Latest News

മ്യാന്‍മറില്‍ 8ന് പൊതുതിരഞ്ഞെടുപ്പ് : വോട്ടു ചെയ്യാനാവാതെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍

രാജ്യത്തെ ഭരണ രംഗങ്ങളില്‍ നിന്നും റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ പൂര്‍ണമായി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് റാഖൈന്‍ സ്റ്റേറ്റിലെ വോട്ടെടുപ്പ് തന്നെ വേണ്ടെന്നുവച്ചത്.

മ്യാന്‍മറില്‍ 8ന് പൊതുതിരഞ്ഞെടുപ്പ് : വോട്ടു ചെയ്യാനാവാതെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍
X

നേപിഡോ: നബംബര്‍ 8ന് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന മ്യാന്‍മറില്‍ ഒന്നരക്കോടിയോളം വരുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് വോട്ടു ചെയ്യാനാവില്ല. 2011ല്‍ പട്ടാള ഭരണം അവസാനിച്ച ശേഷം രണ്ടാം തവണയാണ് മ്യാന്‍മറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 16 ന് മ്യാന്‍മറിലെ യൂണിയന്‍ ഇലക്ഷന്‍ കമ്മീഷന്‍ (യുഇസി) റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ വാസസ്ഥലമായ റാഖൈന്‍ സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വോട്ടെടുപ്പ് ഒഴിവാക്കി. കൊവിഡിന്റെ പേരിലാണ് ഈ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികള്‍ ഒഴിവാക്കിയത്. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിനെതിരായ ഈ അടിച്ചമര്‍ത്തലിനെ ''വംശീയ ഉന്മൂലനത്തിന്റെ പാഠപുസ്തക ഉദാഹരണം'' എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചത്.

രാജ്യത്തെ ഭരണ രംഗങ്ങളില്‍ നിന്നും റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ പൂര്‍ണമായി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് റാഖൈന്‍ സ്റ്റേറ്റിലെ വോട്ടെടുപ്പ് തന്നെ വേണ്ടെന്നുവച്ചത്. രാജ്യത്തെ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍, സൈന്യം, പോലീസ് എന്നിവരുടെ ശുപാര്‍ശകള്‍ അടിസ്ഥാനമാക്കിയാണ് ഈ പ്രഖ്യാപനം നടത്തിയതെന്നും യൂണിയന്‍ ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നു.

കമ്മീഷന്റെ തീരുമാനത്തെ കാച്ചിന്‍ സ്റ്റേറ്റ് പീപ്പിള്‍സ് പാര്‍ട്ടി, മോണ്‍ യൂണിറ്റി പാര്‍ട്ടി, ചിന്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (സിഎന്‍എല്‍ഡി), കാരെന്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, കയാ സ്റ്റേറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നീ സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു, കമ്മീഷന്റെ തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ''സുതാര്യത, നിഷ്പക്ഷത, സമഗ്രത'' എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും അവര്‍ വാദിച്ചു. 90 രാഷ്ട്രീയ പാര്‍ട്ടികള്‍ മ്യാന്‍മര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും മൊത്തം 1,171 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ഭരണകക്ഷിയായ എന്‍എല്‍ഡിയും സൈനിക പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടിയും (യുഎസ്ഡിപി) ആണ് തിരഞ്ഞെടുപ്പിലെ പ്രധാന കക്ഷികള്‍.

Next Story

RELATED STORIES

Share it