Latest News

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാഗാന്ധി മൂന്നാം ദിവസവും ഇഡിക്കു മുന്നില്‍ ഹാജരായി

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാഗാന്ധി മൂന്നാം ദിവസവും ഇഡിക്കു മുന്നില്‍ ഹാജരായി
X

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മേധാവി സോണിയാ ഗാന്ധി മൂന്നാം ദിവസവും ഇ ഡിക്കു മുന്നില്‍ ചോദ്യംചെയ്യലിനുവേണ്ടി ഹാജരായി. മകള്‍ പ്രിയങ്കാ ഗാന്ധി വാദ്രക്കൊപ്പമാണ് സോണിയ ഇ ഡി ഓഫിസിലെത്തിയത്.

സോണിയാഗാന്ധിക്കെതിരേ തുടരുന്ന ഇ ഡി നടപടിക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കുന്നുണ്ട്.

ഇ ഡിഭീകരതക്കെതിരേ ഉചിതമായ സമയത്ത് സുപ്രിംകോടതിയുടെ ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.

അവര്‍ ആദ്യം രാഹുല്‍ഗാന്ധിയെ വിളിച്ചുവരുത്തി. അഞ്ച് ദിവസത്തോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. സോണിയാ ഗാന്ധിയെ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നു. ഇത് എത്രകാലം നീളുമെന്ന് അറിയില്ല. ഇ ഡി ഭീകരതക്കെതിരേ സുപ്രിംകോടതി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഗുലാം നബി ആസാദ്, ജയ്‌റാം രമേശ്, ആനന്ദ് ശര്‍മ, അശോക് ഗലോട്ട് എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.


മുംബൈ ബോറിവല്ലി റെയില്‍വേ സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിവരെയാണ് ഇ ഡി സോണിയയെ ചോദ്യം ചെയ്തത്.

സോണിയയും നാഷണല്‍ ഹെറാള്‍ഡും ആയി ബന്ധപ്പെട്ട 30 ചോദ്യങ്ങളാണ് ഇ ഡി ചോദിച്ചത്.

രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. ഉച്ചഭക്ഷണത്തിനു ശേഷം 90 മിനിറ്റ് ചോദ്യം ചെയ്തു.

ഇഡി നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ഇഡി നടപടിക്കെതിരെ ഇന്നലെ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കും. ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റിലും പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.


നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എന്നാല്‍, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണകൂടത്തിന്റെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ വേട്ടയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നേരത്തേ തെളിവില്ലെന്ന് കണ്ട് ഇഡി അവസാനിപ്പിച്ച കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം തുടരാനായിരുന്നു സുപ്രിംകോടതിയും നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it