Latest News

കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയും മരിച്ചു

ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു

കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയും മരിച്ചു
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയും മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അമ്പിളിയും ചികിത്സയിലായിരുന്നു. കഴിഞ്ഞ 22 ന് ആണ് രാജനും ഭാര്യയും ജീവനൊടുക്കാന്‍ ശ്രമിച്ചത്.


നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കു സമീപമുള്ള പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിച്ചിരുന്നത്. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാന്‍ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്.


കുടിയിറക്കാന്‍ വന്ന പോലീസുകാര്‍ ചോറുണ്ണുകയായിരുന്ന അഛനെ കോളറില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിടുകയായിരുന്നു എന്ന് രാജന്റെ മക്കള്‍ പറഞ്ഞിരുന്നു. പൊലീസിനെ പിന്തിരിപ്പിക്കാനാണ് രാജന്‍ പെട്രോള്‍ തലയിലൊഴിച്ചത്. പൊലീസുകാരന്‍ രാജന്റെ കൈയ്യിലുണ്ടായ ലൈറ്റര്‍ പെട്രോള്‍ ഉള്ള ഭാഗത്തേക്ക് അടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നും മക്കള്‍ പറഞ്ഞിരുന്നു.


കോളനിയിലെ പുറമ്പോക്ക് സ്ഥലത്ത് ചെറിയ ഷെഡ് കെട്ടി താമസിച്ചിരുന്ന കുടുംബത്തെ അയല്‍വാസിയായ വസന്തയാണ് വസ്തു അവരുടെ പേരിലാണെന്ന് പറഞ്ഞ് കുടിയിറക്കാന്‍ പരാതി നല്‍കിയത്. അര മണിക്കൂറിനുള്ളില്‍ സ്‌റ്റേ ഓര്‍ഡറ് വരുമെന്നും ചോറു കഴിച്ചിട്ട് വീട്ടില്‍ നിന്ന് ഇറങ്ങാമെന്നും രാജന്‍ പറഞ്ഞെങ്കിലും അത് വകവെക്കാതെയായിരുന്നു പോലീസിന്റെ അതിക്രമം.




Next Story

RELATED STORIES

Share it