Latest News

ജയലക്ഷ്മിയൊ ഉഷാ വിജയനോ..? മാനന്തവാടിയില്‍ ചര്‍ച്ച സജീവം

ജയലക്ഷ്മിയൊ ഉഷാ വിജയനോ..? മാനന്തവാടിയില്‍ ചര്‍ച്ച സജീവം
X

പി സി അബ്ദുല്ല

കല്‍പ്പറ്റ: മുന്‍ മന്ത്രി പികെ ജയലക്ഷ്മി യുഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ ശക്തമായ ചരടുവലികള്‍ നടത്തുന്നതിനിടെ മാനന്തവാടി പട്ടിക വര്‍ഗ സംവരണ മണ്ഡലത്തില്‍ ആദിവാസി കോണ്‍ഗ്രസ് നേതാവ് ഉഷാ വിജയന്റെ പേരും സജീവ പരിഗണനയില്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യതയും പ്രവര്‍ത്തന മികവും പൊതുസ്വീകാര്യതയും മുഖ്യ മാനദണ്ഡമാക്കണമെന്ന എഐസിസിയുടെ നിര്‍ദേശമാണ് പി കെ ജയലക്ഷ്മിയുടെ ഏകപക്ഷീയ നീക്കങ്ങള്‍ക്ക് വെല്ലുവിളിയായത്.

കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായ ആര്‍എസ്എസ് ബന്ധ ആരോപണങ്ങളടക്കം ജയലക്ഷ്മിക്കെതിരായ ഘടകങ്ങള്‍ അതേപോലെ നിലനില്‍കുന്നു എന്നാണ് പാര്‍ട്ടിയിലെ തന്നെ ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രവര്‍ത്തന പാരമ്പര്യം ഏറെയില്ലാത്ത ജയലക്ഷ്മിയെ എഐസിസി അംഗമായും കെപിസിസി ജനറല്‍ സെക്രട്ടറിയായും നിയമിച്ചതിലെ അതൃപ്തി പാര്‍ട്ടിയില്‍ ഇനിയും കെട്ടടങ്ങിയിട്ടുമില്ല.

ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ മന്ത്രി സ്ഥാനം ലഭിച്ച ജയലക്ഷ്മി, എംഎല്‍എ മുഖാന്തിരമുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ വിവേചനവും മന്ത്രിയെന്ന നിലയിലുള്ള ഇടപെടലുകളില്‍ പക്ഷപാതവും കാണിച്ചു എന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിലുയര്‍ന്ന ആരോപണം. ഇതിനു പുറെമെ, ആര്‍എസ്എസ് ബന്ധവും ആരോപിക്കപ്പെട്ടതോടെ പരമ്പരാഗത വോട്ടുബാങ്കില്‍ അവര്‍ക്കെതിരെ അടിയൊഴുക്ക് സംഭവിച്ചു. കോണ്‍ഗ്രസിലെ ചില യുവനേതാക്കള്‍ തന്നെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒ ആര്‍ കേളു എംഎല്‍എ (സിപിഎം) വികസന മുന്നേറ്റം കാഴ്ചവച്ചു എന്നവകാശപ്പെടുന്ന മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കണമെങ്കില്‍ പ്രവര്‍ത്തന മികവും പൊതുസ്വീകാര്യതയുമുള്ള സ്ഥാനാര്‍ഥിയെത്തന്നെ രംഗത്തിറക്കണമെന്നാണ് യുഡിഎഫിലെ പൊതുവികാരം. ആ നിലയിലാണ് ജയലക്ഷ്മിക്കൊപ്പം ഉഷാ വിജയന്റെ പേര് ചര്‍ച്ചകളില്‍ ഇടം നേടിയത്. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ഉഷാ വിജയന്‍ നേരത്തെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം എടവക ഗ്രാമപഞ്ചായത്ത പ്രസിഡന്റായിരുന്ന ഉഷാ വിജയന്‍ ഒന്നര പതിറ്റാണ്ടായി തുടര്‍ച്ചയായി എടവക ഗ്രാമ പഞ്ചായത്ത് അംഗമാണ്. ജില്ലാ പഞ്ചായത്തിലും ഗ്രാമ പഞ്ചായത്തിലും ഭരണമികവിനുള്ള ദേശീയ പുരസ്‌കാരങ്ങളടക്കം ലഭിച്ചു.

2011ല്‍ തവിഞ്ഞാല്‍ പഞ്ചായത്ത് അംഗമായിരിക്കെയാണ് പികെ ജയലക്ഷ്മിക്ക് മല്‍സരിക്കാന്‍ നറുക്ക് വീണത്. രാഹുല്‍ ഗാന്ധിയുടെ പരിഗണനയില്‍ സ്ഥാനാര്‍ഥിയായി വിജയിച്ചു. ആ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ ഏക വനിതാ സാമാജികയായ ജയലക്ഷ്മിക്ക് നിനച്ചിരിക്കാതെ മന്ത്രി സ്ഥാനവും ലഭിച്ചു.

എന്നാല്‍, 2016 ല്‍ ഒ ആര്‍ കേളുവിനോട് പരാജയപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന വര്‍ഷമായിരുന്നു അവരുടെ വിവാഹം. വയനാട്ടിലെ അറിയപ്പെടുന്ന സംഘപരിവാര്‍ കുടുംബത്തില്‍ നിന്നുള്ള ആര്‍എസ്എസുകാരനാണ് ഭര്‍ത്താവ്.

Next Story

RELATED STORIES

Share it