുകയും സംഘപരിവാര്‍ അനുകൂലികളായ പ്രതികളെ രക്ഷിച്ചെടുക്കാന്‍ പാകത്തില്‍ നീക്കം നടത്തുകയും ചെയ്യുന്നത് പി ശശി-സിപിഎം തിയറിയായേ കാണാന്‍ കഴിയൂ.

Next Story

RELATED STORIES

Share it