Latest News

കെ റയില്‍ പദ്ധതി കേരളത്തെ തകര്‍ക്കും: വി ടി ബല്‍റാം

കെ റയില്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് നടന്നു:

കെ റയില്‍ പദ്ധതി കേരളത്തെ തകര്‍ക്കും: വി ടി ബല്‍റാം
X

തിരൂര്‍: കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കുമെന്ന് വി ടി ബല്‍റാം അഭിപ്രായപ്പെട്ടു. കെ റയില്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ല കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി നടത്തിയ തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ കടക്കെണിയിലേക്കാണ് ഈ പദ്ധതി കേരളത്തെ കൊണ്ടുപോകുന്നത്. കേരളത്തിലെ എല്ലാ ക്ഷേമപദ്ധതികളും ഇതോടെ ഇല്ലാതാകും. പാരിസ്ഥിതിക ദുരന്തങ്ങളുടെ നാടായി കേരളം മാറും. വരുന്ന തലമുറകള്‍ക്കു പോലും ജീവിക്കുവാനാകാത്ത സാഹചര്യം കെ റയില്‍ വരുന്നതോടെ ഉണ്ടാവും. അതിനാല്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും കെ റയിലെനെതിരേ സമരരംഗത്ത് വരേണ്ടതാണ് വി ടി ബല്‍റാം അഭിപ്രായപ്പെട്ടു.

കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് രാജീവന്‍ മുഖ്യപ്രസംഗം നടത്തി. അടിമുടി ദുരൂഹത നിറഞ്ഞ പദ്ധതിയാണ് കെ റയിലെന്ന് എസ് രാജീവന്‍ അഭിപ്രായപ്പെട്ടു. കെ റയില്‍ പദ്ധതി അപ്രായോഗികമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുകയാണ്. ഈ പദ്ധതികൊണ്ട് ലാഭമല്ല, ഭീകരമായ നഷ്ടങ്ങളും ദുരന്തങ്ങളുമാണ് ഉണ്ടാകുവാന്‍ പോകുന്നത്. അതുകൊണ്ടാണ് ഡിപിആര്‍ പോലും പ്രസിദ്ധീകരിക്കാത്തത്. കെ റയിലിനെ സംബന്ധിച്ച് പുറത്തു വരുന്ന രേഖകളും ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്ന വിവരങ്ങളുമെല്ലാം ഈ പദ്ധതിയുടെ ദുരന്തഫലങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുകയാണ്. അതുകൊണ്ടാണ് അവാസ്തവമായ വിവരങ്ങള്‍ മാത്രം പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിനാശകരമായ ഈ പദ്ധതിയെ ജനങ്ങള്‍ പൊരുതിത്തോല്‍പ്പിക്കുമെന്നും സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍ പറഞ്ഞു.

ജനകീയ സമിതി ജില്ലാ ചെയര്‍മാന്‍ അഡ്വ. അബൂബക്കര്‍ ചെങ്ങോട് അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ (മുസ്ലിം ലീഗ്), നൂറുല്‍ഹക്ക് (എസ്ഡിപിഐ), മോഹനന്‍ (ബിജെപി), ഗണേഷ് വടേരി (വെല്‍ഫയര്‍ പാര്‍ട്ടി), ടി കെ സുധീര്‍ കുമാര്‍ (ദേശീയ പാത ആക്ഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ കണ്‍വീനര്‍), കെ എം ബീവി (എസ്‌യുസിഐ കമ്മ്യൂണിസ്റ്റ്), പി കെ പ്രഭാഷ് (ജില്ലാ ജനറല്‍ കണ്‍വീനര്‍, കെ റയില്‍ വിരുദ്ധ ജനകീയ സമിതി), മന്‍സൂര്‍ അലി (കണ്‍വീനര്‍, കെ റയില്‍ വിരുദ്ധ ജനകീയ സമിതി) സംസാരിച്ചു. താഴെപ്പാലം ബൈപ്പാസിന് സമീപത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് അബ്ദുള്‍ കരീം, സക്കറിയ പല്ലാര്‍, മുഹമ്മദലി മുളക്കല്‍, കുഞ്ഞാവ ഹാജി, ഹുസൈന്‍ കവിത, ബാബു മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it