Latest News

നോട്ട്‌നിരോധനം കള്ളനോട്ട് പ്രശ്‌നം പരിഹരിച്ചില്ലെന്നതിന് ഇതാ ഒരു തെളിവുകൂടി

2016 നവംബറില്‍ നോട്ട്‌നിരോധനം നടപ്പാക്കുന്നതിന് കാരണമായി മോദിസര്‍ക്കാര്‍ പറഞ്ഞ കാരണങ്ങളിലൊന്ന് നോട്ട്‌നിരോധനം കള്ളനോട്ട് ഇല്ലാതാക്കുമെന്നായിരുന്നു. അതുവഴി ഭീകരതവാദത്തെയും ഭീകരസംഘടനകളെയും നിയന്ത്രിക്കാനാവുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന കണക്കുപ്രകാരം നോട്ട്‌നിരോധനം നടപ്പാക്കിയ ശേഷം കള്ളനോട്ടിന്റെ എണ്ണത്തിലും മൂല്യത്തിലും വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

നോട്ട്‌നിരോധനം കള്ളനോട്ട് പ്രശ്‌നം പരിഹരിച്ചില്ലെന്നതിന് ഇതാ ഒരു തെളിവുകൂടി
X

ന്യൂഡല്‍ഹി: നോട്ട്‌നിരോധനം സാമ്പത്തികമായി പരാജയമാണെന്നകാര്യം അംഗീകരിക്കാത്തവരായി ഇപ്പോള്‍ കുറച്ചുപേര്‍ മാത്രമേയുള്ളൂ. സര്‍ക്കാരിന്റെ പല ഏജന്‍സികളും അതൊരു അബദ്ധ തീരുമാനമായിരുന്നെന്ന നിലപാടിലാണ്. ഇത്തവണ നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജി നോട്ട്‌നിരോധനത്തിനെതിരേ പരസ്യമായ നിലപാടെടുത്തയാളാണ്. ഇപ്പോഴിതാ ആ നടപടി കള്ളപ്പണത്തെ മാത്രമല്ല, കള്ളനോട്ടിനെയും ഇല്ലാതാക്കിയിലെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു.

സര്‍ക്കാര്‍ പുറത്തുവിട്ട നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കാണ് സര്‍ക്കാരിന്റെ വാദങ്ങളെ പൊളിച്ചുകൊണ്ട് പുതിയ തെളിവുകള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഈ ആഴ്ച പുറത്തുവിട്ട ക്രൈം ഇന്‍ ഇന്ത്യ-2017 പ്രകാരം 2017 ല്‍ ഇന്ത്യയിലാകമാനം 28.1 കോടി രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം ഇരട്ടിവരും. 2016 ല്‍ ഇന്ത്യയിലാകമാനം ഏകദേശം 15.1 കോടിയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. കള്ളനോട്ടുകളുടെ എണ്ണത്തിലും 2017, മുന്‍വര്‍ഷത്തേക്കാള്‍ മുന്നിലാണ്. 2017 ല്‍ 3.55 ലക്ഷം എണ്ണം കള്ളനോട്ടുകള്‍ പിടിച്ചെടുത്തെങ്കില്‍ 2016 ല്‍ ഇത് 2.81 ലക്ഷമായിരുന്നു.

നോട്ട്‌നിരോധനത്തിന് നേതൃത്വം കൊടുത്ത മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയതെന്ന വിവരവും റിപോര്‍ട്ടിലുണ്ട്. 9 കോടിയുടെ കള്ളനോട്ടാണ് സംസ്ഥാനത്തുനിന്ന് പിടികൂടിയത്. ഇതേ കാലയളവില്‍ ഡല്‍ഹിയില്‍ 6.7 കോടിയും ഉത്തര്‍പ്രദേശില്‍ 2.8 കോടിയും ബംഗാളില്‍ 1.9 കോടിയുമായിരുന്നു കള്ളനോട്ടുകള്‍ പിടികൂടിയത്.

2016 നവംബറില്‍ നോട്ട്‌നിരോധനം നടപ്പാക്കുന്നതിന് കാരണമായി മോദിസര്‍ക്കാര്‍ പറഞ്ഞ കാരണങ്ങളിലൊന്ന് നോട്ട്‌നിരോധനം കള്ളനോട്ട് ഇല്ലാതാക്കുമെന്നായിരുന്നു. അതുവഴി ഭീകരതവാദത്തെയും ഭീകരസംഘടനകളെയും നിയന്ത്രിക്കാനാവുമെന്നും സര്‍ക്കാര്‍ വാദിച്ചു.

സര്‍ക്കാരും സര്‍ക്കാര്‍ വാദങ്ങള്‍ ഏറ്റുപറഞ്ഞ മാധ്യമങ്ങളും പറഞ്ഞ പ്രധാനമായ മറ്റൊരു കാര്യം പാകിസ്താനില്‍ 2016 നവംബര്‍ 8 നുശേഷം കള്ളനോട്ട് അച്ചടിക്കുന്ന പ്രസ്സുകള്‍ അടച്ചുപൂട്ടിയെന്നാണ്. അതുവഴി ഭീകരസംഘടനകളിലേക്കുള്ള പണമൊഴുക്ക് ഇല്ലാതാക്കാനായെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന കണക്കുപ്രകാരം നോട്ട്‌നിരോധനം നടപ്പാക്കിയ ശേഷം കള്ളനോട്ടിന്റെ എണ്ണത്തിലും മൂല്യത്തിലും വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

അതേസമയം ആര്‍ബിഐയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി നോട്ട്‌നിരോധനം വിജയമാണെന്ന വാദങ്ങള്‍ക്കും ഇതോടെ അറുതിയായി. 2017 നുശേഷം ബാങ്കുവഴി വരുന്ന കള്ളനോട്ടിന്റെ എണ്ണത്തിലും മൂല്യത്തിലും കുറവുവന്നിട്ടുണ്ടെന്ന് ധനമന്ത്രാലയം വാദിച്ചിരുന്നു. 2017 സാമ്പത്തികവര്‍ഷത്തില്‍ 7.6 ലക്ഷം കള്ളനോട്ട് പിടിച്ചെടുത്തപ്പോള്‍ 2018, 2019 സമയത്ത് യഥാക്രമം ഇത് 5.22 ലക്ഷവും 3.17 ലക്ഷവുമായിരുന്നു.

ഇപ്പോള്‍ പുറത്തുവന്ന കണക്കുപ്രകാരം 2016 നവംബറില്‍ നിരോധിച്ച 1000, 500 ഡിനോമിനേഷനിലുള്ള നോട്ടുകളുടെ എണ്ണത്തിലാണ് കുറവ് വന്നിരിക്കുന്നത്. 2000 രൂപ നോട്ടിന്റെ കള്ളനോട്ടിന്റെ കണക്ക് സര്‍ക്കാര്‍ പുതിയ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും പഴയ 500, 1000 നോട്ടിന്റെ അത്രയും കളളനോട്ടുകള്‍ നിലവില്‍ ഇല്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്. 500ന്റെയും 1000ത്തിന്റെയും അത്ര എണ്ണം കറന്‍സി 2000ത്തിലില്ലാത്തതുകൊണ്ടാണെന്ന് ബാങ്കിങ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

Next Story

RELATED STORIES

Share it