Latest News

ഇന്ത്യന്‍ നിയമം അനുസരിക്കുക; ട്വിറ്ററിനെ വിളിച്ചുവരുത്തി പാര്‍ലമെന്ററി പാനല്‍

ഇന്ത്യന്‍ നിയമം അനുസരിക്കുക; ട്വിറ്ററിനെ വിളിച്ചുവരുത്തി പാര്‍ലമെന്ററി പാനല്‍
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ നടക്കുന്ന സംഘര്‍ഷം പുതിയ തലത്തിലേക്ക്. ഇത്തവണ വിവിധ പാര്‍ട്ടി പ്രതിനിധികള്‍ അടങ്ങുന്ന പാര്‍ലമെന്ററി പാനലാണ് ട്വിറ്റര്‍ പ്രതിനിധികളെ ചോദ്യം ചെയ്തത്. ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് കനത്ത ചോദ്യങ്ങളെ നേരിടേണ്ടിവന്നുവെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇന്ത്യന്‍ നിയമമനുസരിച്ചായിരിക്കണമെന്നും അതാണ് പ്രാഥമികമെന്നും പാനല്‍ കമ്പനി പ്രതിനിധികളെ അറിയിച്ചു.

95 മിനിട്ടാണ് മൊഴിയെടുത്തത്. ട്വിറ്ററിനെ പ്രതിനിധീകരിച്ച് ഹാജരായവരോട് കമ്പനിയിലെ സ്ഥാനവും പദവിയും നയപരമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരവും സംബന്ധിച്ച് എഴുതി നല്‍കാന്‍ പാനല്‍ ആവശ്യപ്പെട്ടു.

ട്വിറ്ററിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നയങ്ങളാണ് പ്രധാനമെന്നും അത് പാലിക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു. അതോടൊപ്പം ഇന്ത്യന്‍ നിയമങ്ങളെ മാനിക്കുമെന്നും അവര്‍ അറിയിച്ചു.

പൗരാവകാശ സംരക്ഷണം, സുതാര്യത, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവക്കിടയിലാണ് കമ്പനി നയങ്ങള്‍ തീരുമാനിക്കുന്നത്. ഒപ്പം ഇന്ത്യാ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യും- ട്വിറ്റര്‍ പ്രതിനിധികള്‍ അറിയിച്ചു.

ഇന്ത്യന്‍ നിയമങ്ങളുമായി സ്വന്തം നിയമങ്ങളെ മാറ്റിയെഴുതാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല. മെയ് 26ാം തിയ്യതിയായിരുന്നു അതിനുള്ള അവസാന തിയ്യതി. ഇന്ത്യയില്‍ ഒരു നോഡല്‍ ഓഫിസറെ നിയമിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ട്വിറ്ററാകട്ടെ ഒരു ഇടക്കാലത്തേക്കാണ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുള്ളത്.

ട്വിറ്ററിനു വേണ്ടി പോളിസി മാനേജര്‍ ഷഗുഫ്ത കര്‍മനും നിയമവിദഗ്ധന്‍ അത്സുഷി കപൂറുമാണ് ഹാജരായത്. എന്തുകൊണ്ടാണ് ഒരു പൂര്‍ണസമയ ഉദ്യോഗസ്ഥനെ നിയമിക്കാത്തതെന്ന് പാനല്‍ കമ്പനിയോട് ആരാഞ്ഞു.

ട്വിറ്ററിന്റെ മറുപടി അവ്യക്തമായിരുന്നുവെന്നാണ് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ടാണ് ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചത്. സാംബിത് പാത്രയുടെ കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തിയ പോസ്റ്റില്‍ മാനുപ്പലേറ്റഡ് മീഡിയ എന്ന ടാഗ് ഉള്‍പ്പെടുത്തിയത് കേന്ദ്രം വലിയ പ്രശ്‌നമായാണ് എടുക്കുന്നത്. ട്വീറ്റിലെ രേഖകള്‍ വ്യാജമാണെന്നാണ് കോണ്‍ഗ്രസ്സിന്റെ വാദം.

Next Story

RELATED STORIES

Share it