Latest News

ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് കുവൈത്ത് പ്രധാനമന്ത്രിയായി ചുമതലയേറ്റു

ഇന്ന് രാവിലെ അമീരി ഉത്തരവിലൂടെയാണു ഷൈഖ് സബാഹ് അല്‍ ഖാലിദിനെ അമീര്‍ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്.

ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് കുവൈത്ത് പ്രധാനമന്ത്രിയായി ചുമതലയേറ്റു
X

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാന മന്ത്രിയായി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിനു മുന്നില്‍ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ അമീരി ഉത്തരവിലൂടെയാണു ഷൈഖ് സബാഹ് അല്‍ ഖാലിദിനെ അമീര്‍ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്. ഈ മാസം 14 നു ഷൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അമീറിനു രാജി സമര്‍പ്പിച്ചിരുന്നു. മന്ത്രിസഭ രാജി സമര്‍പ്പിച്ച ശേഷം പ്രധാന മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരേ പ്രതിരോധമന്ത്രിയും അമീറിന്റെ പുത്രനുമായ ഷൈഖ് നാസര്‍ സബാഹ് അല്‍ അഹമദ് ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശവും ഇതിനു ആഭ്യന്തര മന്ത്രി നല്‍കിയ മറുപടിയും കുവൈത്ത് രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. ഇതേതുടര്‍ന്ന് കാവല്‍ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയേയും പ്രതിരോധ മന്ത്രിയേയും സ്ഥാനത്ത് നീക്കി കൊണ്ടും ഷൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ സബാഹിനെ വീണ്ടും പ്രധാന മന്ത്രിയായി നിയമിച്ചു കൊണ്ടും ഇന്നലെ അമീര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പദവി ഏറ്റെടുക്കാന്‍ അദ്ദേഹം ക്ഷമാപണത്തോടെ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന്, ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിലാണു കാവല്‍ മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രിയും 2011 മുതല്‍ വിദേശകാര്യ മന്ത്രിയുമായ ഷൈഖ് സബാഹ് അല്‍ ഖാലിദിനെ അമീര്‍ പ്രധാന മന്ത്രിയായി നിയമിച്ചത്. രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തിലെ 35ാമത്തെ പുതിയ സര്‍ക്കാരാണ് ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്നത്. സ്വതന്ത്ര കുവൈത്തിന്റെ ചരിത്രത്തില്‍ ഈ പദവിയില്‍ എത്തുന്ന എട്ടാമത്തെ വ്യക്തിയാണ് ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്.

1953ല്‍ കുവൈത്തില്‍ ജനിച്ച ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് 1977ല്‍ കുവൈത്ത് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. 1978ല്‍ നയതന്ത്ര അറ്റാച്ചിയായി വിദേശകാര്യ മന്ത്രാലയത്തില്‍ ചേര്‍ന്ന അദ്ദേഹം 1978 മുതല്‍ 1983 വരെ പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറബ് അഫയേഴ്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും 1983നും 1989നും ഇടയില്‍ ന്യൂയോര്‍ക്കിലെ യുഎന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി സംഘത്തില്‍ ചേരുകയും ചെയ്തു.

1995 മുതല്‍ 1998 വരെ ഇദ്ദേഹം കുവൈത്തിന്റെ സൗദി അറേബ്യയിലെ അംബാസഡറായും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ (ഒഐസി) പ്രതിനിധിയായും സേവനമനുഷ്ഠിച്ചു.

1998ല്‍ അദ്ദേഹത്തെ കേബിനറ്റ് പദവിയില്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ തലവനായി നിയമിക്കുകയും ചെയ്തിരുന്നു. 2006 ജൂലൈയിലും 2007 മാര്‍ച്ചിലും സാമൂഹ്യകാര്യ, തൊഴില്‍ മന്ത്രിയായി നിയമിക്കപ്പെടുകയും 2008 മെയ്, 2009 ജനുവരി മാസങ്ങളില്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായി നിയമിക്കുകയും ചെയ്തു. 2011 ലാണു ഷെയ്ഖ് സബ അല്‍ ഖാലിദ് വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്2012 ഫെബ്രുവരിയില്‍ വിദേശകാര്യ മന്ത്രി പദവിയോടൊപ്പം ഉപ പ്രധാന മന്ത്രിയായും അദ്ദേഹത്തിനു സ്ഥാനകയറ്റം നല്‍കി. 2012 ഡിസംബറില്‍ അധികാരമേറ്റ പുതിയ മന്ത്രി സഭയിലും അദ്ദേഹത്തെ വീണ്ടും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി നിയമിച്ചു.

2014 ജനുവരിയില്‍ വിദേശ കാര്യ മന്ത്രി പദവി നില നിര്‍ത്തികൊണ്ട് ആദ്യ ഉപപ്രധാനമന്ത്രിയായും നിയമിച്ചു. 2016 ഡിസംബറില്‍ നടപ്പ് പാര്‍ലമന്റ് നിലവില്‍ വന്ന ശേഷം അദ്ദേഹത്തെ അതേ വകുപ്പിലേക്ക് വീണ്ടും നിയമിക്കുകയും 2017 ഡിസംബറില്‍ അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി നിയമിക്കുകയും ചെയ്തു. അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ സഹോദരീ പുത്രനാണു ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്. പുതിയ മന്ത്രി സഭയിലെ അംഗങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ അമീര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുണ്ട്.

Next Story

RELATED STORIES

Share it