Latest News

ദേവര്‍ കോവിലിന്റെ മന്ത്രിപദം; ഇന്ത്യന്‍ നാഷണല്‍ ലീഗിന് ചരിത്ര മൂഹൂര്‍ത്തം

ദേവര്‍ കോവിലിന്റെ മന്ത്രിപദം;   ഇന്ത്യന്‍ നാഷണല്‍ ലീഗിന് ചരിത്ര മൂഹൂര്‍ത്തം
X

പിസി അബ്ദുല്ല

കോഴിക്കോട്: ഡല്‍ഹിയിലെ ഐവാനെ ഗാലിബ് ഹാളില്‍ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ 27 വര്‍ഷം മുന്‍പ് നിലവില്‍ വന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന് ഇത് ചരിത്ര മുഹൂര്‍ത്തം. രണ്ടാം പിണറായി സര്‍ക്കാരില്‍ അഹ്മദ് ദേവര്‍ കോവില്‍ മന്ത്രിയാകുന്നതോടെ കേരളത്തിലെ ന്യൂനപക്ഷ ബദല്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമാണ് എഴുതപ്പെടുന്നത്.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു മുസ്‌ലിം കേന്ദ്രീകൃത രാഷ്ട്രീയ പാര്‍ട്ടി ഇടതുമുന്നണിയില്‍ മന്ത്രിസഭയില്‍ ഇടം നേടുന്നതെന്ന പ്രത്യേകതയും ദേവര്‍ കോവിലിന്റെ മന്ത്രി സ്ഥാനത്തിനുണ്ട്. അഖിലേന്ത്യാ ലീഗ് ഇടതു മുന്നണി വിട്ട ശേഷം ഒരു മുസ്‌ലിം കേന്ദ്രീകൃത പാര്‍ട്ടിയെ സിപിഎം അധികാരത്തിന്റെ ഭാഗമായിട്ടില്ല.

കാല്‍ നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മോഹം അഹ്മദ് ദേവര്‍ കോവിലിലൂടെ ഇപ്പോള്‍ പൂവണിയുന്നത്.

1994ല്‍ ഐഎന്‍എല്‍ രൂപം കൊണ്ട ശേഷം ആദ്യമാണ് കേരളത്തില്‍ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത്. ഇടതു മുന്നണിയില്‍ അംഗത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ 26 വര്‍ഷത്തോളം നിരുപാധിക പിന്തുണയുമായി എല്‍ഡിഎഫുമായി സഹകരിച്ച നാഷണല്‍ ലീഗിന് ലഭിച്ച അംഗീകാരമായാണ് ദേവര്‍കോവിലിന് ആദ്യ ടേമില്‍ തന്നെ മന്ത്രിസഭയില്‍ ഇടം ലഭിച്ചത് വിലയിരുത്തപ്പെടുന്നത്.കോഴിക്കോട് സൗത്തില്‍ നിന്നാണ് ഇത്തവണ അഹ്മദ് ദേവര്‍ കോവില്‍ വിജയിച്ചത്.2006ല്‍ ഇടതു പിന്തുണയോടെ പിഎംഎ സലാം ഇതേ മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയെങ്കിലും അക്കാലയളവില്‍ തന്നെ അദ്ദേഹം ലീഗിലേക്ക് തിരിച്ച് പോയി. അതിനു മുന്‍പും ഈ തിരഞ്ഞെടുപ്പ് വരെയും എല്‍ഡിഎഫ് സുരക്ഷിത സീറ്റുകളൊന്നും ഐഎന്‍എല്ലിന് നല്‍കിയിരുന്നില്ല.

61 കാരനായ അഹ്മദ് ദേവര്‍കോവില്‍ ദേശീയ, സംസ്ഥാന തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മുന്‍ നിര നേതാവാണ്. കോഴിക്കോട് കുറ്റിയാടിക്കടുത്ത് ദേവര്‍ കോവില്‍ സ്വദേശി. എംഎസ്എഫിലൂടെ രാഷ്ട്രീയത്തില്‍ വന്നു. നേരത്തെ അഖിലേന്ത്യാ ലീഗിന്റെ നേതാവായിരുന്നു.

ഇന്ത്യന്‍ നാഷണല്‍ ലീഗി(ഐഎന്‍എല്‍)ന്റെ മുഖ്യ കാര്യദര്‍ശി. അടിയന്തരാവസ്ഥ കാലത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു അറസ്റ്റുവരിച്ചു ജയില്‍ വാസം അനുഷ്ഠിച്ചു.

1994 ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ രൂപീകരണ കണ്‍വന്‍ഷന്‍ മുതല്‍ തുടങ്ങിയ പാര്‍ട്ടി ബന്ധം നാദാപുരം മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സിക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നി പദവികള്‍ വഹിച്ചു. നിലവില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപക ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു.

നിലവില്‍ കോഴിക്കോട്ടെ സരോവരം പാര്‍ക്കിലെ സ്‌പോര്‍ട്‌സ് വിംഗിന്റെ സരോവരവാരം ഗ്രീന്‍ എക്‌സ്പ്രസ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ് അഹ്മദ് ദേവര്‍ കോവില്‍.

Next Story

RELATED STORIES

Share it