Latest News

മോദിയുടെ ജന്മദിനാഘോഷം: റെക്കോര്‍ഡ് വാക്‌സിനേഷന്‍ കൈവരിച്ചത് കള്ളക്കണക്കിലൂടെ; ബീഹാറില്‍ നിന്ന് തെളിവുകള്‍ പുറത്ത്

മോദിയുടെ ജന്മദിനാഘോഷം: റെക്കോര്‍ഡ് വാക്‌സിനേഷന്‍ കൈവരിച്ചത് കള്ളക്കണക്കിലൂടെ; ബീഹാറില്‍ നിന്ന് തെളിവുകള്‍ പുറത്ത്
X

പട്‌ന: ഒറ്റ ദിവസം കൊണ്ട് 25 ദശലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം പൊടിപൊടിച്ചത്. ഒരു ദിവസം കൊണ്ട് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപി നേതാക്കളുടെയും അവകാശവാദം. ആദ്യമൊന്നും ആ അവകാശവാദത്തെ ആരും ചോദ്യം ചെയ്തില്ല. എന്നാല്‍ കൃത്യമായി ആസൂത്രണം ചെയ്ത് കള്ളക്കണക്കുണ്ടാക്കിയാണ് കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ചേര്‍ന്ന് ഈ കണക്ക് ഉണ്ടാക്കിയതെന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോദിയുടെ ജന്മദിനമായ സപ്തംബര്‍ 17ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാകിസന്‍ നല്‍കിയ ബീഹാറിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. മുന്‍ ദിവസങ്ങളില്‍ നല്‍കിയ വാക്‌സിന്‍ ഷോട്ടുകള്‍ കൊവിഡ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യാതെ സപ്തംബര്‍ 17ന് അപ് ചെയ്താണ് ആവശ്യമായ എണ്ണം ഉണ്ടാക്കിയെടുത്തത്.

സപ്തംബര്‍ 17നായിരുന്നു മോദിയുെട ജന്മദിനം. അന്നേദിവസം രാജ്യത്ത് 2.5 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ബിജെപി ഭരിക്കുന്ന ബീഹാര്‍, കര്‍ണാടക, യുപി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് അന്നേ ദിവസം വാക്‌സിന്‍ നല്‍കിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. അതില്‍ തന്നെ ബീഹാറായിരുന്നു ഏറ്റവും മുന്നില്‍. ബിജെപിയും ജെഡിയുവും സംയുക്തമായി ഭരിക്കുന്ന സംസ്ഥാനമാണ് ബീഹാര്‍.

സാധാരണ 2,000 വാക്‌സിന്‍ കേന്ദ്രങ്ങളാണ് ബീഹാറില്‍ പ്രവര്‍ത്തിക്കുക പതിവ്. മോദിയുടെ ജന്മദിനമായ സപ്തംബര്‍ 17ന് 14,483 വാക്‌സിന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു. 50,000 ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ നല്‍കാനും അപ് ലോഡ് ചെയ്യാനും ജോലി ചെയ്തു.

സപ്തംബര്‍ 17ന് കടുത്ത ജോലി ഭാരമായിരുന്നെന്ന് ജീവനക്കാരെ ഉദ്ധരിച്ച് പലരും റിപോര്‍ട്ട് ചെയ്തിരുന്നു. വാക്‌സിന്‍ പോര്‍ട്ടലായ കൊവിന്നില്‍ അന്നേദിവസം റെക്കോര്‍ഡ് അപ് ലോഡിങാണ് നടന്നത്. എന്നാല്‍ അന്ന് അപ് ലോഡ് ചെയ്ത പേരുകള്‍ അന്ന് വാക്‌സിന്‍ എടുത്തവരുടേത് മാത്രമായിരുന്നില്ല. മുന്‍ ദിവസങ്ങളില്‍ വാക്‌സിന്‍ എടുത്ത് പേരുകള്‍ അപ് ലോഡ് ചെയ്യാതെ തടഞ്ഞുവച്ചിരുന്നവരുടേതുകൂടിയായിരുന്നു. ആ പേരുകള്‍ അടുത്ത ദിവസം മാസ്സായി അപ് ലോഡ് ചെയ്താണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്.

വാക്‌സിന്‍ വിതരണത്തിനുവേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ് വര്‍ക്കിലെ ഉദ്യോഗസ്ഥരും നിരീക്ഷകരുമാണ് ആദ്യം ഈ പ്രശ്‌നം കണ്ടെത്തിയത്. സപ്തംബര്‍ 16ന് സാധാരണ ഒരു ദിവസമായിരുന്നെങ്കിലും പല വാക്‌സിന്‍ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ നടന്നതായോ വാക്‌സിന്‍ ഉപയോഗിച്ചതായോ സൂചനയുണ്ടായിരുന്നില്ല. വാക്‌സിന്‍ വിതരണത്തിലെ തടസ്സമായിരുന്നുവെന്ന് കരുതി പല ജില്ലാ ഉദ്യാഗസ്ഥരും താഴേക്ക് വിളിച്ച് കാര്യം അന്വേഷിച്ചു. വാക്‌സിന്‍ വിതരണം നടക്കുന്നുണ്ടെന്നും എന്നാല്‍ അത് ഓണ്‍ലൈനായി റിപോര്‍ട്ട് ചെയ്യാത്തതാണെന്നും എന്നാല്‍ ഓഫ്‌ലൈനായി കണക്കെടുക്കുന്നുണ്ടെന്നും അറിയിപ്പ് ലഭിച്ചു. ഈ വാക്‌സിനേഷനാണ് പിറ്റേ ദിവസം എന്‍ട്രി ചെയ്തത്. അതോടെ വാക്‌സിനേഷനില്‍ റെക്കോര്‍ഡ് ഇടുകയും ചെയ്തു.

സപ്തംബര്‍ 16ാം തിയ്യതി ആകെ 1,333 വാക്‌സിനേഷന്‍ കേന്ദ്രമാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ കൊവിന്‍ സൈറ്റില്‍ നല്‍കിയ കണക്ക് 86,253 ഡോസായിരുന്നു. സപ്തംബര്‍ 15ന് അപ് ലോഡ് ചെയ്തത് 1,45,593 വാക്‌സിനേഷന്‍ എന്നാണ്. എന്നാല്‍ ബീഹാറില്‍ പ്രതിദിനം 5.5 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കാറുള്ളത്. ഇതെല്ലാം ഒറ്റയടിക്ക് അപ് ലോഡ് ചെയ്താണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. വെറും കണക്കിലെ കളി!

പല ജില്ലകളിലും ജില്ലാ ഉദ്യോഗസ്ഥരും കലക്ടര്‍മാരും നേരിട്ടാണ് ഈ കള്ളക്കളി നടത്തിയത്. ഉദാരണത്തിന് സഹര്‍സ, ദര്‍ഭാഗ ജില്ലകളില്‍ കലക്ടര്‍മാര്‍ നേരിട്ടാണ് കള്ളക്കളിക്കുള്ള നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it