Latest News

മാള യഹൂദപ്പള്ളി നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം എംഎല്‍എ വി ആര്‍ സുനില്‍ കുമാര്‍ നിര്‍വഹിച്ചു

മാള യഹൂദപ്പള്ളി നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം എംഎല്‍എ വി ആര്‍ സുനില്‍ കുമാര്‍ നിര്‍വഹിച്ചു
X

മാള: ചരിത്ര സ്മാരകങ്ങളായ മാളയിലെ യഹൂദപ്പള്ളിയുടെ നവീകരണത്തിന്റെയും യഹൂദ സെമിത്തേരിക്ക് ചുറ്റുമതില്‍ പണിയുന്നതിന്റെയും നിര്‍മ്മാണോദ്ഘാടനം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 98, 97, 000 രൂപ ചെലവഴിച്ചാണ് നാല് ഏക്കര്‍ വിസ്തൃതിയുള്ള സെമിത്തേരിക്ക് ചുറ്റുമതില്‍ പണിയുന്നത്. യഹൂദ സമൂഹത്തിന്റെ ആരാധനാ കേന്ദ്രമായ സിനഗോഗ് ചരിത്ര മ്യുസിയമായി സംരക്ഷിക്കും. ഇതിനായി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 1950 കളില്‍ മാളയില്‍ നിന്നും ഇസ്രായേലിലേക്ക് കുടിയേറിപ്പാര്‍ത്ത യഹൂദ സമൂഹം 1955 ജനുവരി നാലിന് രജിസ്റ്റര്‍ ചെയ്ത കരാര്‍ പ്രകാരം സിനഗോഗും സെമിത്തേരിയും സംരക്ഷണത്തിനായി മാള ഗ്രാമപഞ്ചായത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാളയിലെ രണ്ട് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കൂടി മുഖം മിനുക്കുകയാണ്.


മുസിരിസിന്റെ ചരിത്രം എന്ന് പറയുന്നത് കേരളത്തിന്റെ ചരിത്രം കൂടിയാണ്. സാംസ്‌ക്കാരിക കേരളത്തിന്റെ തലസ്ഥാനം എന്ന സ്ഥാപനപ്പേരില്‍ എന്തു കൊണ്ടും മുസിരിസ് അല്ലെങ്കില്‍ ഇന്നത്തെ കൊടുങ്ങല്ലൂരിനെ വിശേഷിപ്പിക്കാം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം എല്‍ എ പറഞ്ഞു. ഡച്ചുകാരും റോമക്കാരും പോര്‍ച്ചുഗീസുകാരും അറബികളും തുടങ്ങിയ വിദേശശക്തികള്‍ കേരളത്തിലേക്കെത്തുന്നത് മുസിരിസ് വഴിയാണ്. ഇതുപോലെയാണ് യഹൂദരും കൊടുങ്ങല്ലൂരില്‍ എത്തുന്നതും അവര്‍ അവിടെ നിന്ന് മാളയിലേക്ക് എത്തുന്നതും. മതേതരത്വത്തിന്റെയും അധിനിവേശത്തിന്റെയും കഥകള്‍ മുസിരിസ് ചരിത്രം പറഞ്ഞുവയ്ക്കുന്നു. പൈതൃക സംരക്ഷണ പദ്ധതി എന്തിന് വേണ്ടി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ നമുക്ക് കഴിയണം. സ്വന്തം നാടിന്റെ ചരിത്രം എന്താണെന്ന് ഓരോരുത്തരും അറിയണം. ഈ അറിവുകള്‍ അത് ഇനിവരുന്ന തലമുറക്ക് പകര്‍ന്നു നല്‍കാന്‍ കഴിയണം. പഴയകാല ചരിത്രം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും നമ്മുടെ വരും തലമുറകള്‍ക്ക് വേണ്ടിയും സംരക്ഷിക്കപ്പെടണം. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് വലിയൊരു ഉത്തരവാദിത്വമാണ്. ഇത് നടപ്പിലാക്കുക എന്ന ലക്ഷ്യമാണ് മുസിരിസ് പൈതൃക പദ്ധതിക്ക് ഉള്ളതെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സോന കെ കരീം, പൈതൃക സംരക്ഷണ സമിതി സമിതി അംഗങ്ങളായ പി കെ കിട്ടന്‍, പ്രൊഫ. സി കര്‍മ്മചന്ദ്രന്‍, മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it