Latest News

വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി 'നാടക്'

വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി നാടക്
X

കൊച്ചി: ഭക്ഷണം, വസ്ത്രം തുടങ്ങി മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ കടന്നുകയറി ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാന്‍ ശ്രമിച്ച കേന്ദ്ര ഭരണകൂടം ഇപ്പോള്‍ വിവിധ ഭാഷകളും വ്യത്യസ്ത ആവിഷ്‌കാരങ്ങളും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. തുടക്കം പാര്‍ലമെന്റില്‍ നിന്നുതന്നെയാണ്. രണ്ടു സഭകളിലുമുള്ള അംഗങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് ഇറക്കിയ പുതിയ പെരുമാറ്റച്ചട്ട പുസ്തകത്തില്‍ 65 വാക്കുകളാണ് പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പാര്‍ലമെന്റ് എന്നാല്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള ഇടം എന്നാണ് വിവക്ഷ. ഇന്ത്യന്‍ ജനജീവിതത്തിന്റെ വിവിധ മേഖലകള്‍, നിയമം, നീതിന്യായം, കല തുടങ്ങി എല്ലാ വിഭാഗം ആളുകളും നിത്യേന ഉപയോഗിക്കുന്ന 65 വാക്കുകള്‍ ഇനിമുതല്‍ സഭാരേഖകളില്‍ ഉണ്ടാകില്ല എന്നതാണ് പുതിയ തീരുമാനം. വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'നാടക്' സംസ്ഥാനകമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍ ആദ്യത്തേതില്‍ കൊണ്ടുവന്ന ഈ നിരോധനം ക്രമേണ ജുഡീഷ്യറിയിലേക്കും എക്‌സിക്യൂട്ടീവിലേക്കും മാധ്യമങ്ങളിലേക്കും വരുവാന്‍ അധികസമയമെടുക്കില്ല. 65 അറുനൂറ് ആകാനും ആഭ്യന്തരമന്ത്രി അമിത് ഷാ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള ഭാഷാ നിരോധനത്തിലേക്ക് കടക്കാനും ഹിന്ദി എന്ന ഏകഭാഷ മുദ്രാവാക്യത്തില്‍ എത്തിച്ചേരാനും അധിക ദൂരമില്ല എന്ന് നമ്മള്‍ തിരിച്ചറിയണം.

'നാടകം' എന്ന വാക്ക് ഈ കൂട്ടത്തില്‍ കാണുമ്പോള്‍ ക്രിമിനലുകള്‍ക്ക് ഇടയില്‍ ബുദ്ധന്‍ ഞെങ്ങിഞെരുങ്ങി നില്‍ക്കുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. പ്രോഗ്രാം ഡിസൈന്‍ ചെയ്യുന്നവര്‍ കെട്ടിക്കൊടുക്കുന്ന വേഷം ഒരു ഉളുപ്പും ഇല്ലാതെ ആടുന്ന പ്രധാനമന്ത്രിയെ രാഷ്ട്രീയ ലോകവും മാധ്യമങ്ങളും നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കിയതിന്റെ പശ്ചാത്തലത്തില്‍ ആണ് നാടകനിരോധം എന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാമെങ്കിലും ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുംകാലത്ത് നാടകത്തിനും നാടകക്കാര്‍ക്കും നേരിടേണ്ടതായി വരും.

ഈ വാക്കുകള്‍ സഭാരേഖകളില്‍ ഉണ്ടാകില്ല എന്ന തിട്ടൂരം പറയാന്‍ ശ്രമിക്കുന്നത് ചരിത്രം ഇനി മുതല്‍ തങ്ങള്‍ പറയുന്നതും ചെയ്യുന്നതും തങ്ങള്‍ക്ക് താല്പര്യമുള്ളതും മാത്രം ഉള്‍പ്പെടുത്തിയതാകും എന്നാണ്. പൗരരുടെ പറയാനും പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരെയുള്ള വെല്ലുവിളിയും ധാര്‍ഷ്ട്യവും വളരെ വ്യക്തമായി പ്രഖ്യാപിക്കുകയാണ് ഈ തീരുമാനത്തിലൂടെ സംഘപരിവാര്‍ നേതൃത്വം. നാടകപ്രവര്‍ത്തകരും നാട്ടുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും നീതിന്യായം നടപ്പാക്കുന്നവരും മാധ്യമപ്രവര്‍ത്തകരും എല്ലാം ഒരുപോലെ പറയുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ട കാര്യമാണ് ഇതെന്ന് നാടക് സംസ്ഥാന സെക്രട്ടറി ജെ ശൈലജയും പ്രസിഡന്റ് പി രഘുനാഥനും ആഹ്വാനം ചെയ്തു.

നാടെങ്ങും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ നാടക് അംഗങ്ങളോടും വിവിധ കമ്മറ്റികളോടും സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it