Latest News

ഒഡീഷയില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

ഒഡീഷയില്‍ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും
X

ഭുവനേശ്വര്‍: ഒഡീഷയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. 2024ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരില്‍ അടിമുടി മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഒരുങ്ങിയത്. ഇതിന്റെ ഭാഗമായി എല്ലാ മന്ത്രിമാരും രാജിവച്ചിരുന്നു. പുതിയ മന്ത്രിസഭാ അംഗങ്ങള്‍ ഞായറാഴ്ച രാവിലെ 11.14ന് രാജ്ഭവനിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും. വിവാദങ്ങളില്‍പ്പെട്ടവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനാണ് പട്‌നായിക്കിന്റെ നീക്കം.

യുവാക്കളും അനുഭവസമ്പന്നരും ഉള്‍പ്പെടുന്നതാവും പുതിയ മന്ത്രിസഭയെന്ന് നവീന്‍ പട്‌നായിക് വ്യക്തമാക്കി. മന്ത്രിസഭാ പുനസ്സംഘടനയില്‍ യുവനിരക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് സൂചന. മന്ത്രിസഭയില്‍ നിന്ന് പുറത്തായ ചില മന്ത്രിമാര്‍ക്ക് അടുത്ത തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാര്‍ട്ടി സംഘടനയില്‍ സുപ്രധാന ചുമതലകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റായ ലോക്‌സേവാ ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് മന്ത്രിമാരുടെ രാജി സ്വീകരിച്ചത്. പുരി സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ പ്രഫ. ഗണേഷി ലാലിനെ പുനസ്സംഘടനയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും പിന്നിലാക്കി ബിജെഡി തന്നെയാണ് ഒഡീഷയില്‍ വിജയിച്ചത്. 2000 മുതല്‍ തുടര്‍ച്ചയായി അഞ്ചാം തവണയും അധികാരത്തിലെത്തിയ നവീന്‍ പട്‌നായിക്ക് കൂടുതല്‍ കരുത്തനാണെന്ന് തെളിയിക്കുന്നതായിരുന്നു ഉപതിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച ഒഡീഷയിലെ ബ്രജ്രാജ് നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെഡി സ്ഥാനാര്‍ഥി അളക മൊഹന്തി 65,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കിഷോര്‍ പട്ടേലിനെയാണ് തോല്‍പ്പിച്ചത്. ബിജെഡി എംഎല്‍എ കിഷോര്‍ മൊഹന്തിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Next Story

RELATED STORIES

Share it