Latest News

കുവൈത്ത് ദുരന്തം; മൃതദേഹങ്ങള്‍ വഹിച്ചുള്ള വിമാനം കൊച്ചിയിലെത്തി

കുവൈത്ത് ദുരന്തം; മൃതദേഹങ്ങള്‍ വഹിച്ചുള്ള വിമാനം കൊച്ചിയിലെത്തി
X

കൊച്ചി: മംഗഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ്‌ െചെയ്തു. രാവിലെ 10.40 ഓടെയാണ് വിമാനം എത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ സമയം രാവിലെ ആറരയോടെയാണ് വിമാനം കുവൈത്തില്‍നിന്ന് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങും വിമാനത്തിലുണ്ട്. 45 ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. 23 മലയാളികളുടെ മൃതദേഹമാണു കൊച്ചിയില്‍ എത്തിക്കുക. ആകെ 24 മലയാളികളാണ് മരിച്ചത്. ഇതില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വര്‍ഷങ്ങളായി മുംബൈയിലാണു താമസം. ഇദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങ് മുംബൈയിലാണ്. കൊച്ചിയില്‍നിന്നു പ്രത്യേകം ആംബുലന്‍സുകളില്‍ മൃതദേഹം വീടുകളിലെത്തിക്കും. തമിഴ്നാട് സ്വദേശികളുടെ മൃതദേഹവും കൊച്ചിയില്‍ കൈമാറും. 7 തമിഴ്‌നാട്ടുകാരാണു തീപിടിത്തത്തില്‍ മരിച്ചത്. പിന്നീട് വിമാനം ഡല്‍ഹിയിലേക്കു തിരിക്കും.

എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലായിരുന്നു ബുധനാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. അപകടത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ 46 പേരും ഇന്ത്യക്കാരാണ്. 3 പേര്‍ ഫിലിപ്പീന്‍സില്‍നിന്നുള്ളവരാണ്. പരുക്കേറ്റ 28 പേരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ 5 മലയാളികള്‍ അപകടനില തരണം ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രവാസി വ്യവസായികളും ഉള്‍പ്പെടെ മരിച്ചവരുടെ കുടുംബത്തിന് 22 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ കുവൈത്ത് സര്‍ക്കാരും സഹായം നല്‍കും.



Next Story

RELATED STORIES

Share it