Latest News

സിബിഐ ഉദ്യോഗസ്ഥനായി നടിച്ച് വീട്ടമ്മയില്‍ നിന്ന് എട്ടു ലക്ഷം രൂപ കവര്‍ന്നു; യുവാവ് അറസ്റ്റില്‍

സിബിഐ ഉദ്യോഗസ്ഥനായി നടിച്ച് വീട്ടമ്മയില്‍ നിന്ന് എട്ടു ലക്ഷം രൂപ കവര്‍ന്നു; യുവാവ് അറസ്റ്റില്‍
X

കാഞ്ഞങ്ങാട്: സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായി നടിച്ച് ഇരിങ്ങാലക്കുട സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശി ഫര്‍ഷാദ് (24)നെയാണ് മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തത്.വീട്ടമ്മയെ ഫോണില്‍ ബന്ധപ്പെട്ട് മുംബൈ പോലിസിലെ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. പരാതിക്കാരിയുടെ അധാര്‍ കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പണം ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണം വെരിഫിക്കേഷന്‍ നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകള്‍ മുഖേന എട്ടു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. തട്ടിപ്പ് പണത്തില്‍ നിന്ന് 4,90,000 രൂപ ഫര്‍ഷാദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി പോലിസ് കണ്ടെത്തി. കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനിലെത്തിച്ചു. ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി, എസ്‌ഐ എം എ മുഹമ്മദ് റാഷി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ എം ആര്‍ രഞ്ജിത്ത്, സിവില്‍ പോലിസ് ഓഫീസര്‍മാരായ എം എം സാബു, മുരളികൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it