Sub Lead

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍
X

തിരുവനന്തപുരം: വാര്‍ത്താ റിപോര്‍ട്ടിങിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതൃഭൂമി ടിവി പാലക്കാട് ബ്യൂറോയിലെ വീഡിയോ ജേണലിസ്റ്റ് എ വി മുകേഷിന്റെ ദാരുണാന്ത്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അനുശോചിക്കുന്നു. പുറമേയ്ക്ക് നോക്കുമ്പോള്‍ ലളിതമെന്ന് തോന്നുന്ന മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ എത്രത്തോളം അപകടകരവും സാഹസികവുമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് മുകേഷിന്റെ വേര്‍പാട്. പ്രകൃതിക്ഷോഭം മുതല്‍ യുദ്ധം വരെ തൊട്ടടുത്ത് നിന്ന് റിപോര്‍ട്ട് ചെയ്യേണ്ടി വരുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. നിരന്തരം ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ ദുരിതം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം. വീഡിയോ ജേണലിസ്റ്റ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തന്റെ സര്‍ഗ പ്രതിഭ അടയാളപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകനെയാണ് 34ാം വയസ്സില്‍ നഷ്ടമായത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അതിജീവനത്തിനായി നിരന്തരം പോരാടേണ്ടി വരുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതകഥകള്‍ വരച്ചിട്ട 'അതിജീവനം' എന്ന കോളം മുകേഷിന്റെ ജീവിത ദര്‍ശനത്തിന്റെയും അടയാളപ്പെടുത്തല്‍ കൂടിയാണ്. തൊഴിലിനിടയില്‍ ജീവന്‍ നഷ്ടമായ മുകേഷ് കുടുംബത്തിന്റെ ഏക അത്താണി കൂടിയായിരുന്നു. ആയതിനാല്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

തിരുവനന്തപുരം: ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മാതൃഭൂമി ന്യൂസ് കാമറാമാന്‍ എവി മുകേഷിന്റെ നിര്യാണത്തില്‍ കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍(കെഎന്‍ഇഎഫ്) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അതിജീവനമെന്ന പംക്തിയിലൂടെ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിക്കുന്നതിന് പ്രയത്‌നിച്ച വ്യക്തിയായിരുന്നു മുകേഷ്. സാഹസികത നിറഞ്ഞ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണാന്ത്യം ഉണ്ടായത്. അദ്ദേഹത്തിന്റെ വിയോഗം മാധ്യമരംഗത്തെ വലിയ നഷ്ടമാണെന്ന് കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോണ്‍സണും ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യുവും പറഞ്ഞു.

Next Story

RELATED STORIES

Share it