Latest News

മഹാരാഷ്ട്രയിലെ നിരവധി സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പൂജ്യമെന്ന് റിപോർട്ട്

മഹാരാഷ്ട്രയിലെ നിരവധി സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പൂജ്യമെന്ന് റിപോർട്ട്
X

മുംബൈ: 2025–26 അധ്യയന വർഷത്തെ കണക്കുകൾ പ്രകാരം മുംബൈയില സ്‌കൂളുകൾ ഉൾപ്പെടെ മഹാരാഷ്ട്രയിലുടനീളമുള്ള 394 സ്‌കൂളുകളിൽ വിദ്യാർഥികളില്ലെന്ന് യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ (യുഡിഐസിഇ പ്ലസ്) റിപോർട്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ തന്നെ ആശങ്കയിലാഴ്ത്തുന്ന റിപോർട്ടാണ് പുറത്തു വന്നത്.

ഈ കണക്കുകൾ ഉണ്ടായിരുന്നിട്ടും, മഹാരാഷ്ട്രയിലെ മൊത്തം വിദ്യാർഥികളുടെ പ്രവേശനം മുൻ വർഷത്തെ അപേക്ഷിച്ച് വർധിച്ചതായും റിപോർട്ടുണ്ട്. അതിനാൽ തന്നെ കുട്ടികൾ ഇല്ലെന്ന് കാണിക്കുന്ന സ്കൂളുകളുടെ അവസ്ഥ പരിശോധിക്കാൻ വിദ്യാഭ്യാസ കമ്മീഷണർ സുചന്ദ്ര പ്രതാപ് സിംഗ് ജില്ലാതല അന്വേഷണത്തിന് ഉത്തരവിട്ടു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബർ 30-നകം സംസ്ഥാനത്തുടനീളമുള്ള 1,08,396 സ്കൂളുകളോട് യുഡിഐസിഇ പോർട്ടലിൽ വിദ്യാർഥികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു. ആ തീയതി വരെ, 394 സ്കൂളുകളിൽ ആരും രജിസ്റ്റർ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള ഏറ്റവും കൂടുതൽ സ്കൂളുകൾ പൂനെയിലാണ് (37), തുടർന്ന് രത്നഗിരിയിൽ 24, നാഗ്പൂരിൽ 23, നന്ദേഡിൽ16 എന്നിങ്ങനെയാണ് കണക്കുകൾ. മുംബൈയിൽ ചിലയിടത്ത് സ്കൂളുകളിൽ കുട്ടികൾ പൂജ്യം എന്നാണ് ചില കണക്കുകൾ കാണിക്കുന്നത്.

7,946 സ്കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ കുട്ടികൾ മാത്രമേ ചേർന്നിട്ടുള്ളൂ എന്നും റിപോർട്ട് എടുത്തുകാണിക്കുന്നു. സംസ്ഥാനത്ത് 11 നും 100 നും ഇടയിൽ വിദ്യാർഥികളുള്ള 52,573 സ്കൂളുകളുണ്ട്, അവയിൽ ഏറ്റവും കൂടുതൽ എണ്ണം അഹമ്മദ്‌നഗർ, പൂനെ, നാസിക് എന്നിവിടങ്ങളിലാണ്.

വിദ്യാർഥികളില്ലാത്ത സ്കൂളുകൾ നേരിട്ട് സന്ദർശിക്കാൻ വിദ്യാഭ്യാസ കമ്മീഷണർ സിംഗ് പ്രാദേശിക വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. "ഈ സ്കൂളുകൾ യഥാർഥത്തിൽ അടച്ചിട്ടുണ്ടോ അതോ ഡാറ്റ അപൂർണ്ണമാണോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കണം. ഒന്ന് മുതൽ പത്ത് വരെ വിദ്യാർഥികളുള്ള സ്കൂളുകളുടെ ഫലങ്ങളും അവസ്ഥയും പഠനത്തിലാണ്. ഭാവി തീരുമാനങ്ങൾ ഈ അവലോകനത്തെ ആശ്രയിച്ചിരിക്കും," കമ്മീഷണറുടെ സർക്കുലറിൽ പറയുന്നു.

Next Story

RELATED STORIES

Share it