Latest News

കുവൈത്തില്‍ മയക്കുമരുന്നിനെതിരേയുള്ള പുതിയ നിയമം പ്രാബല്യത്തില്‍

കുവൈത്തില്‍ മയക്കുമരുന്നിനെതിരേയുള്ള പുതിയ നിയമം പ്രാബല്യത്തില്‍
X

കുവൈത്ത് സിറ്റി: മയക്കുമരുന്ന് സംബന്ധിച്ച കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനായി കുവൈത്തില്‍ പുതിയ മയക്കുമരുന്ന്-സൈക്കോട്രോപിക് ലഹരിവസ്തു വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നു. സംഘടിത ലഹരി ശൃംഖലകളെ വേരോടെ തകര്‍ക്കുന്നതിനോടൊപ്പം ലഹരിയുടെ ഇരകള്‍ക്ക് ചികില്‍സയും പുനരധിവാസവും ഉറപ്പാക്കുന്നതാണ് നിയമത്തിന്റെ മുഖ്യലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. 84 വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നിയമം മയക്കുമരുന്ന് കടത്ത്, അനധികൃത വില്‍പ്പന, സംഭരണം, ഉല്‍പ്പാദനം എന്നിവയ്‌ക്കെതിരേ കടുത്ത ശിക്ഷാനടപടികളാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന മയക്കുമരുന്ന്-സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ ഏകീകരിച്ച് ഒരൊറ്റ ചട്ടക്കൂടിലാക്കിയതോടെ നിര്‍വചനങ്ങള്‍, ശിക്ഷകള്‍, നിയമനടപടികള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തതയും ഏകീകരണവും കൈവന്നിട്ടുണ്ട്.

പുതിയ നിയമപ്രകാരം പത്തു തരത്തിലുള്ള ഗുരുതര ലഹരികുറ്റങ്ങള്‍ക്ക് വധശിക്ഷ നിര്‍ബന്ധമാക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവരെയോ മാനസിക അസ്വാസ്ഥ്യമുള്ളവരെയോ ലഹരി വില്‍പ്പനയ്ക്കും പ്രചാരണത്തിനും ഉപയോഗിക്കുക, കുറ്റകൃത്യം ആവര്‍ത്തിക്കുക, ജയിലുകള്‍, പോലിസ് സ്‌റ്റേഷനുകള്‍, ലഹരി ചികില്‍സ പുനരധിവാസ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായിക കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ലഹരികുറ്റങ്ങള്‍ നടത്തുക തുടങ്ങിയ സാഹചര്യങ്ങളിലാണ് കടുത്ത ശിക്ഷ ബാധകമാകുന്നത്.

അധികാരസ്ഥാനം ദുരുപയോഗം ചെയ്ത് ലഹരികുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍, സംഘടിത ലഹരി സംഘങ്ങളുടെ നേതാക്കള്‍, മറ്റുള്ളവരെ നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുന്നവര്‍, അറിവില്ലാതെ ശരീരത്തില്‍ ലഹരി നല്‍കുന്നവര്‍ എന്നിവര്‍ക്കും വധശിക്ഷയാണ് നിയമം നിര്‍ദേശിക്കുന്നത്. വ്യാപാരലക്ഷ്യത്തോടെ മയക്കുമരുന്നുകളോ ലഹരി ഗുളികകളോ ഇറക്കുമതി ചെയ്യുകയോ കടത്തുകയോ ചെയ്യുന്നവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ, കൂടാതെ പരമാവധി 20 ലക്ഷം കുവൈത്ത് ദിനാര്‍വരെ പിഴയോ ശിക്ഷയായി ലഭിക്കും. ലഹരി ഉല്‍പ്പാദനം, നിര്‍മാണം, എന്നിവ വ്യാപാരോദ്ദേശത്തോടെ നടത്തുന്നവര്‍ക്കും ഇതേ ശിക്ഷ ബാധകമാണ്. കുറ്റകൃത്യത്തിനിടെ അക്രമം നടത്തിയാല്‍ ശിക്ഷ ഇരട്ടിയാക്കാനുള്ള അധികാരവും കോടതികള്‍ക്ക് നല്‍കി.

ഇതോടൊപ്പം, മയക്കുമരുന്ന്-സൈക്കോട്രോപിക് ലഹരിവസ്തു വിരുദ്ധ സുപ്രിം കൗണ്‍സില്‍ രൂപീകരിക്കുന്നതും നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. മയക്കുമരുന്ന് വിരുദ്ധ ദേശീയ നയം രൂപപ്പെടുത്തല്‍, പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തല്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍ എന്നിവ കൗണ്‍സിലിന്റെ ചുമതലകളായിരിക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

Next Story

RELATED STORIES

Share it