Latest News

ഐ എസ് വാര്‍ത്തയില്‍ തെറ്റായി പടം നല്‍കിയത് വലിയ സാമൂഹ്യദ്രോഹം: എം എം അക്ബര്‍

ഇസ്‌ലാമികപ്രബോധനരംഗത്ത് സജീവമായ ഒരാളുടെ ഫോട്ടോ ഐ എസ് ഭീകരതയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കാന്‍ ലഭിച്ച അവസരം ഇസ്‌ലാം ഭീതി വളര്‍ത്താന്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്

ഐ എസ് വാര്‍ത്തയില്‍ തെറ്റായി പടം നല്‍കിയത് വലിയ സാമൂഹ്യദ്രോഹം: എം എം അക്ബര്‍
X

കോഴിക്കോട്: അഫ്ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ചവരെ തിരികെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല' എന്ന തലക്കെട്ടില്‍ 24 ന്യൂസ് സൈറ്റില്‍ വന്ന വാര്‍ത്തയോടൊപ്പം തന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ സാമൂഹ്യദ്രോഹമാണെന്ന് ഇസ്‌ലാമിക പ്രഭാഷകന്‍ എം എം അക്ബര്‍. യാതൊരു ബന്ധവുമില്ലാത്ത വിഷയത്തെക്കുറിച്ച വാര്‍ത്തയില്‍ തന്റെ ഫോട്ടോ അച്ചടിക്കുക വഴി ചാനല്‍ ചെയ്തിരിക്കുന്നത് വലിയ സാമൂഹ്യദ്രോഹമാണെന്നും വ്യക്തിപരമായി ഉണ്ടായ മാനഹാനിയും പ്രയാസവും വളരെ വലുതാണെന്നും എം എം അക്ബര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

അബദ്ധം മനസ്സിലായ ഉടനെത്തന്നെ ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് ഫോട്ടോ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അതിനു മുന്‍പ് ലക്ഷങ്ങളിലേക്ക് ഈ വാര്‍ത്ത എത്തിക്കഴിഞ്ഞിട്ടുണ്ടായിരുന്നുവെന്ന സത്യം ചാനലുകാര്‍ മനസ്സിലാക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന ഫോട്ടോയടക്കമുള്ള വാര്‍ത്ത സ്‌ക്രീന്‍ഷോട്ട് എടുത്ത് ഇപ്പോഴും സോഷ്യല്‍ മീഡിയ വഴി തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമികപ്രബോധനരംഗത്ത് സജീവമായ ഒരാളുടെ ഫോട്ടോ ഐ എസ് ഭീകരതയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കാന്‍ ലഭിച്ച അവസരം ഇസ്‌ലാം ഭീതി വളര്‍ത്താന്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. 24 ന്യൂസിനെപ്പോലെയുള്ള ഒരു ചാനലില്‍ നിന്ന് ഇത്തരം നിരുത്തരവാദപരമായ നടപടി ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ചാനലിനെതിരെ നിയമനടപടികളെടുക്കണമെന്നാണ് പല സുഹൃത്തുക്കളും നിര്‍ദേശിച്ചത്. അബദ്ധം മനസ്സിലായ ഉടനെ തിരുത്താന്‍ ചാനല്‍ സന്നദ്ധമായത് അവര്‍ക്ക് സംഭവിച്ചത് അബദ്ധമാണെന്നാണ് വ്യക്തമാക്കുന്നത്. അവര്‍ തന്നെ ഖേദപ്രകടനം നടത്താന്‍ സന്നദ്ധമാവുകയും ചെയ്തിട്ടുണ്ട്. ചാനലിന്റെ ഉത്തരവാദപ്പെട്ടവര്‍ വ്യക്തിപരമായി വിളിച്ച് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ബോധപൂര്‍വ്വമല്ലാതെ സംഭവിച്ച ഒരു അബദ്ധത്തിന്റെ പേരില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എം എം അക്ബര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it