Latest News

തിരുവനന്തപുരത്തുള്ള മന്ത്രിക്ക് മലബാറിലെ അവസ്ഥ അറിയില്ലെന്ന് മുനീര്‍; കേരളത്തെയും ഇന്ത്യയെയും ഒന്നായി കാണുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണെന്ന് മന്ത്രി

മലപ്പുറം ജില്ലയില്‍ 2700 സീറ്റുകളുടെ കുറവുണ്ടാകും. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിയ്ക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു

തിരുവനന്തപുരത്തുള്ള മന്ത്രിക്ക് മലബാറിലെ അവസ്ഥ അറിയില്ലെന്ന് മുനീര്‍; കേരളത്തെയും ഇന്ത്യയെയും ഒന്നായി കാണുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണെന്ന് മന്ത്രി
X

തിരുവനന്തപുരം: തിരുവനന്തപുരത്തുള്ള മന്ത്രിക്ക് മലബാറിലെ വിദ്യാഭ്യാസ അവസ്ഥ അറിയില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീര്‍. നിയമസഭയില്‍ മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ ചര്‍ച്ചയിലാണ് എംകെ മുനീര്‍ ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഈ പരാമര്‍ശം മന്ത്രിയെ ചൊടിപ്പിച്ചു. കേരളത്തെയും ഇന്ത്യയെയും ഒന്നായി കാണുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ് താനെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടി തിരിച്ചടിച്ചത്.

സംസ്ഥാനത്ത് പ്ലസ് വണ്ണില്‍ 26481 സീറ്റുകള്‍ കുറവുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. ഈ കുറവ് പരിഹരിക്കും. മലബാര്‍ മേഖലയില്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ 28,160 സീറ്റുകള്‍ കൂടി ലഭ്യമാകും. മലബാര്‍ മേഖലയില്‍ 2021 എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായവര്‍ 2,24,312 .കഴിഞ്ഞ വര്‍ഷത്തെ ശരാശരി പ്രവേശനം എടുത്താന്‍ ഹയര്‍ സെക്കന്‍ഡിയില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം 1,65,477.

ഒരു ഡിവിഷനില്‍ 50 കുട്ടികള്‍ എന്ന കണക്കില്‍ നിലവില്‍ മലബാര്‍ മേഖലയില്‍ ആകെ 1,40,800 സീറ്റുകളുണ്ട്. 20 ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തുമ്പോള്‍ പുതുതായി 28,160 സീറ്റുകള്‍ കൂടും. അങ്ങനെ ആകെ 1,68,960 സീറ്റുകള്‍. മാര്‍ജിനല്‍ വര്‍ദ്ധനവ് വരുത്തി കഴിയുമ്പോള്‍ മലപ്പുറം ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും ഗവണ്‍മെന്റ് എയിഡഡ് സീറ്റുകള്‍ തന്നെ ആവശ്യത്തിനുണ്ട്. മലപ്പുറം ജില്ലയില്‍ 2700 സീറ്റുകളുടെ കുറവുണ്ടാകും. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി. വിജയിച്ചവരില്‍ നിന്നും 1816 കുറവു കുട്ടികളാണ് ഇക്കൊല്ലം മലപ്പുറം ജില്ലയില്‍ വിജയിച്ചത്. മാത്രവുമല്ല അണ്‍ എയിഡഡ് മേഖലയില്‍ 11,275 മലപ്പുറം ജില്ലയില്‍ ലഭ്യമാണ്.

എന്നാല്‍, മന്ത്രി പറഞ്ഞ കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി അവതരിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് അവസര നഷ്ടമുണ്ടാകുമെന്നും എംകെ മുനീര്‍ പറഞ്ഞു.

അതേസമയം, പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ച് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തേയും ഓപ്ഷനുകളേയും അടിസ്ഥാനപ്പെടുത്തി മലപ്പുറം ജില്ലയിലെ സ്ഥിതി പരിശോധിയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് മതിയായ സീറ്റുകളുണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പഠനാവസരം നഷ്ടമാവുകയാണ്. ഒന്നും രണ്ടും അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ മറ്റു വിദ്യാര്‍ഥികള്‍ക്കായി ആകാശത്ത് നിന്ന് സീറ്റു കൊണ്ടുവരുമോ എന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു.

Next Story

RELATED STORIES

Share it