Latest News

'പുരുഷന്മാര്‍ക്കും ആത്മാഭിമാനം ഉണ്ട്'; പിതാവിന്റെ പേരുമാറ്റത്തില്‍ നിര്‍ദേശവുമായി ഹൈക്കോടതി

പുരുഷന്മാര്‍ക്കും ആത്മാഭിമാനം ഉണ്ട്; പിതാവിന്റെ പേരുമാറ്റത്തില്‍ നിര്‍ദേശവുമായി ഹൈക്കോടതി
X

കൊച്ചി: അന്തസ്സും ആത്മാഭിമാനവും സ്ത്രീകളുടെ മാത്രം അവകാശമല്ല, പുരുഷന്മാര്‍ക്കും അതുപോലെ തന്നെ ബാധകമാണെന്ന് ഹൈക്കോടതി. രണ്ടാമത്തെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ പേര് നീക്കാന്‍ അനുമതി തേടി ഭാര്യയും രണ്ടാം ഭര്‍ത്താവും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. വിവാഹേതര ബന്ധത്തില്‍ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരുമാറ്റം ആവശ്യപ്പെട്ട ഹരജി പരിഗണിച്ച കോടതി, പുരുഷന്റെ അന്തസ്സ് അനാവശ്യമായി ഹനിക്കപ്പെടുമ്പോള്‍ സമൂഹവും അവനൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, കുട്ടിയുടെ ഭാവിയും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

ജനന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് തിരുത്തണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമാണ് ഹരജി നല്‍കിയത്. പിതാവിന്റെ പേര് തിരുത്തിയില്ലെങ്കില്‍ ആറുവയസുകാരിയായ കുട്ടിയെ തുടര്‍പഠനത്തിന് അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതായാണ് ഹരജിക്കാരുടെ വാദം.

ആദ്യ ഭര്‍ത്താവ് ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതിനിടെ ഹരജിക്കാരി മറ്റൊരാളുമായി ബന്ധത്തിലാവുകയും അതില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തതായി കേസ് വിവരങ്ങളില്‍ പറയുന്നു. തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും ഭാര്യയെയും കുട്ടികളെയും ആദ്യ ഭര്‍ത്താവ് സംരക്ഷിച്ചുവരികയായിരുന്നു. പിന്നീട് ഹരജിക്കാരി ഇളയ മകളുമായി വീട്ടുവിട്ടുപോയി വിവാഹമോചനം തേടുകയായിരുന്നു. ഭാര്യയുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും ആറുവര്‍ഷത്തോളം കുടുംബത്തെ സംരക്ഷിച്ച ആദ്യ ഭര്‍ത്താവ് ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് തന്റെ പേര് നീക്കണമെന്നാവശ്യപ്പെടാതെ മാന്യത പുലര്‍ത്തിയതായി കോടതി ചൂണ്ടിക്കാട്ടി. പിതൃത്വ തര്‍ക്കം കുഞ്ഞിന് ദോഷമാകാതിരിക്കാനാണ് അദ്ദേഹം മൗനം പാലിച്ചതെന്നും നിരീക്ഷിച്ചു. വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരാളോടൊപ്പം ജീവിച്ചതും, മൈനറായ കുട്ടിയുടെ തിരിച്ചറിയല്‍ വെളിപ്പെടുത്തുന്ന രീതിയില്‍ ഹരജി സമര്‍പ്പിച്ചതും നിയമപരമായും ധാര്‍മികമായും ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ ഹരജിക്കാരുടെ വാദത്തില്‍ വിശ്വാസ്യത കുറവാണെന്ന് കോടതി വിലയിരുത്തി.

കുഞ്ഞിന്റെ പിതാവ് മറ്റൊരാളാണെന്ന് എങ്ങനെയാണ് സ്‌ക്കൂള്‍ അധികൃതര്‍ അറിഞ്ഞതെന്നും കോടതി ചോദിച്ചു. എങ്കിലും, കുട്ടിയുടെ ഭാവി മുന്‍നിര്‍ത്തിയും ആദ്യ ഭര്‍ത്താവ് പുലര്‍ത്തിയ മാന്യത പരിഗണിച്ചും, പിതാവിന്റെ പേരുമാറ്റം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. അത്തരം അപേക്ഷ ലഭിച്ചാല്‍ 30 ദിവസത്തിനകം നിയമാനുസൃതമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it