Latest News

പാനൂർ സ്ഫോടനം: എഫ്ഐആറിൽ രണ്ട് പേരുകൾ മാത്രം; അന്വേഷണം വ്യാപിപ്പിക്കാനും നിര്‍ദ്ദേശമില്ല

പാനൂർ സ്ഫോടനം: എഫ്ഐആറിൽ രണ്ട് പേരുകൾ മാത്രം; അന്വേഷണം വ്യാപിപ്പിക്കാനും നിര്‍ദ്ദേശമില്ല
X

കണ്ണൂര്‍ : പാനൂര്‍ സ്‌ഫോടനത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് പരാതി. നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലിസിന് നിര്‍ദ്ദേശമില്ല. എഫ്‌ഐആറില്‍ രണ്ട് പേരുടെ പേരുകള്‍ മാത്രമാണുളളത്. പോലിസ് അന്വേഷണത്തെ കുറിച്ച് യുഡിഎഫ് അടക്കം വ്യാപകമായി പരാതി ഉയര്‍ത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

ബോംബ് നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ടത്. മൂളിയന്തോട് നിര്‍മാണത്തിലിരുന്ന വീട്ടില്‍ ബോംബുണ്ടാക്കാന്‍ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് വിവരം. എന്നാല്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇതുവരെയും പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

സംഘത്തില്‍ ഉള്ളവരില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നു വിവരമുണ്ടെങ്കിലും പോലിസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷെറിന്‍, ഗുരുതരമായി പരിക്കേറ്റ വിനീഷ് എന്നിവരെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തികളെ അപായപ്പെടുത്തണമെന്ന ഉദേശത്തോടെ ബോംബ് നിര്‍മ്മിക്കുമ്പോള്‍ പൊട്ടിത്തെറിച്ചുവെന്നാണ് എഫ്‌ഐആറിലുളളത്. പരിക്കേറ്റവര്‍ കോഴിക്കോടും പരിയാരത്തും ചികിത്സയിലുണ്ടെങ്കിലും പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് വിവരം.

ലോട്ടറി കച്ചവടക്കാരനായ മനോഹരന്റെ പണിതീരാത്ത വീട്ടിലാണ് ഇന്നലെ സ്‌ഫോടനമുണ്ടായത്. അയല്‍ക്കാരനായ വിനീഷ് സുഹൃത്ത് ഷെറിന്‍ വിനോദ്, അക്ഷയ് എന്നിവര്‍ക്കും ഗുരുതര പരിക്കേറ്റു. നെഞ്ചിലും മുഖത്തും ചീളുകള്‍ തെറിച്ചുകയറിയ ഷെറിന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ബോംബ് നിര്‍മിക്കാന്‍ എല്ലാ സൗകര്യങ്ങളൊരുക്കിയെന്ന് കരുതുന്ന, പരിക്കേറ്റ വിനീഷ് സിപിഎം അനുഭാവിയാണ്.

എന്നാല്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസിലുള്‍പ്പെടെ പ്രതികളാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍. ക്വട്ടേഷന്‍ സംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് വിവരം. പാര്‍ട്ടി പ്രാദേശിക നേതാവിന്റെ മകനുള്‍പ്പെടുന്ന സംഘം എന്തിനാണ് ബോംബ് നിര്‍മിക്കാന്‍ പുറപ്പെട്ടത്? ആര്‍ക്ക് വേണ്ടിയാണ് ബോംബുണ്ടാക്കിയത്? സംഘത്തിലുണ്ടായിരുന്ന മറ്റുളളവരുടെ പശ്ചാത്തലമെന്താണെന്ന ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

Next Story

RELATED STORIES

Share it