Latest News

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ ആദ്യഘട്ട മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ ആദ്യഘട്ട മുന്നറിയിപ്പ്
X

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, മലപ്പുറം, കാസര്‍കോട് ജില്ലകളിലും 19ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 20ന് ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും, മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയായുള്ള ന്യൂനമര്‍ദ്ദ പാത്തിയുമാണ് കാലവര്‍ഷം ശക്തമായി തുടരാന്‍ കാരണം. ന്യൂനമര്‍ദങ്ങള്‍ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ മഴ കുറഞ്ഞേക്കും.

കേരളാ തീരത്ത് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിന് തടസ്സമില്ല. എന്നാല്‍, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.50 അടി പിന്നിട്ടതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 136 അടിയിലേക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.

നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാം. അപ്പര്‍ റൂള്‍ കര്‍വിനോട് അടുത്താല്‍ സ്പില്‍വേ ഷട്ടര്‍ തുറന്നേക്കും. സെക്കന്റില്‍ 4021 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1,867 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോവുന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു.

Next Story

RELATED STORIES

Share it