Latest News

പ്രത്യേക സമുദായക്കാര്‍ കലക്ടര്‍ പദവിയും ഉന്നതവിദ്യാഭ്യാസരംഗവും കയ്യടക്കുന്നു: മുസ്‌ലിംകള്‍ക്കെതിരേ വംശീയപരാമര്‍ശവുമായി പി സി ജോര്‍ജ് എംഎല്‍എ

പ്രത്യേക സമുദായക്കാര്‍ കലക്ടര്‍ പദവിയും ഉന്നതവിദ്യാഭ്യാസരംഗവും കയ്യടക്കുന്നു: മുസ്‌ലിംകള്‍ക്കെതിരേ വംശീയപരാമര്‍ശവുമായി പി സി ജോര്‍ജ് എംഎല്‍എ
X

ഈരാറ്റുപേട്ട: മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് പൂഞ്ഞാർ എംഎല്‍എ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നുവെന്നായിരുന്നു പി സി ജോര്‍ജ് ആരോപിച്ചത്. കേരളത്തിലെ കലക്ടര്‍മാരില്‍ ഏഴ് പേര്‍ മുസ്‌ലിംകളാണെന്നും മതത്തിന്റെ പേരെടുത്തു പറയാതെത്തന്നെ പി സി ജോര്‍ജ് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ടയിലെ അരുവിത്തുറയില്‍ പിഎസ്‌സിയിലെ നിയമനപ്രശ്‌നത്തിലും ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം.

കേരളത്തിലെ 14 ജില്ലകളില്‍ ഏഴിലും ഒരു പ്രത്യേക മതവിഭാഗത്തിലെ അംഗങ്ങളാണെന്നാണ് പി സി ജോര്‍ജ് പ്രസംഗത്തില്‍ ആരോപിച്ചത്. മുസ്‌ലിം സമുദായാംഗങ്ങളായ കലക്ടര്‍മാരെയാണ് പി സി ജോര്‍ജ് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹം മതത്തിന്റെ പേരെടുത്ത് പറഞ്ഞിരുന്നില്ല. ''കേരളത്തിലെ 14 ജില്ലകളിലെ ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവരാണ്.'' ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നാണ് പി സി ജോര്‍ജിന്റെ കത്തോലിക്കാ സഭാ നേതൃത്വത്തിനുള്ള ഉപദേശം. യഥാര്‍ത്ഥത്തില്‍ നാല് പേരാണ് സംസ്ഥാനത്ത് മുസ്‌ലിംകള്‍ കലക്ടര്‍മാരായിട്ടുള്ളത്.

തുടര്‍ന്നദ്ദേഹം അതിന്റെ വിശദീകരണത്തിലേക്ക് കടക്കുന്നു: ''ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്ന് പറഞ്ഞാല്‍ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തൊടങ്ങിയതാ... പക്ഷേ ഇന്നത്തെ നിലയെന്താ... വിദ്യാഭ്യാസത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്. ഐഎഎസ്, ഐഇസ്, ഐഎഫ്എസ് കോഴ്സുകള്‍ എടുത്തുനോക്കണം. അഖിലേന്ത്യാ സര്‍വീസുകള്‍ എടുത്തു പരിശോധിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളരെ താഴെയാണ്. എന്താണതിന് കാരണമെന്ന് ഈ സഭ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്''- അവിടെ വച്ച് നിര്‍ത്താതെ 'എന്റെ മനസ്സിലതുണ്ട് ഞാനത് പറയുന്നില്ലെന്ന്' പറഞ്ഞ് അവസാനിപ്പിക്കുന്ന പിസി ജോര്‍ജ്ജ് അഖിലേന്ത്യാ തലത്തില്‍ ഹിന്ദുത്വ സംഘടനകളും സുദര്‍ശന്‍ ടിവി പോലുള്ള ഫാഷിസ്റ്റ് മാധ്യമങ്ങളും തുടങ്ങിവച്ച ചര്‍ച്ച തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. അഖിലേന്ത്യാ സര്‍വീസുകളില്‍ മുസ്‌ലിംകള്‍ ധാരാളമായി എത്തുന്നുവെന്നും അത് ഗൂഢാലോചനയാണെന്നുമാണ് 'യുപിഎസ് സി ജിഹാദ്' എന്ന പരിപാടി വഴി സുദര്‍ശന്‍ ടിവി ആരോപിച്ചത്. ഇത് ഇന്ത്യയിലെ നിരവധി മാധ്യമങ്ങളും ഹിന്ദുത്വരും ഏറ്റുപിടിക്കുകയും ചെയ്തു. പിന്നീട് അതിനെതിരേ കോടതി തന്നെ രംഗത്തുവരികയുണ്ടായി. പിസി ജോര്‍ജ് കേരളീയ സാഹചര്യത്തില്‍ പറഞ്ഞുവയ്ക്കുന്നതും ഇതുതന്നെയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖല മുസ് ലിംകള്‍ കയ്യടക്കുകയാണെന്നാണ് മറ്റൊരു ആരോപണം. കെ ടി ജലീലിന്റെ പേരെടുത്തു പറയാതെ സ്വര്‍ണക്കടത്തുകാരന്‍ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണെന്നാണ് ജോര്‍ജിന്റെ ആരോപണം. മുസ്‌ലിംകളെ നിയമിക്കുന്നതിനെതിരേ രംഗത്തുവരാത്ത ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാര്‍ക്കെതിരേയുള്ള രോഷവും ജോര്‍ജ് മറച്ചുവയ്ക്കുന്നില്ല. തങ്ങളുടെ വകുപ്പുകളില്‍ കുറേയേറെ തസ്തികകള്‍ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നാണ് ജോര്‍ജിന്റെ ആവശ്യം.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സ്‌ലര്‍ പദവി തീരുമാനിക്കുന്ന സമയത്ത് താന്‍ നടത്തിയ ഇടപെടല്‍ ഒരു മാതൃകയെന്ന നിലയില്‍ പി സി ജോര്‍ജ് പ്രസംഗമധ്യേ വെളിപ്പെടുത്തി. വൈസ് ചാന്‍സ്‌ലറായ സിറിയക് തോമസിന്റെ നിയമപ്രശ്‌നം വന്നപ്പോള്‍ ബി ഇക്ബാലിന്റെ പേരാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിച്ചതെന്നും ഒടുവില്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാന്‍സ്‌ലറാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളര്‍ന്നെന്നും അതേ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം സഭാ അധികാരികളെ ഓര്‍മിപ്പിച്ചു. ആത്മീയ നേതൃത്വമായ മെത്രാന്‍മാര്‍ക്ക് വിശ്വാസികളുടെ ഭൗതികകാര്യങ്ങളിലും ശ്രദ്ധവേണമെന്ന് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

തുടര്‍ന്നദ്ദേഹം പാകിസ്താനില്‍ മുസ്‌ലിംകള്‍ എങ്ങനെയാണ് മറ്റ് മതസ്ഥരെ ആക്രമിക്കുന്നതെന്നതിലേക്ക് കടന്നു. അവിടെ ഭരണകൂടം എല്ലാവരെയും മുസ് ലിംകളാക്കിയെന്നും ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും മോസ്‌കുകളാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഒരു മുസ്‌ലിം പളളിയും തകര്‍ക്കപ്പെട്ടിട്ടില്ലെന്നും ജോര്‍ജ് അവകാശപ്പെട്ടു: ഇവിടെ ഒരു മുസ്ലിം ദേവാലയവും തകര്‍ക്കപ്പെട്ടില്ല. പക്ഷേ പാകിസ്താനില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ മുഴുവന്‍ ചുട്ടുകരിച്ചു എന്നു മാത്രമല്ല, സ്വത്തുക്കള്‍ മുഴുവന്‍ ഇസ്ലാമുകളുടേതാക്കി മാറ്റി. മുസ്ലിം പള്ളികളാക്കി മാറ്റി. ഹൈന്ദവ ക്ഷേത്രങ്ങള്‍ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകര്‍ത്തു. പക്ഷേ ആ ക്ഷേത്രത്തില്‍ പോകാന്‍ ഹിന്ദുക്കളില്ല. അവരെയെല്ലാം മുസ്ലിംകളാക്കി''.

എന്നും വര്‍ഗീയ, ജാതീയ, സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നയാളാണ് പി സി ജോര്‍ജ്ജ്. 2011 ഒക്ടോബറില്‍ കൊല്ലം പത്തനാപുരത്തെ യുഡിഎഫ് യോഗത്തില്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ ക ബാലനെ ജാതി പറഞ്ഞാണ് അദ്ദേഹം ആക്ഷേപിച്ചത്. മുസ് ലിംകളെ ആക്ഷേപിക്കുന്ന ജോര്‍ജിന്റെ ഒരു ഫോണ്‍കോളും കുറച്ചുകാലം മുമ്പ് പുറത്തുവന്നിരുന്നു. തങ്ങളെ യൂട്യൂബ് വഴി അപമാനിച്ച ഒരാളെ ആക്രമിച്ച മൂന്ന് സ്ത്രീകള്‍ക്കെതിരേ പി സി ജോര്‍ജ് വംശീയവും സ്ത്രീവിരുദ്ധവുമായ ആക്ഷേപങ്ങള്‍ ചൊരിഞ്ഞത് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ്.

Next Story

RELATED STORIES

Share it